ഇന്ത്യൻ സിനിമയുടെ ഗ്രേറ്റസ്റ്റ് ഷോമാൻ; രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികം

നടനും, നിർമാതാവും, സംവിധായകനും എന്ന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിച്ചാണ് രാജ്‌ കപൂർ വിടവാങ്ങിയത്
ഇന്ത്യൻ സിനിമയുടെ ഗ്രേറ്റസ്റ്റ് ഷോമാൻ; രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികം
Published on

ബോളിവുഡിന്റെ ഷോമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികമാണ് ഇന്ന്. പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യൻ സിനിമയുടെ പ്രശസ്തി എത്തിച്ച ഇതിഹാസതുല്യനായ താരത്തിന്റെ ഓർമകൾക്ക് ഇന്നും മരണമില്ല. നടനും, നിർമാതാവും, സംവിധായകനും എന്ന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിച്ചാണ് രാജ്‌ കപൂർ വിടവാങ്ങിയത്.

വേദന ഉള്ളിലൊതുക്കി ചിരിച്ച് കൊണ്ട് പാടുന്ന കോമാളിയെ എങ്ങനെ മറക്കാൻ കഴിയും. അതും പതിവ് നായക സങ്കൽപങ്ങളെയൊക്കെ തകർത്ത്, അതിഭാവുകത്വങ്ങളില്ലാതെ, സാധാരണക്കാരന്റെ പ്രതിനിധിയായാണ് പലപ്പോഴും തിരശ്ശീലയ്ക്ക് മുന്നിൽ നായകനായി രാജ് കപൂർ എത്തിയത്. നടനെന്ന പോലെ നിർമാതാവിന്റെയും സംവിധായകന്റെയും മേലങ്കിയണിഞ്ഞ രാജ് കപൂറിന്റെ ചിത്രങ്ങൾ സിനിമ പ്രേമികളുടേതെന്ന പോലെ നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.



രാജ് കപൂർ സംവിധായകനായി അരങ്ങേറിയ ആഗ് മികച്ച പ്രതികരണമാണ് നേടിയത്. ആവാര അന്താരാഷ്ട്ര തലത്തിലും വലിയ തരംഗമായി മാറി. ദക്ഷിണ-പൂർവേഷ്യൻ രാഷ്ട്രങ്ങളിലും, യുഎസ്എസ്ആറിലും ഒക്കെ ചിത്രം ചർച്ച ചെയ്യപ്പെട്ടു. ഇതുപോലെ ശ്രദ്ധ നേടിയ മറ്റൊരു ചിത്രമായിരുന്നു മേരാ നാം ജോക്കർ. കോമാളിയുടെ വേഷത്തിലെത്തിയ രാജ് കപൂറിനെ ജനം നെഞ്ചിലേറ്റി. ചാർളി ചാപ്ലിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആവാരയിലെയും മേരാ നാം ജോക്കറിലെയും കഥാപാത്രങ്ങളുടെ രൂപം പോലും രാജ് കപൂർ തയ്യാറാക്കിയത്. അങ്ങനെ രാജ് കപൂർ ബോളിവുഡിന്റെ ചാർളി ചാപ്ലിനായി മാറി. ഒപ്പം രാജ് സാഹിബുമായി.

ബോളിവുഡ് ഇന്നും രാജ് കപൂറിന്റെ ഓർമകളിലാണ്. ജന്മവാർഷികം പ്രമാണിച്ച് മുംബൈയിൽ രാജ് കപൂറിന്റെ സിനിമകളുടെ പ്രത്യേക സ്ക്രീനിംഗ് ഉൾപ്പടെ നടത്തുകയുണ്ടായി. കപൂർ കുടുംബത്തിലെ പിന്മുറക്കാരെല്ലാം ആഘോഷത്തിനായി ഒത്തുചേരുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com