താരസംഘടനയായ അമ്മയില്‍ അംഗമല്ലെന്ന് നടി ഭാവന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ഭാവന പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ സംഘടനയില്‍ നിന്ന് ആരും പിണങ്ങിയല്ല പോയതെന്നും പോയവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
ഇതാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി താരം മാറി. 159 വോട്ടുകളാണ് ശ്വേത മേനോന്‍ നേടിയത്. ശ്വേതയ്‌ക്കെതിരെ മത്സരിച്ച ദേവന്‍ നേടിയത് 132 വോട്ടുകളായിരുന്നു. കുക്കു പരമേശ്വരനാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാല്‍ ട്രഷററായും വിജയിച്ചു.
സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.