'ഷഹീദ്'; ആശയങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സമ്പന്നമായ സിനിമ

കൃത്യമായ ഒരു ആഖ്യാന രീതി പിന്തുടരാതെ വ്യത്യസ്തമായ ആശയങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കാനുള്ള ശ്രമമാണ് ഷഹീദ്
'ഷഹീദ്'; ആശയങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സമ്പന്നമായ സിനിമ
Published on


ആശയമാണോ ഘടനയാണോ ഒരു കലാസൃഷ്ടിയെ പൂര്‍ണമാക്കുന്നത്? പരമ്പരാഗതവും ആധുനികവുമായ കലാവിമര്‍ശകര്‍/ആസ്വാദകര്‍ എല്ലാ കാലത്തും തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന വിഷയമാണിത്. എന്നാല്‍ ഒരു മനുഷ്യന്റെ സ്വത്വ പ്രതിസന്ധി ആവിഷ്‌കരിക്കുമ്പോള്‍ കുഴമറിഞ്ഞ ഘടന പോലും അര്‍ഥസമ്പന്നമായേക്കാം. ഷഹീദ് (Shahid) എന്ന സിനിമയിലൂടെ ഇറാന്‍ വംശജയും ജര്‍മന്‍ സംവിധായികയുമായ നര്‍ഗസ് കല്‍ഹോര്‍ ശ്രമിക്കുന്നതും അതിനാണ്. വ്യത്യസ്ത ഴോണറുകളുടെയും (Genre) ദൃശ്യഘടനകളുടെയും സമ്മിശ്ര രൂപമാണീ ചലച്ചിത്രാവിഷ്‌കാരം. കൃത്യമായ ഒരു ആഖ്യാന രീതി പിന്തുടരാതെ വ്യത്യസ്തമായ ആശയങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കാനുള്ള ശ്രമമാണ് ഷഹീദ്.

നര്‍ഗസ് ഷഹീദ് കല്‍ഹോര്‍ - ഇതാണ് ചിത്രത്തിന്റെ സംവിധായകയുടെ (കേന്ദ്ര കഥാപാത്രത്തിന്റെ) മുഴുവന്‍ പേര്. ബഹറക് അബ്ഡോലിഫാര്‍ഡ് അവതരിപ്പിച്ച നര്‍ഗസിന്റെ ഈ ആള്‍ട്ടര്‍-ഈഗോയിലൂടെയാണ് സിനിമയുട കഥ വികസിക്കുന്നത്. നര്‍ഗസിന്റെ മുത്തച്ഛന്‍, മിര്‍സ ഗോലം ഹുസൈന്‍ തെഹ് രാനി, ഇറാനിലെ രാജവാഴ്ചയ്‌ക്കെതിരെ ഉയര്‍ന്ന വിപ്ലവത്തിന്റെ ഭാഗമാകുകയും ഒടുവില്‍ 1907ല്‍ പ്രാര്‍ത്ഥനക്കിടയില്‍ കൊല്ലപ്പെടുകയും ചെയ്ത വ്യക്തയാണ്. ഇത് അദ്ദേഹത്തിന് ഇറാനില്‍ ഒരു രക്തസാക്ഷി ( ഷഹീദ്) പരിവേഷം നല്‍കി. ഷഹീദ് എന്ന ഈ വാക്ക് പിന്നീട് ആ കുടുംബത്തില്‍ ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാവരുടെയും പേരിന്റെ (സ്വത്വത്തിന്റെ) ഭാഗമായി. ഷഹീദ് എന്ന വാക്ക് മുന്നോട്ട് വെക്കുന്ന എല്ലാ ആശയങ്ങളോടും ജര്‍മനിയിലെ ഒരു കുടിയേറ്റക്കാരി എന്ന നിലയിലുള്ള തന്റെ പദവിയിലും അസ്വസ്ഥയായ നര്‍ഗസ് പേരില്‍ നിന്നും ആ വാക്ക് നീക്കം ചെയ്യാന്‍ തീരുമാനിക്കുന്നു. ഈ തീരുമാനത്തില്‍ നിന്ന് സംവിധായികയും ചലച്ചിത്രവും നമ്മളെ ജര്‍മന്‍ ബ്യൂറോക്രസി, ഇറാന്‍-ജര്‍മന്‍ ചരിത്രം, എല്ലാറ്റിനുമുപരിയായി, ചരിത്രത്തിലും വര്‍ത്തമാനത്തിലും നിലനില്‍ക്കുന്ന പുരുഷാധിപത്യം എന്നിവയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.


എന്നാല്‍ കഥയുടെ ഒരു ഘട്ടത്തില്‍ തന്റെ മുതുകില്‍ ഏറി നടക്കുന്ന ഷഹീദ് എന്ന പദവിയുടെ യഥാര്‍ഥ ഉടമ മുതുമുത്തച്ഛനല്ല , മുത്തശ്ശിയാണ് എന്ന് തിരിച്ചറിയുന്ന നര്‍ഗസ് (ഇത്തവണ ആള്‍ട്ടര്‍ ഈഗോയുടെ സഹായം സംവിധായികയ്ക്ക് വേണ്ടി വരുന്നില്ല) സിനിമയില്‍ ഇതു വരെ പറഞ്ഞിരുന്ന ആശയത്തെ തലകീഴായി മറിച്ചിടുന്നു. എന്നിട്ട് നേരിനെ നോക്കി കാണുകയും നമുക്ക് കാണിച്ചു തരുകയും ചെയ്യുന്നു. ആ കാഴ്ചയിലാണ് ഒരു രാഷ്ട്രീയ അഭയാര്‍ഥിയായി ജീവിക്കുമ്പോള്‍ പോലും തനിക്ക് ലഭിക്കുന്ന വിശേഷാധികാരങ്ങളെപ്പറ്റി അവര്‍ക്ക് ബോധ്യമാകുന്നത്. ഈ ഘട്ടത്തിലാണ് പേരില്‍ നിന്നും പാരമ്പര്യത്തിന്റെ അര്‍ഥശൂന്യമായ ഭാരം നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന നര്‍ഗസ് അച്ഛന്റെ സ്വാധീനത്തിലാണ് തനിക്ക് വേഗത്തില്‍ ജര്‍മന്‍ പൗരത്വം ലഭിച്ചതെന്ന അറിവ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

വ്യത്യസ്തമായ രീതിയിലാണ് ഈ ആശയ പ്രതിസന്ധികളൊക്കെ തന്നെ നര്‍ഗസ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഷഹീദായ തന്റെ മുതുമുത്തച്ഛനെക്കുറിച്ചുള്ള കഥപറയാനായി നര്‍ഗസ് ഉപയോഗിച്ചിരിക്കുന്നത് പര്‍ദെ ഖാനി എന്ന ഇറാനിയന്‍ രീതിയാണ്. പെയ്ന്റ് ചെയ്ത വലിയ ഒരു സ്‌ക്രീനിനു മുന്നില്‍ നിന്ന് വിദൂഷക കഥാപാത്രം നമ്മളോട് വെടിയേറ്റ് മരിച്ച മിര്‍സ ഗോലമിന്റെ കഥപറയുന്നു. പരമ്പരാഗത രീതിക്ക് വിരുദ്ധമായി പര്‍ദെ ഖാനിയില്‍ ആനിമേഷന്റെ സങ്കേതങ്ങളും നര്‍ഗസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സംവിധായക പരീക്ഷണം നിര്‍ത്തുന്നില്ല. ഫോര്‍ത്ത് വാള്‍ എന്നത് ഈ സിനിമയില്‍ നിരവധി തവണ ലംഘിക്കപ്പെടുന്നു. സംവിധായകന്റെ നിര്‍ദേശങ്ങളും ക്യാമറാ സംഘത്തിന്റെ വര്‍ത്തമാനവും ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങളും എല്ലാം കഥയുടെ ഭാഗം തന്നെയാണ്.

ഇതെല്ലാം നിലനില്‍ക്കെ തന്നെ, അഭിനേതാക്കളുടെ ഇംപ്രൊവൈസേഷന്‍, ഡോക്യുമെന്ററി, ആനിമേഷന്‍, സംഗീതം, എന്നിവയെ സംയോജിപ്പിച്ച് സംവിധായിക നിര്‍മിക്കുന്ന ചലച്ചിത്ര രൂപം പ്രേക്ഷകനെ സിനിമയില്‍ കടക്കാന്‍ തടസപ്പെടുത്ത കടമ്പകളായും മാറുന്നുണ്ട്. ആശയങ്ങളില്‍ നിന്നും ആശങ്ങളിലേക്കും പരീക്ഷണങ്ങളില്‍ നിന്നും പരീക്ഷണങ്ങളിലേക്കും സഞ്ചരിക്കുന്ന സിനിമ ചില സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന്റെ കൈവിട്ട് തന്നെ മുന്നിലേക്ക് നടക്കുന്നു. ഓടിയെത്തി ചെവികൊടുക്കാന്‍ ശ്രമിക്കുന്ന കാണിക്ക് ലഭിക്കുന്നത് നിരവധി ആശയങ്ങളുടെ അറ്റവും മുറിയും മാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com