പുരസ്‌കാര പെരുമയില്‍ ' ഫെമിനിച്ചി ഫാത്തിമ' , പ്രേക്ഷക മനം കവര്‍ന്ന മേളയിലെ മലയാള ചിത്രങ്ങള്‍

'ഫെമിനിച്ചി ഫാത്തിമ' അഞ്ച് അവാര്‍ഡുകളുമായി മേളയില്‍ മലയാളത്തിന്റെ മുഖമായി മാറി
പുരസ്‌കാര പെരുമയില്‍ ' ഫെമിനിച്ചി ഫാത്തിമ' , പ്രേക്ഷക മനം കവര്‍ന്ന മേളയിലെ മലയാള ചിത്രങ്ങള്‍
Published on


29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനം നിറച്ച് അവാര്‍ഡ് നിശയിലെ താരമായി മാറി ഫാസില്‍ മുഹമ്മദ് ചിത്രം 'ഫെമിനിച്ചി ഫാത്തിമ'. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' അഞ്ച് അവാര്‍ഡുകളുമായി മേളയില്‍ മലയാളത്തിന്റെ മുഖമായി മാറി. കെ.ആര്‍ മോഹനന്‍ അവാര്‍ഡില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍, ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തില്‍ തിരകഥയ്ക്കുള്ള ജൂറി പരാമര്‍ശം, ഫിപ്രസി അവാര്‍ഡ്, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡ്, ഓഡിയന്‍സ് പോള്‍ അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്.

നെറ്റ് പാക്ക് വിഭാഗത്തില്‍ പ്രത്യേക പരമര്‍ശത്തിനര്‍ഹത നേടിയ മിഥുന്‍ മുരളി ചിത്രം 'കിസ്സ് വാഗണ്‍', മികച്ച നവാഗത സംവിധായകയ്ക്കുള്ള ഫിപ്രസ്‌കി അവാര്‍ഡ് ശിവരഞ്ചിനിയ്ക്ക് നേടി കൊടുത്ത 'വിക്ടോറിയ' എന്നീ ചിത്രങ്ങളും അവാര്‍ഡ് നിശയ്ക്ക് മാറ്റേകി. മികച്ച നവാഗത സംവിധാവകയ്കുള്ള കെ.ആര്‍ മോഹനന്‍ അവാര്‍ഡ് 'അപ്പുറം' എന്ന ചിത്രത്തിലൂടെ ഇന്ദു ലക്ഷ്മി നേടിയെടുത്തു. അതെ ചിത്രത്തിലെ അഭിനയത്തിന് അനഘ രവിക്ക് മികച്ച നടിയ്ക്കുള്ള മത്സര വിഭാഗത്തിലെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. പതിനാറു വിഭാഗങ്ങളിലായി 24 മലയാള ചിത്രങ്ങളാണ് ഇത്തവണ തിരശീലയില്‍ എത്തിയത്.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഫെമിനിച്ചി ഫാത്തിമയില്‍ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭര്‍ത്താവായ അഷ്റഫിന്റെ കര്‍ശന നിയന്ത്രണത്തില്‍ ജീവിക്കുന്ന ഫാത്തിമ തന്റെ മകന്‍ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാന്‍ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം.

ഒരു പ്രാചീന ചൈനീസ് യുദ്ധ കൃതിയായ ' ദി ആര്‍ട്ട് ഓഫ് വാര്‍ ഫെയര്‍ ' എന്ന പുസ്തകത്തിന്റെ ആഖ്യാനം, അതിനൊപ്പം അജ്ഞാതനായ ഒരു ശത്രുവിനെ തേടി നടക്കുന്ന കൊടമഴ സുനി എന്ന മുന്‍ ഗുണ്ടാത്തലവന്റെയും കഥ പറയുന്ന കൃഷാന്ദ് ആര്‍.കെ ചിത്രം 'സംഘര്‍ഷ ഘടന' മികച്ച അഭിപ്രായത്തോട് കൂടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. വിഷ്ണു അഗസ്ത്യ , സനൂപ് പടവീടന്‍, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരന്നത്.

ഒരു പാട്ടിനു പിന്നിലെ ചരിത്രം ഡോക്യുമെന്ററി ആയി എടുക്കാന്‍ ശ്രമിക്കുന്ന ഉണ്ണി, അനുപമ എന്നിവരുടെ പ്രയാണവും, ആ വഴിയില്‍ അവര്‍ പരിചയപ്പെടുന്ന മനുഷ്യരുടെയും കഥയാണ് ജിതിന്‍ ഐസക് തോമസ് ചിത്രം 'പാത്ത്'. ആഷിഖ് സഫിയ അബൂബക്കര്‍ , ഗൗതമി ലക്ഷ്മി ഗോപന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരു മോക്ക്മെന്ററി രൂപത്തില്‍ ചിത്രീകരിച്ച പാത്ത് അതിഗംഭീര പ്രേക്ഷക പ്രതികരണം നേടി. 'ഗേള്‍ ഫ്രണ്ട്സ്', 'കാമദേവന്‍ നക്ഷത്രം കണ്ടു','വിക്ടോറിയ' തുടങ്ങിയ പന്ത്രണ്ടോളം ചിത്രങ്ങള്‍ ആണ് മലയാളം സിനിമ ടുഡേ കാറ്റഗറിയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം ലഭിച്ച ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡവും പ്രദര്‍ശനത്തിനെത്തി.

ഹോമേജ് വിഭാഗത്തില്‍ എം. മോഹന്റെ 'രചന' , ഹരികുമാറിന്റെ 'സുകൃതം' എന്നി ചിത്രങ്ങളും വിവിധ ദിനങ്ങളില്‍ പ്രേക്ഷകരുടെ മുന്നിലെത്തി. മണ്മറഞ്ഞ പ്രമുഖ സംവിധായകന്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത നസീര്‍ - ഷീല താരജോഡിയിലെ 'കാവ്യമേള ', ടി.വി ചന്ദ്രന്റെ 'ഓര്‍മകളുണ്ടായിരിക്കണം' എന്നി രണ്ടു ചിത്രങ്ങള്‍ റീസ്റ്റോറെഡ് ക്ലാസിക്‌സ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു.

തിയേറ്ററില്‍ കോളിളക്കം സൃഷ്ടിച്ച മമ്മുട്ടി കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ രാഹുല്‍ സദാശിവന്‍ ചിത്രം 'ഭ്രമയുഗം' മേളയിലും അത് തന്നെ ആവര്‍ത്തിച്ചു. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് നടത്തിയ ചിത്രം പ്രേക്ഷകരെ ഭീതിയുടെയും ആവേശത്തിന്റെയും നെറുകയില്‍ എത്തിച്ചു. ഈ വര്‍ഷത്തെ മേള പര്യവസാനിക്കുമ്പോള്‍ ഒന്നുറപ്പ്, പ്രേക്ഷകപ്രീതി നേടിയ ഈ മലയാള ചിത്രങ്ങളാല്‍ ഇരുപത്തിയൊമ്പതാം ഐ.എഫ്.എഫ്.കെ എന്നും ഓര്‍മ്മിക്കപ്പെടും എന്നത് തീര്‍ച്ച.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com