
ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നിലവില്‍ തന്റെ പുതിയ ചിത്രമായ ദേവയുടെ പ്രമോഷനിലാണ്. പ്രമോഷന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് തന്റെ സിനിമയെ കുറിച്ചും കബീര്‍ സിംഗിനെ കുറിച്ചും സംസാരിച്ചു. ആ സിനിമയില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഷാഹിദ് പറഞ്ഞത്.
'കബീര്‍ സിംഗില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ ഉള്ളില്‍ നിന്ന് ഒരു അഭിമാനം വരില്ലേ? നമ്മള്‍ എന്തോ ചെയ്തുവെന്ന തോന്നല്‍. എന്നെ സംബന്ധിച്ച് എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുള്ളതോ അല്ലെങ്കില്‍ േ്രഗ ഷെയിഡോ ഡാര്‍ക്ക് ഷെയിഡുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് ശരിക്കും സ്വപ്‌നം സാക്ഷാത്കരിച്ചത് പോലെയാണ്', എന്നാണ് ഷാഹിദ് പറഞ്ഞത്.
ചെറുപ്പം മുതല്‍ നല്ല നായകന്‍മാരെ കണ്ടാണ് താന്‍ വളര്‍ന്നിട്ടുള്ളത്. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്നും താരം പറഞ്ഞു. 'ഞാനൊരു കഥാപാത്രം ചെയ്യുന്നുണ്ടെങ്കില്‍ അയാളെ എനിക്ക് ഇഷ്ടപ്പെടണം എന്നില്ല. ആ കഥാപാത്രത്തെ ഞാന്‍ മനസിലാക്കിയാല്‍ മതി. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. ഇനി അവര്‍ക്ക് ഞാന്‍ ചെയ്ത കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ വിജയിച്ചു. കാരണം അവരെ അത്തരത്തില്‍ വെറുപ്പ് തോന്നിക്കാന്‍ എനിക്ക് എന്റെ പ്രകടനം കൊണ്ട് സാധിച്ചുവെന്നാണല്ലോ. അത് ഒരു നടന്‍ എന്ന നിലയില്‍ വലിയ കാര്യമാണ്', എന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.