
ചീറിപ്പായുന്ന വണ്ടികൾ. തിരക്കിട്ട് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നീങ്ങുന്ന ജനസഞ്ചയം. പെട്ടെന്ന് അവരിൽ നിന്ന് ഒരു കൂട്ടം അടർന്ന് മാറുന്നു. അവർ കഥപറച്ചിലുകാരാകുന്നു. അവർക്ക് ചുറ്റും കാണികളുണ്ടാകുന്നു. ഒരു നിമിഷം ആ കഥ കേൾക്കാൻ ആളുകൾ തിരക്കുകള്‍ മറന്ന് നിൽക്കുന്നു. ആ ഒരു നിമിഷത്തെ മാജിക്ക്, മീരാ നായരെ അത്ഭുതപ്പെടുത്തി. മീരാ നായർ എന്ന അഭിനേത്രി കഥ പറയാൻ പഠിച്ചത് ഈ തെരുവുകളിലാണ്.
'സലാം ബോംബെ' എന്ന സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അഭ്യുദയകാംഷികൾ കണ്ണുമടച്ച് മീരയെ വിലക്കി. അരുത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഷൂട്ട് ചെയ്യാൻ കഴിയില്ല. ഇന്ത്യയിലെ തെരുവുകളിൽ പാടാൻ കഴിയില്ല. എന്നിങ്ങനെ ചുറ്റുമുള്ളവർ നൂറ് കണക്കിന് എതിർവാദങ്ങൾ നിരത്തി. പക്ഷേ മീര വഴങ്ങിയില്ല. ഇന്ത്യയിലെ തെരുവുകളാണ് അവരെ കഥ പറയാൻ പഠിപ്പിച്ചത്. അതേ തെരുവിനെ അവർ വിശ്വസിച്ചു. ക്ഷമിക്കണം, കഥപറച്ചിൽ ഞങ്ങളുടെ സിരകളിൽ എന്നപോലെ തെരുവുകളിലും ഒഴുകുന്നുവെന്ന് അരിക് ജീവിതങ്ങൾ പറയാതെ പറഞ്ഞു. എലൈറ്റ് സിനിമാ കാണികൾ, 'ഇല്ലിട്രേറ്റ്' എന്ന് വിളിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ ഓഡിയൻസ്, മീരാ നായരുടെ കഥകൾക്കും അവരുടെ വിശാലമായ തുറസിൽ ഒരു ക്യാൻവാസ് ഒഴിച്ചിട്ടുകൊടുത്തു.
ഒഡീഷയിലെ റൂർക്കലയിലാണ് ഇന്ത്യൻ-അമേരിക്കൻ ഫിലിംമേക്കറായ മീരാ നായരുടെ ജനനം. പഞ്ചാബി വേരുകളുള്ള ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടി. വാമൊഴി ചരിത്രങ്ങൾ കേട്ടായിരുന്നു മീരയുടെ വളർച്ച. ഒറീസയിലെ ജാത്രകളും അവളെ പ്രചോദിപ്പിച്ചു. അവളുടെ വീട്ടിൽ അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, സംഗീതം അതിന് പകരമായി. പ്രത്യേകിച്ച് ഗസലുകൾ. പ്രശസ്ത ഗസൽ ഗായിക ബീഗം അക്തർ മീരയുടെ വീട് സ്ഥിരമായി സന്ദർശിക്കുകയും ഗസലുകൾ പാടുകയും ചെയ്തിരുന്നു. വിഭജനകാലത്ത് ലാഹോറിൽ നിന്നെത്തിയ മീരയുടെ അച്ഛൻ അമൃത് ലാൽ നായർ വീട്ടിൽ ഉറുദുവാണ് സംസാരിച്ചിരുന്നത്. ആ മനോഹരമായ ഭാഷയിലൂടെ അതിമനോഹരമായ സാഹിത്യവും മീരയെ തേടിയെത്തി. ഏറ്റവും ലളിതമായ ഒരു ചിന്തയിൽ, അല്ലെങ്കിൽ ഒരു രാഗത്തിൽ നിന്ന് പോലും, അറിയാനും കണ്ടെത്താനും ധാരാളമുണ്ടെന്ന് മീര ചെറുപ്രായത്തിൽ തന്നെ മനസിലാക്കി.
ഷിംലയിലെ ഐറിഷ് കാതൊലിക്ക് സ്കൂളിൽ പഠിക്കുന്ന കാലത്താണ് മീരയ്ക്ക് നാടകത്തോട് പ്രിയം തോന്നിത്തുടങ്ങുന്നത്. പതിനാറാം വയസ്സിൽ, ബംഗാളി നാടകകൃത്ത് ബാദൽ സർകാറിനൊപ്പം അവൾ കൊൽക്കത്തയിലെ പ്രതിഷേധ നാടകങ്ങളുടെ ഭാഗമായി. തനിക്കുകൂടി പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചാണ് ബാദൽ നാടകങ്ങൾ നിർമിക്കുന്നതെന്ന് മീര മനസിലാക്കി. അവ തെരുവിലേക്കിറക്കുമ്പോൾ അവളതിന്റെ ഭാഗമായി. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്ത്, പ്രവാസി ബ്രിട്ടീഷ് സംവിധായകൻ ബാരി ജോൺ നടത്തുന്ന ഒരു അമേച്വർ നാടക സംഘത്തിനൊപ്പവും മീര പ്രവർത്തിച്ചു.
18-19 വയസ്സിൽ, അക്കാദമികമായി കരിയർ മുന്നോട്ട് കൊണ്ടുപോകാൻ മീര തീരുമാനിച്ചു. കേംബ്രിഡ്ജിൽ സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ബ്രിട്ടീഷ് രാജിനോടുള്ള അവമതിപ്പ് കാരണം മീര അമേരിക്കൻ സർവകലാശാലയായ ഹാർവാർഡ് ആണ് തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമര കാലത്താണ് ജനിച്ചിരുന്നതെങ്കിൽ താനൊരു അരാജകവാദിയാകുമായിരുന്നു എന്നാണ് അക്കാലങ്ങളിൽ മീര തന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. അത്തരം ചിന്തകളിൽ നിന്ന് കൂടിയാകാം അമേരിക്ക എന്ന തെരഞ്ഞെടുപ്പ്. വിഷ്വൽ ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് പഠനത്തിനൊപ്പം ഡോക്യുമെന്ററി ഫിലിം മേക്കിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ച മീര 1979ലാണ് ഹാർവാർഡിൽ നിന്നും ബിരുദം നേടിയത്. ഹാർവാഡിലും മീര നാടകത്തെ കൈവിട്ടില്ല. സെനെക്കയുടെ ഈഡിപ്പസിലെ 'ജോക്കാസ്റ്റസ് സ്പീച്ച്' എന്ന നാടകത്തിലെ അഭിനയത്തിന് മീരയ്ക്ക് ആ കാലത്ത് ബോയിൽസ്റ്റൺ പ്രൈസ് ലഭിക്കുന്നുണ്ട്.
1984ൽ പുറത്തിറങ്ങിയ മീരയുടെ മൂന്നാമത്തെ ഡോക്യുമെന്ററിയായ 'ഇന്ത്യാ കാബറേ', ബോംബെയിലെ സ്ട്രിപ്പ് ഡാൻസേഴ്‌സിനെപ്പറ്റിയായിരുന്നു. അവർ നേരിടുന്ന ചൂഷണത്തിന്റെ കഥയാണ് മീര പറഞ്ഞത്.
മീര ആദ്യമെടുത്ത ഡോക്യുമെന്ററി, ജമാ മസ്ജിദ് സ്ട്രീറ്റ് ജെണൽ, ഓൾഡ് ഡൽഹിയിലെ മനുഷ്യരുമായുള്ള സംവാദമായിരുന്നു. രണ്ടാമത്തെ ഡോക്യുമെന്ററി ഇന്ത്യൻ തെരുവുകളിൽ നിന്ന് ന്യൂയോർക്ക് സബ്വേയിലേക്ക് കൂടുമാറി. 52 മിനിറ്റ് ദൈർഘ്യമുള്ള സോ ഫാർ ഫ്രം ഇന്ത്യ എന്ന ഈ ഡോക്യുമെന്ററി ന്യൂയോർക്കിലെ സബ്‌വേകളിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പത്ര വിൽപ്പനക്കാരന്റെ കഥയാണ് പറയുന്നത്. അമേരിക്കൻ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്കിലെ ഗ്ലോബൽ വില്ലേജ് ഫിലിം ഫെസ്റ്റിവലിലും മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടത് സോ ഫാർ ഫ്രം ഇന്ത്യയാണ്. 1984ൽ പുറത്തിറങ്ങിയ മീരയുടെ മൂന്നാമത്തെ ഡോക്യുമെന്ററിയായ 'ഇന്ത്യാ കാബറേ', ബോംബെയിലെ സ്ട്രിപ്പ് ഡാൻസേഴ്‌സിനെപ്പറ്റിയായിരുന്നു. അവർ നേരിടുന്ന ചൂഷണത്തിന്റെ കഥയാണ് മീര പറഞ്ഞത്. 130,000 ഡോളറിന് രണ്ട് മാസം കൊണ്ട് നിർമിച്ച ഈ ഡോക്യുമെന്ററി മീരയുടെ കുടുംബത്തിൽ നിന്നുതന്നെ വലിയതോതിൽ വിമർശനം ഏറ്റുവാങ്ങി.
1983ലാണ് മീരയുടെ സിനിമാ പ്രവേശം. സുഹൃത്തായ സൂണി താരാപോർവാലയ്ക്കൊപ്പമാണ് മീര 'സലാം ബോംബെ'യുടെ തിരക്കഥ എഴുതിയത്. ബോംബെയുടെ തെരുവുകളിൽ പൊരുതി ജീവിക്കുന്ന കുട്ടികളുടെ ബാല്യത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് മീര ശ്രമിച്ചത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, 1988ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി'ഓർ, പ്രിക്സ് ഡു പബ്ലിക് എന്നീ പുരസ്‌കാരങ്ങൾ ഉൾപ്പെടെ 23 അന്താരാഷ്ട്ര അവാർഡുകളാണ് ഈ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 1989ലെ അക്കാദമി അവാർഡിനും 'സലാം ബോംബെ' നാമനിർദേശം ചെയ്യപ്പെട്ടു.
രണ്ടാമത്തെ ചിത്രത്തിൽ ഡൻസൽ വാഷിങ്ടണെപ്പോലെ ഒരു ഹോളിവുഡ് താരമാണ് മീരയുടെ മുഖ്യ കഥാപാത്രങ്ങളിലൊന്ന്. ഉഗാണ്ടയിൽ നിന്ന് മിസിസിപ്പിയിലേക്ക് കുടിയേറിപ്പാർക്കേണ്ടിവരുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് 'മിസിസിപ്പി മസാല'. ആഫ്രിക്കൻ-അമേരിക്കൻ, ഇന്ത്യൻ സമൂഹങ്ങളിൽ നിലനിൽക്കുന്ന മുൻവിധികളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. 1992 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം കണ്ടവർ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയാണ് മീരയെ അഭിനന്ദിച്ചത്. 1996ലാണ് മീര 'കാമസൂത്ര എ ടെയിൽ ഓഫ് ലവ്' എടുക്കുന്നത്. വാത്സ്യായനന്റെ കാമസൂത്രത്തെ കേവലം അശ്ലീല സാഹിത്യവും രതിയുടെ പാഠപുസ്തകവുമായി വായിച്ചിരുന്ന കാലത്ത് മീര മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. നേരിട്ടുള്ളൊരു അഡാപ്റ്റേഷൻ അല്ലെങ്കിലും രതിയെ പ്രണയവുമായി ചേർത്തുവായിക്കാനുള്ള ശ്രമമായിരുന്നു കാമസൂത്ര. മാത്രമല്ല താര, മായ എന്നീ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്റെ രണ്ട് അറ്റങ്ങളെക്കൂടിയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്.
പുരുഷാധിപത്യ പശ്ചാത്തലത്തിലാണ് ജീവിക്കുന്നതെങ്കിൽ കൂടി , സിനിമയിലെ സ്ത്രീകൾ, പ്രത്യേകിച്ച് മായ, സ്വന്തം നിയതിയുടെ കർത്താവാണ്. കാമസൂത്രയിലുള്ള മായയുടെ വൈദഗ്ധ്യം ഒരുതരത്തിൽ അവളുടെ സ്വയം കണ്ടെത്തൽ കൂടിയാണ്. മൺസൂൺ വെഡ്ഡിങ്ങിലെത്തുമ്പോൾ പെൺ ജീവിതത്തിലെ പ്രേരണകളിലേക്കുള്ള മീരയുടെ യാത്ര വിപുലീകരിക്കപ്പെടുന്നു. സബ്രീന ധവാൻ എഴുതിയ ഈ ചിത്രം ഒരു പഞ്ചാബി വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. വിവാഹം ഈ സിനിമയിൽ സാമൂഹിക സമ്മർദങ്ങളുടെ മെറ്റഫറാണ്. തങ്ങളുടേതായ കൾച്ചറൽ ബാഗേജുകളും, രഹസ്യങ്ങളും, പ്രതീക്ഷകളുമായാണ് ഈ കല്യാണത്തിലേക്ക് ഒരോ ബന്ധുവും എത്തിച്ചേരുന്നത്. മെയിൻ പ്ലോട്ട് ഇതായിരിക്കെ തന്നെ ചൈൽഡ് അബ്യൂസിനെപ്പറ്റി ഒരു സബ് പ്ലോട്ടും സിനിമയിൽ മീര ഉൾച്ചേർത്തിട്ടുണ്ട്. കുടുംബത്തിനുള്ളിലുള്ള അബ്യൂസറെ ഒരു കഥാപാത്രം ചൂണ്ടിക്കാണിക്കുമ്പോൾ കാണികളിലെ സ്ത്രീകളെങ്കിലും ഞെട്ടിക്കാണില്ല. നിശബ്ദമായി അയാളുടെ പൊയ്മുഖം പൊളിഞ്ഞു വീഴണമെന്ന് സിനിമയിൽ ഉടനീളം ആഗ്രഹിച്ചവരാണ് അവർ. എന്നാൽ കുടുംബം അവളുടെ വേദനയ്ക്ക് ഒപ്പം നിൽക്കുന്നിടത്ത് പ്രേക്ഷകർ ഞെട്ടിയിരിക്കും. ഇത്തരമൊരു ബന്ധുവിനെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ നിരവധിയാണ് നമുക്കിടയിൽ. 'അത് നിന്റെ തോന്നലായിരിക്കും' എന്ന ഒറ്റ മറുപടിയിൽ, 'നീ ഇതൊന്നും ആരോടും പറയണ്ട' എന്ന ഒറ്റ മുന്നറിയിപ്പിൽ മുറിവേറ്റവർ അനവധിയാണ്. ആ മുറിവിന് താൽക്കാലികമായ വെച്ചുകെട്ടലായിരുന്നു മൺസൂൺ വെഡ്ഡിങ്. മൺസൂൺ വെഡ്ഡിങ്ങിലൂടെ വെനീസ് ചലച്ചിത്രമേളയിൽ ആദ്യമായി ഗോൾഡൻ ലയൺ അവാർഡ് ലഭിക്കുന്ന സംവിധായകയായി മീരാ നായർ.
കുടുംബത്തിനുള്ളിലുള്ള അബ്യൂസറെ ഒരു കഥാപാത്രം ചൂണ്ടിക്കാണിക്കുമ്പോൾ കാണികളിലെ സ്ത്രീകളെങ്കിലും ഞെട്ടിക്കാണില്ല. നിശബ്ദമായി അയാളുടെ പൊയ്മുഖം പൊളിഞ്ഞു വീഴണമെന്ന് സിനിമയിൽ ഉടനീളം ആഗ്രഹിച്ചവരാണ് അവർ.
2007-ൽ, ഹാരി പോട്ടർ സീരിസിലെ 'ദി ഓർഡർ ഓഫ് ദി ഫീനിക്സ്' സംവിധാനം ചെയ്യാൻ മീരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 'നെയിംസേക്ക്' സംവിധാനം ചെയ്യാനായി അവർ ആ ഓഫർ നിരസിച്ചു. പുലിറ്റ്‌സർ സമ്മാന ജേതാവായ ജുംപ ലാഹിരിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു തിരക്കഥ. ഇർഫാൻ ഖാൻ അവതരിപ്പിച്ച അശോക് ഗാംഗുലിയിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും അത് പതിയെ അയാളുടെ പങ്കാളി അഷിമയുടെ കഥയാവുന്നു. അശോകിനൊപ്പം അമേരിക്കയിലേക്ക് ജീവിതം പറിച്ചുനടുന്ന അഷിമയുടെ ഒറ്റപ്പെടലിലൂടെ, മക്കളിലൂടെ, ഭർത്താവിന്റെ വിയോഗത്തിലൂടെ, സഞ്ചരിച്ച് ഒടുവിൽ അവരിൽ തന്നെ സിനിമ അവസാനിക്കുന്നു. ഈ സിനിമയിലും മറ്റൊരു രാജ്യത്തിൽ സാംസ്കാരികമായി ഉൾച്ചേരാൻ ശ്രമിക്കുന്ന മനുഷ്യരെ നമുക്ക് കാണാം.
പ്രവാസത്തിന്റെ നോട്ടമാണ് മീരാ നായരുടെ സിനിമകൾ. എന്നാൽ അവ ഒളിഞ്ഞുനോട്ടമാകുന്നില്ല. ഏറ്റവും ഒടുവിൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസ് 'എ സ്യൂട്ടബിൾ ബോയ്' ഒഴിച്ചാൽ, നൊസ്റ്റാൾജിയ തിരഞ്ഞ്, അത് നുണഞ്ഞ് പരിവർത്തനപ്പെടാനുള്ള ശ്രമങ്ങൾ മീരയുടെ പ്രവാസ നോട്ടങ്ങൾക്കില്ല. അവർ അന്വേഷികളല്ല, മറിച്ച് ഒരു യന്ത്രത്തിന്റെ ഭാഗമെന്ന കണക്കിന് ലോകക്രമത്തിന് ഒപ്പം ഒഴുകുകയും, തന്റെ വേരുകളുടെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നവരാണ്.
രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളിലും വ്യക്തതയുള്ള ആളാണ് മീര. 2013 ജൂലൈയിൽ ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് 'വിശിഷ്ടാതിഥി'യായുള്ള ക്ഷണം നിരസിച്ചതിലുണ്ട് മീരയുടെ രാഷ്ട്രീയം. പാലസ്തീനോടുള്ള ഇസ്രയേലിന്റെ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആ തീരുമാനം. അന്ന് ട്വിറ്ററിൽ അവർ തുടർച്ചയായി കുറിച്ചത് ഇങ്ങനെയാണ്: മതിലുകൾ ഇടിഞ്ഞുവീഴുന്നൊരു കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. അധിനിവേശം ഇല്ലാതാകുന്ന കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും... ഒരു മതത്തിന് മറ്റൊരു മതത്തേക്കാൾ പ്രാധാന്യം ഭരണകൂടം നൽകാത്ത കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. വർണ്ണവിവേചനം അവസാനിക്കുന്ന കാലത്ത് ഞാൻ ഇസ്രയേലിലേക്ക് പോകും. ഇതെല്ലാം ഉടൻ അവസാനിക്കും, അങ്ങനെ ഞാൻ ഇസ്രയേലിലേക്ക് പോകും. ഈ പ്രതീക്ഷയാണ് മീരാ നായർ എന്ന ക്രിയേറ്റർ.
അഭിനയിക്കാൻ ആഗ്രഹിച്ചിരുന്ന, തെരുവുനാടകങ്ങളുടെ ഭാഗമായിരുന്ന മീര എന്തുകൊണ്ട് സംവിധാനം തെരഞ്ഞെടുത്തു? എന്തു കൊണ്ട് കഥ പറയാൻ തീരുമാനിച്ചു? കാരണം, നമ്മുടെ കഥകൾ നമ്മൾ പറഞ്ഞില്ലെങ്കിൽ അത് ലോകത്തോട് പറയാൻ മറ്റൊരാൾ ഉണ്ടാകില്ല. മീര അവരുടെ കഥയാണ് പറഞ്ഞത്.