
അന്തരിച്ച പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന് ആദരാഞ്ജലികളര്‍പ്പിച്ച് ഐ.എഫ്.എഫ്.കെ. നാലാം ദിനം 67 തിയേറ്ററുകളിലും പ്രദര്‍ശനത്തിന് മുന്‍പ് സാക്കിര്‍ ഹുസൈന് ആദരാഞ്ജലിയര്‍പ്പിക്കുന്ന വിഡിയോ പ്രദര്‍ശിപ്പിച്ചു. തബല വാദനത്തിന്റെ അകമ്പടിയില്‍ 'Thy rhythm will echo in our hearts' എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനില്‍ തെളിഞ്ഞു. തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
73-ാം വയസിലാണ് സാക്കിര്‍ ഹുസൈന്‍ ലോകത്തോട് വിടപറഞ്ഞത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1951ല്‍ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്ന് വയസ് മുതല്‍ സംഗീതത്തില്‍ അഭിരുചി കാണിച്ചു തുടങ്ങി.പ്രശസ്ത സംഗീതജ്ഞനായ പിതാവ് അല്ലാ രഖായുടെ കൈപിടിച്ച് സംഗീത ലോകത്തേക്ക് കടന്നുവന്നു. 12-ാം വയസ് മുതല്‍ കച്ചേരികളും അവതരിപ്പിക്കാന്‍ തുടങ്ങി.ധോല്‍, ധോലക്, ഖോ, ദുഗ്ഗി, നാല്‍ എന്നിവ അതീവ ചാതുര്യത്തോടെ വായിച്ചിരുന്നു.