കന്നഡ ഭാഷാ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്കൊപ്പം നിന്ന തമിഴ് മക്കളോട് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്.
''എന്നെ അകമഴിഞ്ഞ് പിന്തുണച്ച തമിഴ്മക്കള്‍ക്ക് നന്ദി'' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ കമല്‍ഹാസന്‍ പറഞ്ഞത്. എന്നാല്‍ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും പ്രതികരിക്കാതിരുന്ന അദ്ദേഹം തനിക്ക് ഒത്തിരി കാര്യങ്ങള്‍ ഇനിയും സംസാരിക്കാനുണ്ടെന്നും എന്നാല്‍ ഇതല്ല അതിനുള്ള വേദിയെന്നും പറഞ്ഞു. ഉറപ്പായും സംസാരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
'എനിക്കൊപ്പം നിന്നതിന് തമിഴ്‌നാടിന് നന്ദി പറയുന്നു. തഗ് ലൈഫിന് പുറമെ, ഒരു തമിഴന്‍ എന്ന നിലയില്‍ എനിക്ക് ഇനിയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്. അതെല്ലാം ഞാന്‍ പിന്നീട് പറയാം, ഇതല്ല അതിനുള്ള വേദി,' കമൽ ഹാസൻ പറഞ്ഞു.
കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്‌തെന്ന് വ്യക്തമായെങ്കില്‍ മാത്രമേ താന്‍ മാപ്പ് പറയൂ എന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
പൊതുജനവികാരത്തെ കൈയ്യടക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ 'ഞാന്‍ സംസാരിച്ചത് ഈ സാഹചര്യത്തിലാണ്, പക്ഷേ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറയണം' എന്നും കോടതി അറിയിപ്പ് നല്‍കിയിരുന്നു.
ഹൈക്കോടതി വിധിക്ക് പിന്നാലെ കമല്‍ ഹാസന്‍ കര്‍ണാടക ഫിലിം ചേമ്പറിന് കത്തെഴുതി. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് കമല്‍ഹാസന്‍ കത്തില്‍ വ്യക്തമാക്കി. കര്‍ണാടക ഭാഷയോടുള്ള തന്റെ സ്‌നേഹം ആത്മാര്‍ഥമാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.