
തെലുങ്ക് നടന്‍ ജഗപതി ബാബു യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ ജീവിതം, കരിയര്‍, തെലുങ്ക് സിനിമാ മേഖല എന്നിവയെ കുറിച്ചുള്ള ആരാധാകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. തെലുങ്ക് സിനിമ ബോറഡിപ്പിക്കുന്നതാണെന്നും വ്യവസായത്തിലെ നെപ്പോട്ടിസം പുതിയ പ്രതിഭകളെ വിജയിപ്പിക്കുന്നതില്‍ തടസമാകുന്നുണ്ട് എന്ന് ഒരു ആരാധകന്റെ അഭിപ്രായത്തോട് താരം പ്രതികരിച്ചത് ശ്രദ്ധ നേടുകയാണ്.
ആ കമന്റ് വായിച്ച നടന്‍ ആരാധകന്റെ രണ്ട് പ്രസ്താവനകളോടും താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞു. 'തെലുങ്ക് സിനിമ ബോറഡിപ്പിക്കുന്നുണ്ടെങ്കില്‍ അത് കാണരുത്', എന്നാണ് അദ്ദേഹം പറഞ്ഞത്. നിര്‍മാതാവും സംവിധായകനുമായ വി.ബി. രാജേന്ദ്ര പ്രസാദ് തനിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്ന് തന്നെങ്കിലും വ്യവസായത്തില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് പാടുപെടേണ്ടി വന്നുവെന്നാണ് നെപ്പോട്ടിസത്തെ കുറിച്ച് ജഗപതി ബാബു പറഞ്ഞത്.
"നെപ്പോട്ടിസം പുതിയ പ്രതിഭകളെ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നു എന്നത് ശരിയല്ല. ഇന്ന് ഒടിടിയിലും ചെറിയ സിനിമകളിലും ധാരാളം പുതിയ അഭിനേതാക്കള്‍ അഭിനയിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. സിനിമാ കുടുംബങ്ങളിലെ ചില കുട്ടികള്‍ വിജയിക്കുന്നില്ല. ഉദാഹരണത്തിന് എന്നെ എടുക്കുക. ഞാന്‍ ഒരു സിനിമാ കുടുംബത്തില്‍ നിന്നുള്ളയാളാണ് അത് വ്യവസായത്തില്‍ പ്രവേശിക്കുന്നതിന് അപ്പുറത്തേക്ക് എന്നെ മറ്റൊന്നിലും സഹായിച്ചിട്ടില്ല. എന്റെ നിലനില്‍പ്പിനായി എനിക്ക് പാടുപെടേണ്ടി വന്നു", അദ്ദേഹം വ്യക്തമാക്കി.
തെലുങ്ക് സിനിമയിലെ വലിയ താരങ്ങളെല്ലാം കൊനിദേല, അല്ലു, അക്കിനേനി, ദഗുബതി തുടങ്ങിയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അന്തരിച്ച എന്‍ടിആര്‍, എഎന്‍ആര്‍, കൃഷ്ണ, ചിരഞ്ജീവി തുടങ്ങിയ നടന്മാര്‍ സിനിമയിലെ പ്രമുഖരായപ്പോള്‍ അവരുടെ കുട്ടികളും മറ്റ് കുടുംബാംഗങ്ങളും അതേ പാത പിന്തുടര്‍ന്ന് ഇന്ന് സിനിമാ മേഖലയിലെ വലിയ താരങ്ങളായി മാറി.
അതേസമയം ജഗപതി ബാബു പ്രധാനമായു തെലുങ്ക് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1989ല്‍ പുറത്തിറങ്ങിയ സിംഹ സ്വപ്‌നം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്.