

രജനികാന്ത്-നെൽസൺ ദിലീപ് കുമാർ ചിത്രം 'ജയിലർ 2'ന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കാണ് എല്ലായിടത്തും ചർച്ച. ഒരു രജനി ചിത്രത്തിൽ മറ്റൊരു താരത്തിന്റെ സ്റ്റൈൽ ഇത്തരത്തിൽ ആഘോഷമാകുന്നത് ആപൂർവമാണ്. എന്നാൽ, അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബിൽ ട്രെയ്‌ലറിന്റെ കമന്റ് ബോക്സ് മോഹൻലാൽ 'തൂക്കി' എന്ന് തന്നെ പറയാം. അതും വെറും രണ്ട് സെക്കൻഡ് സ്കീൻ ടൈം കൊണ്ട്! മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ ആണ് ജയിലറിന്റെ രണ്ട് ഭാഗങ്ങളിലും മാത്യുവായി താരത്തെ അണിയിച്ചൊരുക്കിയത്. മാത്യുവിന്റെ ലുക്കിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നാണ് ജിഷാദ് പറയുന്നത്. ന്യൂസ് മലയാളം ഹലോ മലയാളം മോണിങ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഈ സിനിമയിലെ ലാൽ സാറിന്റെ ലുക്കിന്റെ കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ഒരു പരിപാടി വരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ട്രെയ്‌ലർ വന്ന ഉടൻ ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. എനിക്കൊപ്പം ലാൽ സാർ നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. കാരണം അത് മൊത്തം ലുക്ക് ആണ്. ഞാനിപ്പോൾ എഐ ജനറേറ്റഡ് കംപ്ലീറ്റ് ലുക്ക് പലതും കാണുന്നുണ്ട്. എഐയ്ക്ക് പോലും ആ ലുക്ക് കൊണ്ടുവരാൻ പറ്റിയിട്ടില്ല. മോഹൻലാൽ മാത്യുവിന്റെ കോസ്റ്റ്യൂമിൽ നിൽക്കുന്ന പടം അത് കാണേണ്ടത് തന്നെയാണ്," ജിഷാദ് പറഞ്ഞു.
'ജയിലർ' ആദ്യ ഭാഗത്തിൽ രജനികാന്തിന്റെ മുത്തവേൽ പാണ്ഡ്യന്റെ സുഹൃത്തായി എത്തിയ മോഹൻലാൽ കഥാപാത്രം ഇത്തവണ വില്ലനാണെന്ന ഫാൻ തിയറികളോടും ജിഷാദ് പ്രതികരിച്ചു. "എല്ലാവരും എല്ലായ്‌പ്പോഴും ഒരുപോലെയായിരിക്കില്ലല്ലോ. മാത്യുവിന് ഇത്തരത്തിൽ ഒരു കോസ്റ്റ്യൂം കൊടുക്കുന്നത് ആ പടം ആവശ്യപ്പെടുന്നതുകൊണ്ടാണ്. അതിലാണ് ഞാൻ വിശ്വസിക്കുന്നത്. ലാൽ സാറിന്റേത് നെഗറ്റീവ് ക്യാരക്ടറാണോ, വില്ലനാണോ എന്ന് ചോദിച്ച് എനിക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് മേസേജുകൾ വരുന്നുണ്ട്. എനിക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ല. ആ സസ്പെൻസ് അങ്ങനെ തന്നെ നിൽക്കട്ടെ. അത് വളർന്ന് വരട്ടെ. ഇനി ഒരു ഒൻപത് ദിവസം കൂടിയുണ്ട് റിലീസിന്," ജിഷാദ് പറയുന്നു.
"വില്ലൻ, നായകൻ, കാമിയോ എന്നില്ല. ഞാൻ സ്റ്റൈൽ ചെയ്യുന്നത് മാത്യുവിനെയാണ്. മോഹൻലാൽ സാറിന് എന്തുകൊടുത്താലും - അത് വില്ലനായാലും നായകനായാലും അത് മോഹൻലാൽ സാർ ആയി മാറുകയാണ്. ഈ പടത്തെപ്പറ്റി ഒരു ധാരണയും നമുക്കില്ല. ഷൂട്ടിന്റെ ഒന്നോ രണ്ടോ ദിവസം മുൻപാണ് നമ്മൾ എത്തുന്നത്. ഔട്ട്ഫിറ്റ് കൊടുക്കുന്നത് മാത്രമേ നമുക്ക് അറിയൂ. മാത്യുവിന് ആ സീനിന് ചെരുന്ന ഔട്ട് ഫിറ്റ് അതുമാത്രമാണ് നോക്കിയിരുന്നത്, ജിഷാജ് ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
മോഹൻലാലിന് പുറമേ ശിവ് രാജ്‌കുമാര്‍, ജാക്കി ഷ്റോഫ്, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ഒരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്‌ലറിൽ സൂചനയുണ്ട്.
മലയാളത്തില്‍ നിന്ന് മോഹൻലാലിന് പുറമേ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഖദ, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ എന്നിവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 15നാണ് 'ജയിലർ 2' ആഗോള റിലീസ്.