
അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഐഡന്റിറ്റി. അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ ന്യൂസ് മലയാളവുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ പോള്‍. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയാണ് ഐഡന്റിറ്റി എന്നാണ് അഖില്‍ പറഞ്ഞത്.
ഐഡന്റിറ്റി മിസ്റ്ററി കലര്‍ന്ന ആക്ഷന്‍ ത്രില്ലര്‍
ഐഡന്റിറ്റി മൂന്ന് ഭാഗങ്ങളുള്ള സിനിമയായാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യത്തെ ഒരു വേള്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റും ആദ്യത്തെ പാര്‍ട്ടില്‍ നടക്കുന്ന കഥയുമാണ് ഐഡന്റിറ്റിയില്‍ ഉള്ളത്. ഒരു ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണിത്. അതിലൊരു മിസ്റ്ററി ട്രാക്കും പാരലലി പോകുന്നുണ്ട്. ഞാന്‍ മൂന്ന് സിനിമകളാണ് ഞാന്‍ ചെയ്തിരിക്കുന്നത്. എന്റെ ആദ്യ സിനിമ 7th day ആണ്. അതിന്റെ തിരക്കഥാകൃത്തായിരുന്നു ഞാന്‍. രണ്ടാമത്തെ സിനിമ ഫോറന്‍സിക്കായിരുന്നു. അത് ഞാനും എന്റെ സുഹൃത്ത് അനസ് ഖാനും ചേര്‍ന്നാണ് എഴുതി സംവിധാനം ചെയ്തത്. മൂന്നാമത്തെ സിനിമയാണ് ഐഡന്റിറ്റി. ആദ്യത്തെ രണ്ട് സിനിമകളിലും ടൊവിനോ ഉണ്ടായിരുന്നു. ടൊവിനോ ഒരു അടുത്ത സുഹൃത്താണ്. അപ്പോള്‍ നമ്മള്‍ കഥകള്‍ പറയുന്ന സമയത്ത് ഏറ്റവും ആദ്യം വരുന്നത് ടൊവിനോ ആണ്. അതുകൊണ്ട് മാത്രമല്ല ഈ സിനിമയുടെ കഥയില്‍ വേണ്ടത് കുറച്ച് സ്റ്റാര്‍ ഡ്രിവണും അതുപോലെ തന്നെ ഒരു മികച്ച നടനും ചെയ്യേണ്ട സിനിമയാണിത്. അത് സിനിമ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായും മനസിലാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തീര്‍ച്ചയായും ടൊവിനോ ആണ് അതിനുള്ള ഫസ്റ്റ് ഒപ്ക്ഷന്‍. അങ്ങനെ ടൊവിനോയിലേക്ക് എത്തുകയും ടൊവിനോ അത് ചെയ്യാന്‍ സമ്മതിക്കുന്നതിലൂടെ സിനിമ സംഭവിക്കുകയായിരുന്നു. 131 ദിവസമാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഷൂട്ട് നടന്ന ഒരു സിനിമയായിരുന്നു ഇത്.
ഹോളിവുഡ് കാന്‍വാസില്‍ ചെയ്യാന്‍ ശ്രമിച്ച സിനിമ
ടൊവിനോയുടെ കരിയറില്‍ തന്നെ അജയനും ഐഡന്റിറ്റിയുമായിരുന്നു ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയായി വന്നിരുന്നത്. അജയന്റെ രണ്ടാം മോഷണത്തിന് 3ഡി എന്ന പ്രത്യേകതയുണ്ട്. ഐഡന്റിറ്റിയെ സംബന്ധിച്ചെടുത്തോളം അങ്ങനെയൊരു സിനിമയല്ല. കുറച്ച് കൂടി ആക്ഷന്‍ ബ്ലോക്കുകളെല്ലാം ഉള്ള സിനിമയാണ്. ജവാന്റെയെല്ലാം ആക്ഷന്‍ ഡയറക്ടറായ യാനിക് ബെന്‍ ആണ് ഐഡന്റിറ്റിയുടെ ആക്ഷന്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ അങ്ങനെയൊരു കാന്‍വാസിലും ക്വാളിറ്റിയിലും സിനിമ ചെയ്യുമ്പോള്‍ ഇത് മലയാളത്തിലേക്ക് മാത്രം എന്നൊരു തീരുമാനം ഉണ്ടായിരുന്നില്ല. ബോളിവുഡ് - ഹോളിവുഡ് കാന്‍വാസില്‍ സിനിമ ചെയ്യാനാണ് നമ്മുടെ ഒരു മൊത്തം ടെക്‌നിക്കല്‍ ക്രൂ ശ്രമിച്ചിരിക്കുന്നത്. അപ്പോള്‍ മറ്റ് ഭാഷകളിലെ അഭിനേതാക്കള്‍ കൂടി ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നി. അതുകൊണ്ടാണ് തൃഷ, വിനയ് റായ്, മന്ദിര ബേഡി തുടങ്ങിയ താരങ്ങളെ അപ്രോച്ച് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നെ തൃഷ അവരുടെ കരിയറില്‍ ഒരു പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അവരെ അപ്രോച്ച് ചെയ്യുന്നത്. ലിയോ സിനിമയുടെ കാശ്മീര്‍ ഷെഡ്യൂളില്‍ അവര്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങള്‍ അവരെ അപ്രോച്ച് ചെയ്യുന്നത്. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം സിനിമയുടെ ഫുള്‍ സ്‌ക്രിപ്റ്റ് അവരോട് പറഞ്ഞു.
ടൊവിനോ ആക്ഷന്‍ ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ
സിനിമയില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യുന്ന സമയത്ത് ടൊവിനോയ്‌ക്കോ മറ്റ് ആര്‍ട്ടിസ്റ്റിനോ ഡ്യൂപ്പുകള്‍ ഉണ്ടായിരുന്നില്ല. സിനിമയില്‍ സാധാരണ ഉപയോഗിക്കുന്ന റോപ്പ് ഷോട്ടുകളോ സിജിയിലെ ഫേസ് റീപ്ലേസ്‌മെന്റുകള്‍ തുടങ്ങിയ ഗിമ്മിക്കുകള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. പിന്നെ ഹൈസ്പീഡ് ഷോട്ടുകളും ഈ സിനിമയില്‍ ഭയങ്കര കുറവാണ്. ബാക്കിയെല്ലാം റിയല്‍ ടൈം, റിയല്‍ സ്‌പേസില്‍ ഒറിജിനല്‍ ആക്ടര്‍ നേരിട്ട് പെര്‍ഫോം ചെയ്യണമെന്നുള്ളതായിരുന്നു അതിന്റെ ഒരു ബെയ്‌സിക് ഐഡിയ. പത്ത് ദിവസത്തോളം ക്ലൈമാക്‌സ് ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് മുമ്പുള്ള പത്ത് ദിവസം ടൊവിനോ കൃത്യമായി അത് പരിശീലിക്കേണ്ടി വന്നിരുന്നു. അങ്ങനെയായിരുന്ന ഐഡന്റിറ്റിയെ കണ്‍സീവ് ചെയ്തിട്ടുള്ളത്. അതാണ് ഞാന്‍ ആക്ഷനെ കുറിച്ച് പറയാന്‍ ഉദ്ദേശിച്ചത്. മറ്റ് സെഫ്റ്റി റിക്വയര്‍മെന്റ് ഇല്ലാതെ ആക്ടര്‍ ഒറിജിനലി ആക്ഷന്‍ ചെയ്യുക എന്നതാണല്ലോ ഹോളിവുഡിലൊക്കെ അവര്‍ ചെയ്യുന്നത്. അങ്ങനെയൊരു കാര്യം ഇവിടെയും ചെയ്യണമെന്ന് കരുതിയതാണ്.
സിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ക്ക് അടുത്ത ഭാഗങ്ങളില്‍ കൃത്യമായ തുടര്‍ച്ചയുണ്ട്
മൂന്ന് ഭാഗം എന്ന് പറയുമ്പോള്‍ പോലും ഐഡന്റിറ്റി തുടങ്ങി അവസാനിക്കുമ്പോള്‍ ആ സിനിമ പൂര്‍ണ്ണമായും അവസാനിക്കുന്നുണ്ട്. പക്ഷെ അവസാനത്തെ ഒരു 45 മിനിറ്റിലാണ് ആ സിനിമ നടക്കുന്ന പ്ലെയിന്‍ എന്താണെന്ന് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ആ പ്ലെയിനിലുള്ള ഒരു മേജര്‍ ഇന്‍സിഡന്റാണ് നമ്മള്‍ സിനിമയില്‍ കാണിക്കുന്നത്. അതൊരു വേള്‍ഡാണ്. അതൊരു കഥാപശ്ചാത്തലമാണ്. ആ കഥാപശ്ചാത്തലത്തിന്റെ തുടര്‍ച്ച തീര്‍ച്ചയായും അടുത്ത ഭാഗങ്ങളിലാണ് ഉണ്ടാവുകയും ചെയ്യുക. ഈ സിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ക്ക് അടുത്ത ഭാഗങ്ങളില്‍ കൃത്യമായ തുടര്‍ച്ചയുണ്ട്. അവരുടെ ഒരു യാത്ര സിനിമയിലൂടെ തുടരും.
കൊറോണ സമയത്ത് ആലോചിച്ച ബിഗ് കാന്‍വാസ് ചിത്രം
കൊറോണ സമയത്താണ് ഈ സിനിമയെ കുറിച്ച് ആലോചിക്കുന്നത്. ഫോറന്‍സിക് 2020ലായിരുന്നു. 2021ലാണ് ഞാനും അനസ് ഖാനും ഒരു സിനിമ ചെയ്യണമെന്ന തീരുമാനത്തിലെത്തുന്നത്. ആ സമയത്ത് മലയാള സിനിമയില്‍ ചെറിയ ബജറ്റില്‍ ചെറിയ സ്‌കെയിലില്‍ ഒരു സിങ്കിള്‍ ലൊക്കേഷനില്‍ നടക്കുന്ന സിനിമകളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായൊരു സിനിമ ആലോചിക്കാം എന്ന് ഞാനും അനസ് ഖാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെ നമുക്ക് ആലോചിക്കാവുന്ന ഏറ്റവും വലിയ കാന്‍വാസിലൊരു സിനിമ കൊറോണ സമയത്ത് ആലോചിച്ചതാണ് ഐഡന്റിറ്റി.
മൂന്ന് കഥാപാത്രങ്ങളുമായി കണക്ടഡാണ് ഐഡന്റിറ്റി എന്ന പേര്
മൂന്ന് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ടൊവിനോ, തൃഷ, വിനയ് റായ് എന്നിവരുടെ കഥാപാത്രങ്ങള്‍. ഇവര്‍ മൂന്ന് പേരും ഒരുമിച്ചുള്ള ഒരു തീമിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഇക്വലി കണക്ടഡാണ് ഐഡന്റിറ്റി എന്ന് പറയുന്ന ടൈറ്റില്‍. അത് മൂന്ന് രീതികളിലാണെന്ന് പറയുന്നതാണ് അതിന്റെ പ്രത്യേകത. മൂന്ന് പേര്‍ക്കും മൂന്ന് രീതികളില്‍ ഈ സിനിമയുടെ ടൈറ്റില്‍ കണക്ടഡാണ് എന്നുള്ളതാണ് ആ പേരിന്റെ പ്രസക്തി. ഇത് മാത്രമാണ് സിനിമയ്ക്ക് ചേരുന്ന ഒരു ടൈറ്റിലെന്ന് ഞങ്ങള്‍ വിചാരിക്കുകയും ചെയ്തു.