
സംവിധായകനും കേരള സ്‌റ്റേറ്റ് ഫിലിം ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍മാനുമായ ഷാജി എന്‍ കരുണിനെതിരെ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംവിധായിക ഇന്ദു ലക്ഷ്മിക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കെഎസ്എഫ്ഡിസി. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ പൊരുതി മുന്നോട്ട് തന്നെ പോകാനാണ് സംവിധായിക ഇന്ദുവിന്റെ തീരുമാനം. സംഭവത്തിന് പിന്നാലെ ഐഎഫ്എഫ്‌കെ മീറ്റ് ദി ഡയറക്ടേഴ്‌സ് വേദിയില്‍ വെച്ച് നടന്‍ ജഗദീഷ് ഇന്ദു ലക്ഷ്മിക്ക് പിന്തുണ അറിയിച്ചു.
വിട്ടുവീഴ്ച്ച ചെയ്യാതെ സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കുമെന്ന് പറഞ്ഞ സംവിധായികയാണ് ഇന്ദു ലക്ഷ്മി എന്നാണ് ജഗദീഷ് പറഞ്ഞത്. ഒരു സംവിധായിക എന്ന നിലയില്‍ സെറ്റില്‍ ഇന്ദു എങ്ങനെയാണ് എന്നതിനെ കുറിച്ചും ജഗദീഷ് സംസാരിച്ചു.
'ഇന്ദു എപ്പോഴും ഒരു സീന്‍ കഴിഞ്ഞാല്‍ കോംപ്ലിമെന്റ് ചെയ്യാറുണ്ട്. അല്ലാതെ വന്നിട്ട് കുഴപ്പമില്ലെന്നല്ല പറയുന്നത്. നമുക്ക് വീണ്ടും വീണ്ടും നന്നായിട്ട് ചെയ്യാന്‍ പ്രചോദനം തരുന്ന രീതിയിലുള്ള കോംപ്ലിമെന്റുകള്‍ പലപ്പോഴും എനിക്ക് സെറ്റില്‍ തന്നെ കിട്ടിയിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഫൈനല്‍ പ്രൊഡക്റ്റ് ഇന്ന് ഞാന്‍ കണ്ട രീതിയിലായിരിക്കും വരിക എന്ന് എനിക്ക് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഒരു നല്ല സിനിമയായിരിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു. പക്ഷെ ഒരു മത്സര വിഭാഗത്തിലേക്ക് ഇത് തിരഞ്ഞെടുക്കപ്പെടും എന്ന കാര്യത്തില്‍ എനിക്ക് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു', ജഗദീഷ് പറഞ്ഞു.
'ചിലപ്പോള്‍ സിനിമ ടുഡേ എന്ന വിഭാഗത്തിലെങ്ങാനും കിട്ടുമായിരിക്കുമെന്നാണ് കരുതിയത്. മത്സരവിഭാഗത്തില്‍ രണ്ട് സിനിമകള്‍ക്ക് മാത്രമെ കിട്ടിയിട്ടുള്ളൂ. അതിലൊന്ന് അപ്പുറമാണെന്ന് അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ വളരെ അധികം സന്തോഷിച്ചു. അത് സംവിധായികയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന്റെ വിജയമാണ്. അവരുടെ ഡിറ്റര്‍മിനേഷന്റെ വിജയമാണ്. പിന്നെ ഞാന്‍ വനിതയെന്നോ പുരുഷനെന്നോ ഒന്നും പറയില്ല. ഒരു സംവിധായികയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരു കോംപ്രമൈസുമില്ലാതെ സമൂഹത്തിന് മുന്നില്‍ ഞാന്‍ തല ഉയര്‍ത്തി നില്‍ക്കുമെന്ന് പറഞ്ഞ ഒരു സംവിധായികയാണ് നമുക്കൊപ്പം ഇരിക്കുന്നത്', ജഗദീഷ് കൂട്ടിച്ചേര്‍ത്തു.