
ബോക്സ് ഓഫീസ് കളക്ഷനില്‍ 700 കോടിയും കടന്ന് കുതിക്കുകയാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി. ഇന്ത്യന്‍ മിത്തോളജിയുടെ വര്ണപൊലിമയില് ഫാന്റസിയും ഫിക്ഷനുമൊക്കെ ചേര്‍ത്ത് പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു സംവിധായകന് നാഗ് അശ്വിനും കൂട്ടരും. ആദ്യ പ്രദര്‍ശനം മുതല്‍ തീയേറ്ററുകളില്‍ ആരംഭിച്ച ആരവം ഇനിയും നിലച്ചിട്ടില്ല. കേരളത്തിലും രണ്ട് കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചത്. ബാഹുബലിയും കെജിഎഫും ആര്‍ആര്‍ആറുമൊക്കെ വന്‍ വിജയം നേടിയ കേരള ബോക്സ് ഓഫീസില്‍ മറ്റൊരു അധ്യായമെഴുതി ചേര്‍ക്കുകയാണ് കല്‍ക്കി. ഒരു മൊഴിമാറ്റ ചിത്രമെന്ന തോന്നല്‍ പ്രേക്ഷകനിലുണ്ടാക്കാതെ അതിമനോഹരമായി കൈയ്യടക്കത്തോടെ കല്‍ക്കിയുടെ മലയാളം സംഭാഷണമെഴുതി വിജയിപ്പിച്ചത് നീരജ അരുണ്‍ എന്ന കോഴിക്കോട്ടുകാരിയാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയും ശങ്കര്‍ രാമകൃഷ്ണന്റെയുമൊക്കെ നിരയിലേക്ക് വളര്‍ന്നുവരുന്ന നീരജ, കല്‍ക്കിയുടെ എഴുത്തിന് പിന്നിലെ വിശേഷങ്ങള്‍ ന്യൂസ് മലയാളത്തോട് പങ്കുവെക്കുന്നു...
കല്ക്കിയിലേക്കുള്ള വിളി
കഴിഞ്ഞ 19 വര്‍ഷമായി ബിസിനസ് കോച്ചിങ്, സ്കില്‍ ഡെവലപിങ് രംഗത്ത് സജീവമാണ് ഞാന്‍. ഡബ്ബിങ് സിനിമകളുടെ തിരക്കഥ എഴുത്തിലേക്ക് കടന്നിട്ട് രണ്ട് വര്‍ഷമായി. പ്രൊഫഷണല്‍ തിരക്കുകള്‍ക്കിടയിലും പലതരത്തിലുള്ള എഴുത്തിനായി ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് എത്തിയപ്പോഴാണ് തിരക്കഥ എഴുത്തുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നത്. വോക്സ് കോം എന്ന കമ്പനിക്ക് വേണ്ടി മറ്റ് ഭാഷകളിലുള്ള സിനിമകള്‍ മലയാളത്തിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തി തുടങ്ങി. തിരക്കഥ പോലെ സിനിമയുടെ വിജയത്തിന് ഡബ്ബിങ് ഒരു പ്രധാന പാര്‍ട്ടാണ്, അതുകൂടി നന്നായാലെ തിരക്കഥ വിജയിക്കൂ. ഖുശി, സലാര്‍ എന്നീ തെലുങ്ക് സിനിമകളില്‍ ശങ്കര്‍ രാമകൃഷ്ണന്റെ കോ-റൈറ്ററായിരുന്നു. തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിൽ ഉള്ള പ്രവർത്തിപരിചയം വച്ചാണ് വോക്സ് കോമിന്റെ ഡബ്ബിങ് ഡയറക്ടേഴ്സായ അജിത്, അരുണ്‍ എന്നിവരും ഞാനും അടങ്ങുന്ന ടീമിനെയാണ് വൈജയന്തി മൂവീസ് കല്‍ക്കിക്കായി സമീപിക്കുന്നത്.
ഡയലോഗ് എഴുതിയതും ഡബ്ബിങ് ചെയ്തതും റോ ഫുട്ടേജ് കണ്ട്
കല്‍ക്കി പോലെയുള്ള വലിയ സിനിമകളുടെ ഒറിജിനല്‍ വേര്‍ഷന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോള്‍ തന്നെ പാരലലായി മലയാളത്തിന്റെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചിരുന്നു. അതുകൊണ്ട് ഗ്രാഫിക്സും വിഷ്വല്‍ എഫക്ട്സ് ഒന്നുമില്ലാത്ത ഗ്രീന്‍ മാറ്റില്‍ ഷൂട്ട് ചെയ്ത റോ ഫൂട്ടേജ് കണ്ട ശേഷമാണ് സംഭാഷണങ്ങള്‍ എഴുതിയത്. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ ഇക്കാലം കൊണ്ട് പഠിച്ചിരുന്നു. അതുകൊണ്ട് തെലുങ്കില്‍ നിന്ന് മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തില്‍ അധികം വെല്ലുവിളികള്‍ ഉണ്ടായില്ല. റിലീസ് ദിനത്തില്‍ തീയേറ്ററില്‍ വെച്ചാണ് കല്‍ക്കിയുടെ പൂര്‍ണരൂപം കാണുന്നത്. എഴുത്തിന് പുറമെ ഡബ്ബിങ്ങിലും മൂന്ന് വര്‍ഷമായി സജീവമാണ്. കല്‍ക്കിയില്‍ മൃണാള്‍ താക്കൂറിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഞാനായിരുന്നു. ദിലീപ് ചിത്രം പവി കെയര്‍ ടേക്കറില്‍ നായികയ്ക്ക് ഡബ്ബ് ചെയ്തതും ഞാനായിരുന്നു.
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയും ശങ്കര്‍ രാമകൃഷ്ണന്റെയും നിരയിലേക്ക്
ഡബ്ബിങ് സിനിമകള്‍ അധികം കാണാത്ത ആളായിരുന്നു ഞാന്‍. മങ്കൊമ്പ് ഗോപാലകൃഷ്ണന് സാര്‍ എഴുതിയ ബാഹുബലിയുടെ മലയാളം വേര്‍ഷനാണ് ആദ്യമായി കണ്ട ഡബ്ബ് സിനിമ. അന്നും തിരക്കഥ എഴുതുമെന്ന ചിന്ത മനസിലുണ്ടായിരുന്നില്ല.
ഏത് ഭാഷയും മലയാളത്തിലേക്ക് മാറ്റുമ്പോള്‍ ചലഞ്ചിങ്ങാണ്
തെലുങ്ക് മാത്രമല്ല ഏതൊരു ഭാഷയും മലയാളത്തിലേക്ക് മാറ്റുമ്പോള്‍ സ്വാഭാവികമായും ചില വെല്ലുവിളികള്‍ ഉണ്ട്. തെലുങ്കിലെ സംഭാഷണ ശൈലിയും സംസ്കാരവും ആളുകളുടെ ചിന്താഗതിയും ഹ്യൂമര്‍ സെന്‍സുമൊക്കെ കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്. എഴുതുന്നത് കോമഡി സീനോ, മാസ് സീനോ ആണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് അത് വര്‍ക്കായെങ്കില്‍ മാത്രമേ ആ സീന്‍ വിജയിക്കു. മീറ്ററും ലെങ്തും മാത്രം നോക്കി സംഭാഷണങ്ങള്‍ എഴുതുമ്പോഴാണ് ചില വാക്കുകള്‍ അരോചകമായി തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ ആളുകള്‍ ട്രോളും വിമര്‍ശിക്കും. ഡയലോഗിലൂടെ ആശയം കണ്‍വേ ചെയ്യാന്‍ ശ്രമിക്കുമ്പോഴും അഭിനേതാക്കളുടെ ചുണ്ടനക്കത്തില്‍ പോലും വരുന്ന വ്യത്യാസം കാഴ്ചക്കാരനെ അലോസരപ്പെടുത്തും. ഇതൊക്കെ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ പെര്‍ഫക്ടായി ചെയ്യാം. ഹ്യൂമര്‍ സീനുകള്‍ എഴുതുമ്പോള്‍ ചില ഭാഷകളിലെ പ്രയോഗങ്ങളും ഉപമകളുമൊക്കെ ഒരിക്കലും മലയാളികള്‍ക്ക് വര്‍ക്ക് ആകുന്നതാവില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ നമ്മുടെ ക്രിയേറ്റിവിറ്റിയാണ് അവിടെ ഉപയോഗിക്കേണ്ടത്. പദസമ്പത്താണ് ഇതില്‍ പ്രധാനം. ആ സീനിലെ ഡയലോഗിന് പകരം മലയാളികള്‍ക്ക് കണ്‍വീന്‍സിങ് ആകുന്ന രീതിയില്‍ അതിനെ മാറ്റുകയാണ് ചെയ്യുന്നത്. ബുജിയുടെ ഡയലോഗ്സ് എഴുതുമ്പോള്‍ മീറ്ററും ലെങ്തും ലിപ് മൂവ്മെന്റുമൊന്നും നോക്കേണ്ടി വന്നില്ല. അങ്ങനെയൊരു ഫ്രീഡം എഴുതുമ്പോള്‍ ഉണ്ടായിരുന്നു. ഞാനെഴുതിയ സ്ട്രക്ചറില്‍ നിന്ന് കീര്‍ത്തി സുരേഷിന്റെ ഡബ്ബിങ്ങിലേക്ക് എത്തിയപ്പോള്‍ കീര്ത്തിയുടെതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിരുന്നു. കുറച്ചുകൂടി മലയാളി ടച്ച് ബുജിക്ക് അതിലൂടെ കിട്ടി.
ഭൂതവും ഭാവിയും ഒത്തുചേരുന്ന കഥാപശ്ചാത്തലം
6000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്ന് കരുതപ്പെടുന്ന മഹാഭാരത യുദ്ധത്തിന്റെയും 874 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കല്‍ക്കിയുടെ കഥ. തെലുങ്ക് പതിപ്പില്‍ പുരാണ കഥാപാത്രങ്ങളും മറ്റ് കഥാപാത്രങ്ങളും സംസാരിക്കുന്നതില്‍ നിന്ന് മലയാളത്തിലേക്ക് വരുമ്പോള്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. സാധാരണഗതിയില്‍ ഓരോ സിനിമയ്ക്കും ഓരോ ഭാഷാ സംസ്കാരമാണ്. പക്ഷെ കല്‍ക്കിയില്‍ ഓരോ കഥാപാത്രത്തിനും ഓരോ സംസ്കാരവും ഓരോ സംസാര ശൈലിയുമാണ്. അശ്വത്ഥാമാവ് സംസാരിക്കുന്നത് പോലെയല്ല ഭൈരവയുടെ സംഭാഷണങ്ങള്‍. എന്നാല്‍ ഇവരെല്ലാം ഒന്നിച്ച് വരുന്ന രംഗങ്ങളുമുണ്ട്. ഒരേ കാലഘട്ടത്തില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ് ശോഭനയുടെ മറിയവും ദീപികയുടെ സുമതിയും പക്ഷെ അവര്‍ രണ്ട് പേരും വ്യത്യസ്ത കള്‍ച്ചറില്‍ വളര്‍ന്നവരണ് ഈ വ്യത്യാസം അവരുടെ ഡയലോഗുകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം പുരാണകഥകളും അശ്വത്ഥാമാവ് ആരാണെന്നും എന്താണെന്നുമൊക്കെ ചെറുപ്പത്തിലെ കേട്ട കഥകളില്‍ നിന്ന് അറിവുള്ളതാണ്, അതുകൊണ്ട് മഹാഭാരതം വീണ്ടും പഠിക്കേണ്ടിവന്നില്ല. ഇതൊക്കെ എഴുത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പുരാണകഥാപാത്രങ്ങളെ സിനിമാറ്റിക് ആക്കുമ്പോള്‍ സംഭവിക്കാറുള്ള നാടകീയത ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൃഷ്ണന്റെയും അശ്വത്ഥാമാവിന്റെയും സംഭാഷണങ്ങള്‍ വളരെ എന്ജോയ് ചെയ്താണ് എഴുതിയത്.
അന്നയുടെ പ്രകടനം അത്ഭുതപ്പെടുത്തി
കുറച്ച് സീനുകളിലാണ് ഉള്ളതെങ്കിലും അന്ന ബെന്‍ അവതരിപ്പിച്ച കെയ്റ എന്ന കഥാപാത്രം മികച്ചതായി തോന്നി. ഡബ്ബിങ് സമയത്ത് ആ സീനുകള്‍ കണ്ടപ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നി. ഒരു ഡ്യൂപ്പ് പോലുമില്ലാതെയാണ് ഫൈറ്റ് സീനുകള്‍ ചെയ്തത്. രാജമൗലിയുടെയും രാംഗോപാല്‍ വര്‍മ്മയുടെയും കാമിയോ എക്സൈറ്റ് ചെയ്യിപ്പിച്ചു. ഡബ്ബിങ് നടക്കുമ്പോഴാണ് അര്‍ജുനനായി എത്തിയ വിജയ് ദേവരക്കൊണ്ടയുടെ ഫുട്ടേജ് ലഭിക്കുന്നത്. ഇതൊക്കെ പുതിയ അനുഭവങ്ങള്‍ തന്നെയായിരുന്നു.
പത്ത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ പ്രൊജക്ട്
പത്ത് ദിവസം കൊണ്ട് ജോലികള്‍ ഹൈദരാബാദില്‍ വെച്ച് പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നുള്ള നിര്‍ദേശം. ഞങ്ങളെ മൂന്ന് പേരെയും സംബന്ധിച്ചിടത്തോളം ആദ്യമായാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വലിയ സിനിമ ചെയ്യേണ്ടി വന്നത്. മൂന്ന് ദിവസം കൊണ്ടാണ് കല്‍ക്കിയുടെ തിരക്കഥ മലയാളത്തിലേക്ക് മാറ്റിയത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം കൊച്ചിയില്‍ വെച്ചായിരുന്നു ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.
തിരക്കഥയെഴുതി സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം
ഭാവിയില്‍ ഒരു തിരക്കഥ എഴുതി സ്വന്തമായി സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്. ഇപ്പോള്‍ അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. നല്ല തയാറെടുപ്പോടെ നല്ലൊരു കലാസൃഷ്ടി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു രണ്ട് വര്‍ഷത്തിനുള്ളില്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.