
സിനിമാ പ്രേമികള്‍ക്കായി വിവിധ ജോണറുകളിലുള്ള ഒരു പിടി സിനിമകളാണ് ജൂലൈ മാസത്തില്‍ റിലീസിന് ഒരുങ്ങുന്നത്. തീയേറ്ററിലും ഒടിടിയിലുമായി പ്രേക്ഷകരിലേക്ക് ഈ മാസം എത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഇന്ത്യന്‍ 2
കമല്‍ഹാസന്‍- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ രണ്ടാം ഭാഗം ജൂലൈ 12ന് തീയേറ്ററുകളിലെത്തും. 1996-ല്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ സീക്വലില്‍ വീരശേഖരന്‍ സേനാപതിയെന്ന അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്ര്യസമര സേനാനിയുടെ വേഷത്തിലാണ് കമല്‍ എത്തുന്നത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ എഐ സാങ്കേതിക വിദ്യയിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് സംഗീതം. ലൈക പ്രൊഡക്ഷന്‍സും റെഡ് ജയിന്‍റ് മൂവീസുമാണ് നിര്‍മാതാക്കള്‍.
2. സര്‍ഫിറ
അക്ഷയ് കുമാറിനെ നായകനാക്കി സുധാ കൊങ്കര ഒരുക്കുന്ന സര്‍ഫിറ ജൂലൈ 12ന് തീയേറ്ററുകളിലെത്തും. സൂര്യ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം സൂരരൈ പോട്രിന്‍റെ ഹിന്ദി റീമേക്കാണ് ഇത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. സിനിമയില്‍ സൂര്യ അതിഥി വേഷത്തിലെത്തും. രാധിക മദന്‍, പരേഷ് റാവല്‍, സീമ ബിശ്വാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
3. ബാഡ് ന്യൂസ്
വിക്കി കൗശല്‍, തൃപ്തി ദിമ്രി, എമ്മി വിര്‍ക് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ഡ്രാമ ബാഡ് ന്യൂസ് ജൂലൈ 19ന് തീയേറ്ററുകളിലെത്തും. ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നേഹ ധൂപിയയും ഒരു പ്രധാന വേഷത്തിലെത്തുന്നു.
4. ഡെഡ് പൂള്‍ ആന്‍ഡ് വോള്‍വറിന്‍
ഹ്യൂ ജാക്ക്മാനും റയാൻ റെയ്‌നോൾഡും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോമഡി ആക്ഷന്‍ ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തും. 2017 ലെ ലോഗന് ശേഷം ആദ്യമായി ഹ്യൂ ജാക്ക്മാൻ വോൾവറിൻ ആയി എത്തുന്ന ചിത്രത്തെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകിയിൽ നിന്ന് ടൈം വേരിയൻസ് അതോറിറ്റി ഒരു ദൗത്യത്തിനായി റിക്രൂട്ട് ചെയ്ത റയാൻ റെയ്നോൾഡിൻ്റെ ഡെഡ്‌പൂളും സിനിമയിലെത്തുന്നു. ഷോണ്‍ ലവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
5. ഔറോൺ മേൻ കഹൻ ദം ഥാ
അജയ് ദേവ്ഗൺ , തബു, ശന്തനു മഹേശ്വരി, ജിമ്മി ഷെയർഗിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 2002 നും 2023 നും ഇടയിൽ നടക്കുന്ന 20 വർഷം നീണ്ടുനിൽക്കുന്ന ഒരു പ്രണയകഥയാണ് ചിത്രം പങ്കുവെക്കുന്നത്. സംഗീതത്തിന് ഏറെ പ്രധാനമുള്ള സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഓസ്കാര്‍ അവാര്‍ഡ് ജേതാവായ എം.എം കീരവാണിയാണ്.
6. കില്‍
നിഖില്‍ ഗോയല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം കില്‍ ജൂലൈ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.രാഘവ് ജുയൽ, ലക്ഷ്യ , താന്യ മണിക്തല, അഭിഷേക് ചൗഹാൻ, ആശിഷ് വിദ്യാർഥി, ഹർഷ് ഛായ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023-ൽ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കരണ്‍ ജോഹറാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
7. രായന്‍
തമിഴ് നടന്‍ ധനുഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആക്ഷന്‍ ചിത്രമായ രായന്‍ ജൂലൈ 26ന് തീയേറ്ററുകളിലെത്തും. ധനുഷിന്‍റെ കരിയറിലെ 50-ാം ചിത്രം എന്ന പ്രത്യേകതയും രായനുണ്ട്. സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, അപർണ ബാലമുരളി, വരലക്ഷ്മി ശരത്കുമാർ, ശരവണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം.
8. കക്കുഡ
സോനാക്ഷി സിന്‍ഹ, റിതേഷ് ദേശ്മുഖ്, സാഖിബ് സലീം എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ഹൊറര്‍ കോമഡി ചിത്രമാണ് കക്കുഡ. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12ന് സീ ഫൈവിലൂടെ റിലീസ് ചെയ്യും. ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള റാതോഡി എന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
9. ഫ്ലൈ മീ ടു ദ മൂണ്‍
സ്കാര്‍ലറ്റ് ജോണ്‍സണ്‍ , ചാന്നിങ് ടാറ്റം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന റൊമാന്‍റിക് കോമഡി ചിത്രം ജൂലൈ 12ന് ഇന്ത്യയിലെ തീയേറ്ററുകളിലെത്തും. ഗ്രെഗ് ബെര്‍ലാന്‍റി സംവിധാനം ചെയ്യുന്ന സിനിമ നാസയുടെ ചരിത്രനേട്ടമായ അപ്പോളോ 11 മൂണ്‍ ലാന്‍ഡിങ്ങിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സാണ് നിര്‍മാതാക്കള്‍. നിക്ക് ഡിലൻബർഗ്, അന്ന ഗാർഷ്യ, ജിം റാഷ്, നോഹ റോബിൻസ്, കോളിൻ വുഡൽ, ക്രിസ്റ്റ്യൻ സുബർ, ഡൊണാൾഡ് എലീസ് വാട്കിൻസ്, റേ റൊമാനോ, വുഡി ഹാരെൽസൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
10. വൈൽഡ് വൈൽഡ് പഞ്ചാബ്
സിമർപ്രീത് സിംഗ് സംവിധാനം ചെയ്ത വൈൽഡ് വൈൽഡ് പഞ്ചാബ് ജൂലൈ 10 ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങും. ലവ് രഞ്ജനും അങ്കുർ ഗാർഗും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വരുൺ ശർമ്മ , സണ്ണി സിംഗ്, ജാസി ഗിൽ, മൻജോത് സിംഗ്, പത്രലേഖ, ഇഷിത രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.