

ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രം 'അവതാർ: ഫയർ ആൻഡ് ആഷ്' റിലീസിന് ഒരുങ്ങുകയാണ്. 'അവതാർ' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം സാങ്കേതികപരമായി മറ്റൊരു മുന്നേറ്റമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡിസംബർ 19ന് ആണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് പ്രാദേശിക ഭാഷകളിലാണ് ഇന്ത്യയിൽ ചിത്രം എത്തുന്നത്. സിനിമയുടെ ഇന്ത്യയിലെ പ്രൊമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്.എസ്. രാജമൗലിയുമായി നടത്തിയ പ്രത്യേക സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
'മീറ്റിങ് ഓഫ് ദ മൈൻഡഡ്സ്: ജെയിംസ് കാമറൂൺ ഇൻ കോൺവർസേഷൻ വിത്ത് എസ്.എസ്. രാജമൗലി' എന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് നൽകിയിരിക്കുന്ന പേര്. വീഡിയോയിൽ, ഇരുവരും സിനിമയെപ്പറ്റി ആഴത്തിൽ സംസാരിക്കുന്നു. 'അവതാർ' സിനിമകൾ തന്നെ സ്വാധീനിച്ചതായി രാജമൗലി പറയുന്നു. " ഒരു കുട്ടിയേപ്പോലെ പൂർണമായി മുഴുകിയാണ് ഞാൻ തിയേറ്ററിൽ അവതാർ കണ്ടത്" രാജമൗലി പറഞ്ഞു. ഹൈദരബാദിലെ തിയേറ്ററിൽ ഒരു വർഷത്തോളം സിനിമ പ്രദർശിപ്പിച്ചതായി കാമറൂണിനെ എസ്.എസ്. രാജമൗലി അറിയിച്ചു. "ഐമാക്സിൽ തന്നെ അല്ലേ," എന്ന് കാമറൂൺ ചോദിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
രാജമൗലിയുടെ സിനിമയോടുള്ള കാഴ്ചപ്പാടിനെയും കഥപറയാനുള്ള കഴിവിനേയും ജെയിംസ് കാമറൂൺ പ്രശംസിച്ചു. "നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ മാജിക്ക് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ? കടുവയൊക്കെയുള്ള രസകരമായി ഏന്തെങ്കിലും ഷൂട്ട് ചെയ്യുമ്പോൾ പറയൂ " എന്നും കാമറൂൺ ചോദിക്കുന്നു. മറ്റ് ഇന്ത്യൻ സംവിധായകരുമായും സംസാരിക്കാൻ താൽപ്പര്യം അറിയിച്ച കാമറൂൺ അത്തരം സംവാദങ്ങൾ ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടി. 'വാരണാസി' ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും ഏഴ്, എട്ട് മാസം കൂടി ചിത്രീകരണം നീളുമെന്നും രാജമൗലിയും പറയുന്നു. "നിങ്ങളുടെ സെറ്റിലേക്ക് ഞാൻ വരുന്ന കാര്യം മറക്കരുത്. ക്യാമറ തന്നാൽ ഒരു സെക്കൻഡ് യൂണിറ്റായി പ്രവർത്തിക്കാം," എന്നും തമാശരൂപേണ കാമറൂൺ അറിയിച്ചു.
നേരത്തെ, 2012ൽ ഇറങ്ങിയ രാജമൗലി ചിത്രം 'ആർആർആർ' കണ്ട ജെയിംസ് കാമറൂൺ സംവിധായകനെ അഭിനന്ദിച്ചിരുന്നു. ലോസ് ഏഞ്ചലസിൽ നടന്ന അവാർഡ് നിശയ്ക്കിടെയാണ് സംവിധായകനെ കാമറൂൺ പ്രശംസിച്ചത്.
മഹേഷ് ബാബു, പൃത്വിരാജ് സുകുമാരൻ, പ്രിയങ്ക ചോപ്ര എന്നിവരാണ് രാജമൗലിയുടെ എപ്പിക് ചിത്രം 'വാരാണസി'യിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗ്ലോബ് ട്രോട്ടർ, രണ കുംഭ എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.