

99ാമത് അക്കാദമി അവാർഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറാത്തി ചിത്രം 'ഗോന്ധൾ' തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി പ്രത്യേക പെയ്ഡ് പ്രിവ്യൂ ഷോകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 10 മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിൽ ചിത്രത്തിന്റെ പ്രത്യേക പെയ്ഡ് പ്രിവ്യൂ ഷോകൾ സംഘടിപ്പിക്കും.
മുംബൈ, പൂനെ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് 'ഗോന്ധൾ' പ്രിവ്യൂ ഷോകൾ നടക്കുക. പ്രിവ്യു ഷോകൾക്ക് ശേഷം 'ഗോന്ധൾ' ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മറാത്തി കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
സന്തോഷ് ദാവഖർ രചനയും സംവിധാനവും നിർവഹിച്ച 'ഗോന്ധൾ' മഹാരാഷ്ട്രയിലെ ഇതേപേരിലുള്ള പരമ്പരാഗത അനുഷ്ഠാനകലയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2025ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രജതമയൂരം നേടിയ സംവിധായകനാണ് സന്തോഷ് ദാവഖർ. സൈക്കോളജിക്കൽ ത്രില്ലർ ഴോണറിലുള്ള ചിത്രത്തിൽ കിഷോർ കദം, ഇഷിത ദേശ്മുഖ്, യോഗേഷ് സൊഹോനി, നിഷാദ് ഭോയിർ, അഞ്ചു പ്രഭു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അമലേന്ദു ചൗധരിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് - ആശിഷ് മാഹ്ത്രെ. ദാവഖർ ഫിലിംസിന്റെ ബാനറിൽ ദിക്ഷ ദാവഖർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട 33 ചിത്രങ്ങളിൽ നിന്നാണ് 'ഗോന്ധൾ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂറിയുടെ മുൻപാകെ എത്തിയ ചിത്രങ്ങളിൽ 14 എണ്ണം ഹിന്ദിയിൽ നിന്നുള്ളവയായിരുന്നു. മറാത്തി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാല് വീതം ചിത്രങ്ങളും തമിഴിൽ നിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഒറ്റ ചിത്രം വീതവുമാണ് ജൂറിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഒരു നിശബ്ദ ചിത്രവും പരിഗണനയിലുണ്ടായിരുന്നു.