

രജനികാന്ത് ചിത്രം 'ജയിലർ 2'ലെ ആദ്യ സിംഗിൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ‘അല്ല ബോലലോ’ എന്ന ഡാൻസ് നമ്പരാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. മറ്റൊരു അനിരുദ്ധ് ഹിറ്റ്!
അനിരുദ്ധിനൊപ്പം ദീപ്തി സുരേഷ്, നിരഞ്ജന രാമൻ, അപർണ ഹരികുമാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷംന കാസിമിന്റെ തകർപ്പൻ നൃത്തച്ചുവടുകളോടെ എത്തിയ ഗാനരംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്.
'ജയിലർ' ആദ്യ ഭാഗത്തിലെ തമന്നയുടെ ഡാൻസ് നമ്പർ, 'കാവാല' ചാർട്ട് ബസ്റ്ററായിരുന്നു. യൂട്യൂബ് ഉൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ മില്യൺ കണക്കിന് വ്യൂസ് ലഭിച്ച ഈ പാട്ടിന് ഒപ്പം 'അല്ല ബോലലോ’ എത്തിയോ എന്നാണ് 'റോക്ക്സ്റ്റാർ' അനിരുദ്ധ് ആരാധകരുടെ ചർച്ച. രണ്ട് പാട്ടുകളുടേയും ഹുക്ക് ലൈൻസിനേയും ഡാൻസ് സ്റ്റെപ്പുകളേയും ഇഴകീറി പരിശോധിക്കുകയാണ് ആരാധകർ. ഷംനയുടെ സൂപ്പർ ഹിറ്റായ ‘കുർച്ചി മഡ്ത്തപെട്ടി’ എന്ന ഡാൻസ് നമ്പരുമായി താരതമ്യപ്പെടുത്തിയും ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം, മലയാളികളുടെ ശ്രദ്ധ പതിച്ചത് ഡാൻസിലല്ല, അരുൺരാജ കാമരാജ് എഴുതിയ പാട്ടിന്റെ വരികളിലാണ്. നിരവധി മലയാളം വാക്കുകൾ അരുൺരാജ വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ വാക്കുകളുടെ ഉച്ചാരണം ശരിയല്ല എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതെന്ത് മലയാളം എന്ന ആലോചനയിലാണ് അനിരുദ്ധിന്റെ കേരളത്തിലെ ആരാധകർ. 'അടിപൊളി', 'പൊളി', 'മോനെ', 'മോളെ' എന്നീ വാക്കുകൾ ഉള്ളതിനാൽ മലയാളം തന്നെയാണ് ഉദ്ദേശിച്ചതെന്ന് ഉറപ്പിക്കാം എന്നുമാത്രം.
ഗാനത്തിന്റെ 32 സെക്കൻഡ് പ്രൊമോ പുറത്തുവന്നപ്പോൾ തന്നെ മലയാളം ഉച്ചാരണം ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നിരുന്നു. സിംഗിൾ റിലീസ് ചെയ്തതിന് പിന്നാലെ അത് ശക്തമായിരിക്കുകയാണ്. ഇത് മലയാളം അല്ലെന്നും കൃത്യമായി മലയാളം ഉച്ചരിക്കാൻ അറിയാവുന്നവരെ വച്ച് പാടിക്കൂ എന്നും സോഷ്യൽ മീഡിയയിൽ അഭ്യർഥിക്കുകയാണ് മലയാളി സിനിമാപ്രേമികൾ. 'ചേട്ടൻ' എന്ന വാക്ക് ഉപയോഗിക്കാത്തതിൽ ആശ്വസിക്കുന്നവരേയും സൈബർ ഇടങ്ങളിൽ കാണാം.
എഐ ഉപയോഗിച്ചാണ് പാട്ടിന്റെ മലയാളം വരികൾ തയ്യാറാക്കിയതെന്നും വിമർശനമുണ്ട്. നേരത്തെ, രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ ഗാനരചനയ്ക്കായി ചാറ്റ് ജിപിടിയുടെ സഹായം തേടിയിരുന്നതായി അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർത്തുവച്ചാണ് വിമർശനം. സൺ പിക്ചേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അനിരുദ്ധിന്റെ ഈ വെളിപ്പെടുത്തൽ. കംപോസിങ്ങിനിടെ 'ക്രിയേറ്റീവ് ബ്ലോക്ക്' നേരിട്ടപ്പോഴാണ് സഹായത്തിനായി സംഗീത സംവിധായകൻ ചാറ്റ് ജിപിടിയിലേക്ക് എത്തിയത്.
പാട്ടിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകിയപ്പോൾ 10 വരികളാണ് അനിരുദ്ധിന് മറുപടിയായി ലഭിച്ചത്. അതിലെ ഒരു വരി വായിച്ചതോടെ പാട്ടിന്റെ ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കാൻ തനിക്ക് സാധിച്ചുവെന്നാണ് വെളിപ്പെടുത്തൽ. താൻ ചാറ്റ് ജിപിടിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എടുത്തതായും അനിരുദ്ധ് കൂട്ടിച്ചേർത്തിരുന്നു. ഇത് സർഗാത്മക മേഖലയിലേക്കുള്ള എഐയുടെ കടന്നുവരവിനെപ്പറ്റി ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, ‘അല്ല ബോലലോ’യും സംശയത്തിന്റെ നിഴലിലാണ്. ഇനി ഇത് എഐ രചനയല്ലെങ്കിൽ, ഗാനങ്ങളിൽ അന്യഭാഷാ വരികൾ ഉൾപ്പെടുത്തുമ്പോൾ ആ ഭാഷയോട് സംഗീത സംവിധായകർ നീതി കാട്ടണമെന്ന് ഓർമിപ്പിക്കുകയാണ് ഇപ്പോഴത്തെ വിമർശനങ്ങൾ.