
വരുണ്‍ ധവാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം ബേബി ജോണിലെ ജാക്കി ഷ്രോഫിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ബബ്ബര്‍ ഷേര്‍ എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ് ബബ്ബര്‍ ഷേര്‍. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ജാക്കി ഷ്രോഫിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ജാക്കി ഷ്രോഫിനെ അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ജാക്കി ഷ്രോഫിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതില്‍ കഥാപാത്രത്തിന്റെ പേര് പറഞ്ഞിരുന്നില്ല.
കാലീസ് ആണ് ബേബി ജോണിന്റെ സംവിധായകന്‍. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ബോളിവുഡിലേക്ക് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. കീര്‍ത്തിക്ക് പുറമെ ചിത്രത്തില്‍ വാമിഖ ഗബ്ബി, സാനിയ മല്‍ഹോത്ര, രാജ്പാല്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. തമന്‍ എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റൂബന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കിരണ്‍ കൗശിക് ആണ്.
വിജയ്, സമാന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തെരി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍. 2016ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അറ്റ്‌ലിയാണ്. ബേബി ജോണിന്റെ നിര്‍മാതാവ് കൂടിയാണ് അറ്റ്‌ലി. ജിയോ സ്റ്റുഡിയോസ്, സിനിമ 1 സ്റ്റുഡിയോ, എ ഫോര്‍ ആ്പ്പിള്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറ്റ്‌ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡേ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബേബി ജോണ്‍ ഡിസംബര്‍ 25ന് തിയേറ്ററിലെത്തും.