നിരന്തരമായി ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല: വെറുതെയിരുന്നാല്‍ തുരുമ്പെടുത്തു പോകുമെന്ന് മോഹന്‍ലാല്‍

എല്ലാവരും അവരുടെ തൊഴിലിനെ പ്രണയിക്കണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്
നിരന്തരമായി ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല: വെറുതെയിരുന്നാല്‍ തുരുമ്പെടുത്തു പോകുമെന്ന് മോഹന്‍ലാല്‍
Published on


നിരന്തരമായി ജോലി ചെയ്യുന്നത് മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. ഒഒരു വര്‍ഷം 36 സിനിമകള്‍ ചെയ്ത സമയവും മോഹന്‍ലാലിന് ഉണ്ടായിരുന്നു. 47 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ വിവിധ സിനിമ മേഖലകളിലായി 360ലധികം സിനിമകള്‍ അദ്ദേഹം ചെയ്തു. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് അരംങ്ങേറുന്നത്. പിന്നീട് മണിച്ചിത്രത്താഴ്, വാനപ്രസ്ഥം, കിരീടം, ഭരതം, ഇരുവര്‍ തുടങ്ങിയ നരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചു.

എല്ലാവരും അവരുടെ തൊഴിലിനെ പ്രണയിക്കണമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ 45 വര്‍ഷത്തെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.

'ജോലിയോടുള്ള എന്റെ പാഷന്‍ എനിക്കൊരു ഇന്ധനമാണ്. നിങ്ങള്‍ നിങ്ങളുടെ ജോലിയെ പ്രണയിക്കണം. അതുകൊണ്ട് എല്ലാ ദിവസവും എനിക്ക് മനോഹരമാണ്. പിന്നെ വലിയ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അവരുടെ അനുഗ്രഹം കൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ എന്റെ ജോലിയോട് ആത്മാര്‍ത്ഥതയുള്ള ആളാണ്. ഞാന്‍ ഒരു പെര്‍ഫോമറാണ്. എന്റെ യാത്രയ്ക്കുള്ള ഇന്ധനം ആ സര്‍ഗാത്മകതയാണ്', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

'ഇത് സിനിമയില്‍ എന്റെ 47-ാമത്തെ വര്‍ഷമാണ്. സാധാരണ ഒരു സിനിമ കഴിഞ്ഞാണ് ഞാന്‍ മറ്റൊന്നിലേക്ക് കടക്കാറ്. പക്ഷെ ഈയിടയായി ചിലപ്പോഴൊക്കെ എന്റെ ജോലി റീഷെഡ്യൂള്‍ ചെയ്യേണ്ടി വരാറുണ്ട്. പക്ഷെ എനിക്ക് അതിപ്പോഴും ചെയ്യാന്‍ സാധിക്കും. ഞാന്‍ വര്‍ഷത്തില്‍ 36 സിനിമകള്‍ ചെയ്ത സമയമുണ്ടായിരുന്നു. അതുകൊണ്ട് ഇതെനിക്കൊരു പുതിയ കാര്യമല്ല. വെറുതെ ഇരുന്നാല്‍ ഞാന്‍ തുരുമ്പെടുത്ത് പോകും', എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നടന് പുറമെ സംവിധായകന്‍ എന്ന നിലയിലും മോഹന്‍ലാല്‍ മികവ് തെളിയിച്ചു കഴിഞ്ഞു. ബറോസ് എന്ന 3ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കുട്ടികള്‍ക്കായുള്ള ഒരു പാന്‍ ഇന്ത്യന്‍ ഫാന്റസി ചിത്രമായിരുന്നു ബറോസ്. 2024 ഡിസംബര്‍ 25നാണ് ചിത്രം തിയേറ്ററിലെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com