
സ്രഷ്ടാവും സൃഷ്ടിയും തമ്മില്‍ പരസ്പരം സംവദിക്കുന്ന ആഖ്യാന ശൈലി പിന്തുടരുന്ന 'മുഖക്കണ്ണാടി' ( The Looking Glass ) എന്ന ചിത്രവുമായാണ് 29-ാം ഐഎഫ്എഫ്‌കെയില്‍ സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും എത്തിയിരിക്കുന്നത്. ബാബുസേനന്‍ സഹോദരന്മാരുടെ പത്താമത്തെ ചിത്രമാണ് മുഖക്കണ്ണാടി. ഈ ചിത്രം അടക്കം അഞ്ച് സിനിമകളാണ് ഇവരുടേതായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നും പുതിയ കഥ പറച്ചില്‍ രീതിയുമായി പ്രേക്ഷകരെ സമീപിക്കുന്ന ബാബുസേനന്‍ ബ്രദേഴ്‌സ് മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മുഖ കണ്ണാടിയെപ്പറ്റി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
പത്താമത്തെ സിനിമ, ഐഎഫ്എഫ്കെയില്‍ അഞ്ചാം തവണ
ഐഎഫ്എഫ്‌കെയില്‍ ഫിലിം പ്രസന്റ് ചെയ്യുമ്പോള്‍ എപ്പോഴും സന്തോഷമാണ്. കാരണം നമുക്ക് കേരളത്തിലെ ഓഡിയന്‍സിനെ കാണിക്കാന്‍ അല്ലെങ്കില്‍ എളുപ്പമല്ല. ഏതെങ്കിലും ഒടിടിയില്‍ ഒക്കെ വന്നാലേ പിന്നെ പറ്റൂ. മാത്രമല്ല, തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിയേറ്ററില്‍ നിന്ന് മാത്രമേ ലഭിക്കൂ. ഒടിടിയില്‍ ആ എക്‌സ്പീരിയന്‍സ് കിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ ഹാപ്പിയാണ്. ഇത്തവണ സെലക്ഷന്‍ കിട്ടും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. പക്ഷേ, എന്തോ ഭാഗ്യത്തിനാല്‍ കിട്ടി.
ഞങ്ങളെപ്പൊലെ പത്താമത്തെ സിനിമ ചെയ്യാനൊരുങ്ങുന്ന ഒരു ഡയറക്ടറാണ് മുഖ കണ്ണാടിയിലെ മെയിന്‍ ക്യാരക്ടര്‍
മുഖ കണ്ണാടി എന്നാണ് പുതിയ പടത്തിന്റെ പേര്. സ്വയം തിരിച്ചറിയുക, അതാണ് കണ്ണാടി എന്ന് കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഞങ്ങളെപ്പോലെ തന്നെ പത്താമത്തെ സിനിമ ചെയ്യാന്‍ പോകുന്ന ഒരു ഫിലിം ഡയറക്ടര്‍ ആണ് സിനിമയിലെ മെയിന്‍ ക്യാരക്ടര്‍. അപ്പോള്‍ അയാള്‍ അതിനുമുമ്പ് ചെയ്ത തന്റെ ഒന്‍പത് സിനിമകളെക്കുറിച്ച് ആലോചിക്കുന്നു. മാത്രമല്ല, ഇതിനകത്ത് ഈ ആള്‍ ഒഴിച്ചു ബാക്കി വരുന്ന കാരക്ടേഴ്സ് എല്ലാം പുള്ളി ക്രിയേറ്റ് ചെയ്ത മുന്‍ സിനിമകളില്‍ ഉള്ള കഥാപാത്രങ്ങളാണ്. അവരുമായിട്ടാണ് ഇയാള്‍ സംവദിക്കുന്നത്. സ്വയം ഇങ്ങനെയൊരു പുനരവലോകനം നടത്തുമ്പോള്‍ ഇതുവരെ അയാള്‍ മനസിലാക്കി വെച്ചതോ, അല്ലെങ്കില്‍ അയാളുടെ സിനിമകളെക്കുറിച്ചുള്ള ധാരണകള്‍ ഒന്നും അത്ര ശരിയായിരുന്നില്ല എന്ന് തോന്നാം.
ക്രിട്ടിക്കല്‍ ബ്രദേഴ്‌സ്
ഞങ്ങളുടെ സിനിമയുടെ ഏറ്റവും വലിയ ക്രിട്ടിക്സ് ഞങ്ങള്‍ തന്നെയാണ്. അല്ലാതെ ഞങ്ങള്‍ ചെയ്തത് ഉദാത്തമായ വര്‍ക്ക് ആണെന്ന് വിശ്വസിക്കുന്ന ആളുകളേ അല്ല. ഓരോ പുതിയ സിനിമ ചെയ്യുമ്പോഴും മുന്‍ സിനിമകളില്‍ വന്ന തെറ്റുകളെ കറക്ട് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊരിക്കലും തീരാത്ത ഒരു പ്രക്രിയയാണ്. ഈ പത്താമത്തെ സിനിമയിലും അത് അവസാനിക്കുന്നില്ല. ഇതിങ്ങനെ ഒരു ഓണ്‍ ഗോയിങ് പ്രോസസ് ആണ്.
ഇന്നലത്തെ സ്‌ക്രീനിങ്ങിലാണ് വലിയ സ്‌ക്രീനില്‍, ഞങ്ങള്‍ ആളുകളുടെ കൂടെ ഇരുന്ന് മുഖ കണ്ണാടി കാണുന്നത്. വലിയ സ്‌ക്രീനില്‍ കണ്ടുകഴിഞ്ഞപ്പോള്‍ അടുത്ത സിനിമയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
പ്രായം കൊണ്ട് പരിണമിക്കുന്ന സിനിമ
പ്രായം, അത് തീര്‍ച്ചയായും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിക്കൊണ്ടിരിക്കും. പ്രായം കൊണ്ട് ഇതിങ്ങനെ മാറിക്കൊണ്ടിരിക്കും. പ്രായം കൊണ്ട് അത് മികച്ചതാകും എന്ന് പറയാന്‍ പറ്റില്ല. മാറിക്കൊണ്ടിരിക്കും. അപ്പോള്‍ അത് നമ്മുടെ സിനിമയിലും പ്രതിഫലിക്കും.
ഇപ്പോള്‍ ചില ആളുകള്‍ പ്രായമാകുമ്പോള്‍ പഴയ ആശയങ്ങളിലേക്ക് ആയിരിക്കും തിരിച്ചു പോകുന്നത്. ചിലര്‍ അങ്ങനെ ആയിരിക്കില്ല. പുതിയ ഐഡിയകള്‍ അബ്‌സോര്‍ബ് ചെയ്യാന്‍ ട്രൈ ചെയ്യും. അത് ഇങ്ങനെ പല ആളുകള്‍ക്കും പല രീതിയാണ്. എന്തായാലും മാറ്റം ഒരു ആനിവാര്യതയാണ്. അപ്പോള്‍ അതും ഞങ്ങളുടെ സിനിമകളില്‍ സംഭവിക്കുന്നുണ്ട്.
മുഖ കണ്ണാടിയുടെ ആഖ്യാന രീതി
ഞങ്ങള്‍ അങ്ങനെ പുതിയ രീതിയില്‍ ചെയ്യണം എന്ന് വിചാരിച്ചുകൊണ്ടല്ല മുഖ കണ്ണാടി ചെയ്തത്. ഈ മെറ്റാ ഫിക്ഷന്‍, മെറ്റാ ഫിലിം എന്ന രീതിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് തന്നെ ഉള്ള സിനിമ. പോസ്റ്റ് മോഡേണിസത്തിന്റെയൊക്കെ ഇന്‍ഫ്‌ളുവന്‍സ് അതിനകത്ത് ഉണ്ട്.
സിനിമയെക്കുറിച്ച് തന്നെയും പിന്നെ സിനിമയിലുള്ള കഥാപാത്രങ്ങള്‍ തന്നെ അതിന്റെ ഡയറക്ടറുമായി സംവദിക്കുന്ന മെറ്റാ ഫിക്ഷന്റെ ടെക്നിക്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതൊന്നും വലിയ പുതുമയുള്ള കാര്യങ്ങള്‍ ഒന്നുമല്ല. ഇതൊക്കെ 90കള്‍ മുതലേ സാഹിത്യത്തിലും സിനിമകളിലുമൊക്കെ ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അത് ഞങ്ങളുടേതായ ഒരു രീതിയില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു എന്ന് മാത്രം.
ഞങ്ങളുടെ കണ്‍സേണ്‍ ഓഡിയന്‍സല്ല
സത്യം പറഞ്ഞാല്‍ ഞങ്ങളുടെ കണ്‍സേണ്‍ ഓഡിയന്‍സ് അല്ല. ഇതാണെന്ന് തോന്നുന്നു ഞങ്ങളും മറ്റു ഫിലിം മേക്കേഴ്സുമായിട്ടുള്ള ഒരു വ്യത്യാസം. ഞങ്ങളുടെ കണ്‍സേണ്‍ എന്ന് പറയുന്നത് ഞങ്ങളുടെ സിനിമയിലെ പരിണാമമാണ്. അതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആള്‍ക്കാരുടെ അഭിപ്രായം നോക്കിയാല്‍ റിയല്‍ ആയിട്ട് നമ്മള്‍ എന്താണോ ആര്‍ട്ട് എന്ന് വിചാരിക്കുന്നത് അത് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്നു. കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെടും. കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെടുകയില്ല. അങ്ങനെ നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.
പിന്നെ എന്തിനാണ് സിനിമ ഉണ്ടാക്കുന്നത്? വേറെ ആളുകള്‍ക്ക് വേണ്ടിയല്ലേ എന്ന് ചോദിച്ചാല്‍, സിനിമ ഉണ്ടാക്കുന്നത് ഇഷ്ടമാണ്. അതുകൊണ്ട് ചെയ്യുന്നു. അത് കുറച്ചുകൂടി ബെറ്റര്‍ ആയിട്ട് ചെയ്യണം എന്നേയുള്ളൂ.
എഐ ചിലപ്പോള്‍ നമ്മുടെയൊക്കെ പണിയില്ലാതാക്കുമായിരിക്കും
മാക്‌സിമം ടെക്‌നോളജി, അതായത് നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റ് ചെയ്താണ് മുഖ കണ്ണാടി നിര്‍മിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഈ സാങ്കേതിക വിദ്യയിലെ വികാസം കൊണ്ടാണ് നമുക്ക് സിനിമ എടുക്കാന്‍ പറ്റുന്നതുതന്നെ. പണ്ടൊക്കെയാണെങ്കില്‍ ഡിജിറ്റല്‍ ഫിലിം ഇല്ലല്ലോ. അപ്പോള്‍ ഈ ഫിലിമൊക്കെ വെച്ചു ചെയ്യാമെന്ന് പറഞ്ഞാല്‍ സിനിമ അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഇപ്പോള്‍ അത് ജനകീയമായത് ഈ ഡിജിറ്റല്‍ ഫിലിം മേക്കിങ് വന്നത് കൊണ്ടല്ലേ? എഐ ഒക്കെ വരുമ്പോള്‍ ഇത് ഭയങ്കര മാറ്റങ്ങള്‍ വരാന്‍ പോവുകയാണ്. അതിപ്പോള്‍ നമ്മളെ പോലെയുള്ളവരുടെ പണിയില്ലാതെയാക്കുമായിരിക്കും.
സിനിമയെപ്പറ്റി ആഴത്തിലുള്ള പഠനം വേണം
സിനിമയെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കി വരുമ്പോഴേ പുതിയ പുതിയ ആഖ്യാനങ്ങളുണ്ടാവുകയുള്ളൂ. അതിപ്പോള്‍ കുറഞ്ഞ് വരുന്നതിന് കാരണം കൂടുതലും വരുന്നത് റിവ്യൂകളാണ് എന്നുള്ളതുകൊണ്ടാണ്. ഒരു ഓണ്‍ലൈന്‍ റിവ്യൂ വായിച്ചിട്ട് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ആളുകള്‍ക്ക് ഇഷ്ടം. പക്ഷേ, അങ്ങനെ അല്ലാത്ത പഠനങ്ങളും വേണം. എങ്കിലേ ആളുകള്‍ക്ക് അത് ഗുണം ചെയ്യൂള്ളൂ.
മാസ്റ്റേഴ്‌സാണ് പ്രചോദനം
ഞങ്ങളുടെ ഐഡിയാസൊക്കെ കുറച്ച് പുതിയതാണെങ്കിലും ഞങ്ങളുടെ ഹീറോസ് എന്ന് പറയുന്നതെല്ലാം പഴയ വയസ്സന്മാരാണ്. മരിച്ചു പോയ ആളുകളാണ് കൂടുതലും. തര്‍ക്കോവസ്‌കിയും ബര്‍ഗ്മാനും ഒക്കെയുണ്ട് അതില്‍. പിന്നെ ലിറ്ററേച്ചറും...അതെല്ലാം ഈ പറഞ്ഞ പോലെ ഓള്‍ഡ് മാസ്റ്റേഴ്സിനോടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം. ഇപ്പോഴത്തെ പുതിയ ഫിലിം മേക്കേഴ്സും റൈറ്റേഴ്സും ഞങ്ങളെ അങ്ങനെ ഇന്‍സ്പെയര്‍ ചെയ്യുന്നതായിട്ട് അങ്ങനെ തോന്നാറില്ല. അത് നമ്മുടെ ടേസ്റ്റിന്റെ വ്യത്യാസം കൂടിയായിരിക്കണം.