ഞാനൊരു സ്ത്രീ വിരുദ്ധനല്ല; തന്നെ അറിയുന്ന ഒരു സ്ത്രീയും അത് പറയില്ലെന്ന് വിനായകന്‍

ഞാനൊരു സ്ത്രീ വിരുദ്ധനല്ല; തന്നെ അറിയുന്ന ഒരു സ്ത്രീയും അത് പറയില്ലെന്ന് വിനായകന്‍

തെക്ക് വടക്കാണ് അവസാനമായി തിയേറ്ററിലെത്തിയ വിനായകന്റെ ചിത്രം
Published on


താനൊരു സ്ത്രീ വിരുദ്ധനല്ലെന്ന് നടന്‍ വിനായകന്‍. തന്നെ അറിയാവുന്ന ഒരു സ്ത്രീയും അത് പറയില്ല. ഒരുമിച്ച് അഭിനയിച്ച നടിമാര്‍ ഇനിയും തന്നോടൊപ്പം അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു. തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഞാനൊരു സ്ത്രീ വിരുദ്ധനല്ല. ഞാനുമായിട്ട് സംസാരിച്ചിട്ടുള്ള സ്ത്രീകളായാലും കൂടെ നടന്നിട്ടുള്ള സ്ത്രീകളായാലും എന്റെ കൂടെ ഡാന്‍സ് ചെയ്തിട്ടുള്ള സ്ത്രീകളായാലും അഭിനയിച്ച സ്ത്രീകളായാലും അങ്ങനെ പറയില്ല. എന്റെ കൂടെ അഭിനയിച്ച സ്ത്രീകള്‍ ചേട്ടാ ചേട്ടന്റെ അടുത്ത പടത്തില്‍ അഭിനയിക്കണമെന്ന് വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്ന് പറയാറുണ്ട്.' എന്നാണ് വിനായകന്‍ പറഞ്ഞത്.

അതോടൊപ്പം സ്ക്രിപ്റ്റ് കേള്‍ക്കാത്തതിനെ കുറിച്ചും താരം സംസാരിച്ചു. തന്റെ സിനിമ ജീവിതത്തില്‍ ഒരിക്കല്‍ പോലും സിനിമയുടെ തിരക്കഥ കേട്ടിട്ടില്ലെന്ന് വിനായകന്‍ പറഞ്ഞു. സിനിമാ ജീവിതം തീരുന്നതു വരെ ഒരു സ്‌ക്രിപ്റ്റും കേള്‍ക്കുകയില്ല. ആ നിയമം തന്റെ ആക്ടിങ് ബിസിനസില്‍ ഉണ്ടെന്നും സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് തന്റെ ഏരിയ അല്ലെന്നും വിനായകന്‍ കൂട്ടിച്ചേർത്തു.

തെക്ക് വടക്കാണ് അവസാനമായി തിയേറ്ററിലെത്തിയ വിനായകന്റെ ചിത്രം. ചിത്രം ഒക്ടോബര്‍ 4നാണ് തിയേറ്ററിലെത്തിയത്. പ്രേംശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമാണ്. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്കു ശേഷം എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രം കൂട്ടിയാണിത്.

News Malayalam 24x7
newsmalayalam.com