
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ദി ബംഗാള്‍ ഫയല്‍സിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടന്‍ മിഥുന്‍ ചക്രബര്‍ത്തി. സത്യം പറഞ്ഞാല്‍ അതിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുകയാണെന്നാണ് മിഥുന്‍ ചക്രബര്‍ത്തി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വിവേക് അഗ്നിഹോത്രിയുടെ ട്രിലിജിയിലെ മൂന്നാമത്തെ ചിത്രമായ ബംഗാള്‍ ഫയല്‍സ് 1946-ഓഗസ്റ്റ് 16ന് നടന്ന കല്‍ക്കട്ട കലാപത്തെ കുറിച്ചാണ് പറയുന്നത്.
"നമ്മള്‍ സത്യം പറഞ്ഞാല്‍ അതിനെ പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നു. നോഖാലിക്ക് എന്ത് സംഭവിച്ചുവെന്നും കൊല്‍ക്കത്ത കൊലപാതകം എന്താണെന്നും നമ്മുടെ തലമുറ അറിയേണ്ടേ? ഇത് വളരെ ആശ്ചര്യകരമാണ്. സത്യം, ചരിത്രം, ബംഗാളിനും നോഖാലിക്കും എന്ത് സംഭവിച്ചു. കൊല്‍ക്കത്ത കലാപം എന്നിവയെ കുറിച്ചുള്ള സിനിമയാണിത്. ഞങ്ങള്‍ ദി കശ്മീര്‍ ഫയല്‍സും നിര്‍മിച്ചു. അതില്‍ സത്യം കാണിച്ചിട്ടുണ്ട്", എന്നാണ് മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞത്.
"നിങ്ങള്‍ എന്തുതന്നെ ചെയ്താലും നിങ്ങളെ ലക്ഷ്യം വെക്കുന്നതിനായി ഈ ആളുകള്‍ എപ്പോഴും ഉണ്ടാകും. ദി താഷ്‌കന്റ് ഫയല്‍ കാണുമ്പോള്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജീക്ക് എന്ത് സംഭവിച്ചുവെന്നും കശ്മീര്‍ ഫയല്‍സ് കാണുമ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് എന്ത് സംഭവിച്ചുവെന്നും അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? അവരെ പുറത്താക്കി എന്നല്ലേ നിങ്ങള്‍ കേട്ടിട്ടുള്ളൂ? പക്ഷെ അത് എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം" , എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ട്രെയ്‌ലര്‍ കാണാത്ത ആളുകള്‍ സിനിമ നിരോധിക്കണമെന്ന് പറഞ്ഞിരുന്നു. ട്രെയ്‌ലറില്‍ നിരോധിക്കാന്‍ എന്താണുള്ളത്? സിനിമാറ്റിക് സ്വാതന്ത്ര്യത്തിന്റെ പേരില്‍ നഗ്നത കടത്തുന്നത് പോലെയുള്ള കാര്യങ്ങളൊന്നും ഈ സിനിമയില്‍ ഇല്ല. അക്രമം ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങള്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കണം", അദ്ദേഹം വ്യക്തമാക്കി.
അതേസമയം പല്ലവി ജോഷി, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വിവേക് അഗ്‌നിഹോത്രി തന്നെയാണ് ദി ബംഗാള്‍ ഫയല്‍സ് നിര്‍മിച്ചിരിക്കുന്നത്. മിഥുന്‍ ചക്രബര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.