

ന്യൂ ഡൽഹി: ബോളിവുഡിലെ ഇതിഹാസ നടൻ ധർമേന്ദ്ര ഈ വർഷം നവംബറിലാണ് വിടവാങ്ങിയത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദീർഘകാലമായി അസുഖ ബാധിതനായിരുന്ന ധർമേന്ദ്രയുടെ വിയോഗം. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 'ഇക്കിസ്' ആണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം. അടുത്ത വർഷം ജനുവരി ഒന്നിന് റിലീസ് ആകുന്ന സിനിമ ധർമേന്ദ്രയെ കാണിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്ന് സംവിധായകൻ പറയുന്നു.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, ബസന്തറിലെ പോരാട്ടത്തിൽ വീരമൃത്യു വരിച്ച 21 വയസുകാരൻ സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേതർപാലിന്റെ ജീവിതകഥയാണ് 'ഇക്കിസ്' പറയുന്നത്. അഗസ്ത്യ നന്ദയാണ്, മരണാനന്തരം രാജ്യം പരമവീരക്രം നൽകി ആദരിച്ച ഈ സൈനികന്റെ വേഷത്തിലെത്തുന്നത്. സിനിമയിൽ അഗസ്ത്യയുടെ പിതാവിന്റെ റോളാണ് ധർമേന്ദ്ര അവതരിപ്പിക്കുന്നത്.
സിനിമയുടെ അവസാന ഡബ്ബിങ് നടക്കുമ്പോൾ ധർമേന്ദ്ര തീർത്തും അവശനായിരുന്നുവെന്ന് ശ്രീറാം രാഘവൻ ഓർക്കുന്നു.
"ഞാൻ ഒക്ടോബറിൽ ആണ് അദ്ദേഹത്തെ കാണുന്നത്. ആ സമയത്ത് അദ്ദേഹത്തിന്റെ സ്ഥിതി നന്നല്ലെങ്കിലും കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയുടെ ആദ്യ പകുതി അദ്ദേഹം കണ്ടിരുന്നു. രണ്ടാം പകുതിക്കായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹം സിനിമ മുഴുവൻ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ടോ, അങ്ങനെ സംഭവിച്ചില്ല. താൻ ചെയ്ത ജോലി ആസ്വദിക്കാനോ ആളുകൾ അത് അഭിനന്ദിക്കുന്നത് കാണാനോ ഇന്ന് അദ്ദേഹം ഇവിടെയില്ല. അത് ഞങ്ങളുടെ വലിയൊരു സങ്കടമാണ്," ശ്രീറാം രാഘവൻ പറഞ്ഞു. തന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ധർമേന്ദ്ര സംഭാഷണങ്ങൾ ഉർദുവിൽ എഴുതിയെടുക്കുമായിരുന്നു എന്നും ശ്രീറാം ഓർത്തെടുക്കുന്നു.
സിനിമയിലെ നായകൻ അഗസ്ത്യ നന്ദ അമിതാബ് ബച്ചന്റെ ചെറുമകനാണ്. നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ഇക്കിസ്'. അക്ഷയ് കുമാറിന്റെ സഹോദരി അൽക്ക ഭാട്ടിയയുടെ മകളായ സിമർ ഭാട്ടിയയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സിമറിന്റെയും ആദ്യ ചിത്രമാണിത്.