
കൊച്ചി: കാന്താര 2 -വിന്റെ ലാഭ കണക്കില്‍ അല്ല പ്രേക്ഷക സ്വീകാര്യതയെ കുറിച്ചാണ് ആകാംക്ഷയെന്ന് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദ്യ ഭാഗത്തില്‍ ആസ്വദിച്ചത് എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നും സിനിമയുടെ പ്രചാരണത്തിനായി കൊച്ചിയില്‍ എത്തിയ ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താരയുടെ ഓരോ ഫ്രയിമും ആദ്യം വരച്ച ശേഷമാണ് ചിത്രീകരിച്ചത്. ഓരോ രംഗവും എങ്ങനെയായിരിക്കണം എന്ന് കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷമായിരുന്നു ചിത്രീകരണം. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ദിവസങ്ങളോളം വനത്തിനുള്ളില്‍ ആയിരുന്നു. കോടി ക്ലബ്ബില്‍ എത്തുന്നതിനെകുറിച്ചല്ല, പ്രേക്ഷകരുടെ ക്ലബ്ബില്‍ ചിത്രം സ്വീകരിക്കപ്പെടുന്നതിനെ കുറിച്ചാണ് ആലോചിക്കാറുള്ളത് എന്നും ഋഷഭ് ഷെട്ടി പറഞ്ഞു.
കാന്താര കാണാന്‍ വരുന്നവര്‍ മദ്യപിക്കരുതെന്നോ മത്സ്യ മാംസങ്ങള്‍ കഴിക്കരുത് എന്നോ പറഞ്ഞിട്ടില്ല. അത് വ്യാജ വാര്‍ത്തയാണ്. കാന്താരയുടെ ചിത്രീകരണ വേളയില്‍ ഏറെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെന്ന് സിനിമയുടെ ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ് പറഞ്ഞു.
മലയാളി വിനേഷ് ബംഗ്ലാന്‍ ആണ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. കാന്താരയുടെ ആദ്യഭാഗം എത്തിയപ്പോള്‍ ആറ് തീയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെന്നും, വിജയം ആയപ്പോള്‍ 400 തിയേറ്ററുകളിലേക്ക് സിനിമയെത്തി എന്നും വിതരണക്കാരനായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വലിയ ആരാധകന്‍ ആയതുകൊണ്ടാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം തന്നെ അഭിനന്ദനം അറിയിച്ചതെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. കേരള സ്‌റ്റൈലില്‍ മുണ്ടുടുത്താണ് ഋഷഭ് ഷെട്ടി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ഒക്ടോബര്‍ 2 ന് 7 ഭാഷകളില്‍ ആയാണ് കാന്താരാ ചാപ്റ്റര്‍ 1 റിലീസ് ചെയ്യുക.