'ജന നായകൻ' വിവാദം: സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് നിർമാതാക്കൾ

ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്
'ജന നായകൻ' പോസ്റ്റർ
'ജന നായകൻ' പോസ്റ്റർ
Published on
Updated on

ചെന്നൈ: വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ പേരിലുള്ള നിയമ പോരാട്ടം അവസാനിപ്പിച്ച് നിര്‍മാതാക്കള്‍. സെന്‍സര്‍ ബോര്‍ഡിന് എതിരായി മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍ണായക നീക്കം. സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു. കേസുമായി മുന്നോട്ടുപോകാന്‍ താൽപ്പര്യമില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്.

റിലീസ് നീളുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് നിർമാതാക്കളുടെ പിന്മാറ്റം. നിയമപോരാട്ടവുമായി മുന്നോട്ട് പോയാൽ ചിത്രം എപ്പോള്‍ തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും. തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല.

500 കോടിയോളം മുടക്കുള്ള ചിത്രത്തിന്‍റെ പൊങ്കല്‍ റിലീസ് മുടങ്ങിയതിനാല്‍ 100 കോടിയോളം തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. ചിത്രം പെട്ടിയില്‍ ഇരിക്കുന്തോറും ഈ നഷ്ടവും വര്‍ധിക്കും. ഒപ്പം മറ്റ് അപ്കമിങ് റിലീസുകളും ഉള്ളതിനാല്‍ പ്രതീക്ഷിക്കുന്ന റിലീസ് തീയതി ലഭിക്കണമെന്നില്ല. ഇതിന് പുറമെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ അടക്കം റിലീസിനായി സമ്മര്‍ദം ചെലുത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രായോഗിക തീരുമാനം എന്ന നിലയ്ക്കാണ് നിര്‍മാതാക്കള്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.

'ജന നായകൻ' പോസ്റ്റർ
"ബ്രാഹ്‌മണ സമൂഹത്തെ അപമാനിക്കുന്നു"; മനോജ് ബാജ്‌പേയ്‌ ചിത്രം നിരോധിക്കണമെന്ന് സിനിമ സംഘടന

സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം തന്നെയാണ് പരാതി ഉന്നയിച്ചതെന്നും, അതിനാൽ സിനിമ റിവൈസിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു എന്നുമാണ് ബോർഡിന്റെ വാദം. എന്നാൽ സിനിമയിൽ നേരത്തെ നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് തയ്യാറാകുന്നില്ലെന്നാണ് നിർമാതാക്കൾ നേരത്തെ കോടതിയെ അറിയിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന റിലീസ് തടസപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ്റെ' റിലീസ് ജനുവരി ഒന്‍പതിനാണ് നിശ്ചയിച്ചിരുന്നത്. കെവിഎന്‍ പ്രൊഡക്ഷൻ്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് നിര്‍മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം. വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജന നായകൻ്റെ' പുതിയ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ജന നായകൻ്റെ' ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com