ഇനി ഒന്ന് സിറ്റി ബോയ് ആകാം; കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സ്പര്‍ശ് ശ്രിവാസ്തവ

ലാപത്താ ലേഡീസിലെ ദീപക് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു
ഇനി ഒന്ന് സിറ്റി ബോയ് ആകാം; കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സ്പര്‍ശ് ശ്രിവാസ്തവ
Published on


ഇന്ത്യയിലെ ഗ്രാമങ്ങളിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും താന്‍ ഇപ്പോള്‍ നഗര പ്രദേശത്തെ കഥാപാത്രങ്ങളെയാണ് കൂടുതല്‍ കേള്‍ക്കുന്നതെന്ന് ബോളിവുഡ് താരം സ്പര്‍ശ് ശ്രിവാസ്തവ. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ചത്.


'എന്റെ കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്തമാണ്. പക്ഷെ ഞാന്‍ ഇപ്പോള്‍ അതിന്റെ അര്‍ബന്‍ സൈഡിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. സിറ്റി ബോയിയുടെ കഥ പറയുന്ന തിരക്കഥകളാണ് ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. ജംതാരയിലെ കഥാപാത്രം വളരെ റഫ് ആയിരുന്നു. എന്നാല്‍ ദീപകിലേക്ക് വരുമ്പോള്‍ അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട പാവം മനുഷ്യനാണ്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള മനോഹരമായ കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ഞാന്‍ തയ്യാറല്ല. ലോകം അത്തരം കഥകള്‍ ആസ്വദിക്കുന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം പ്രേക്ഷകരില്‍ നിന്ന് ലഭിക്കും. എന്റെ മുന്നിലേക്ക് എത്തുന്ന ഏത് കഥാപാത്രത്തിനും ഞാന്‍ തയ്യാറാണ്. ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ലെന്നോ കഥാപാത്രം ആവര്‍ത്തിച്ച് വരുന്നു എന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല', സ്പര്‍ശ് പറഞ്ഞു.


'പ്രേക്ഷകനും സൗമ്യമായ കഥാപാത്രങ്ങളെ കാണാനാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് പുരുഷ കഥാപാത്രങ്ങളുടെ കാര്യത്തില്‍. ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടത് ഗ്രീന്‍ ഫ്‌ലാഗ് അല്ലെങ്കില്‍ ഗ്രീന്‍ ഫോറസ്റ്റ് ആണ്. അതിനാല്‍ തന്നെ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ഇവിടെ വലിയൊരു ഇടമുണ്ടെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ദീപകുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കും. കാരണം എന്റെ അമ്മയാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ട് തന്നെ എന്റെ ഉള്ളില്‍ ഒരു ജന്റില്‍ മാന്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', എന്നും സ്പര്‍ശ് കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ലാപത്താ ലേഡീസിലാണ് സ്പര്‍ശ് ശ്രിവാസ്തവ അവസാനമായി അഭിനയിച്ചത്. അതിന് മുന്‍പ് ജംതാര എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലാണ് അഭിനയിച്ചത്. ലാപത്താ ലേഡീസിലെ ദീപക് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com