സുന്ദരി ദാമോദരന്‍ പിള്ളയായി ജാന്‍വി കപൂര്‍, ഒപ്പം സിദ്ധാര്‍ഥ് മല്‍ഹോത്രയും; 'പരം സുന്ദരി' ട്രെയ്‌ലര്‍

ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും.
param sundari trailer
പരം സുന്ദരി ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
Published on

സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പരം സുന്ദരിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു മലയാളി പെണ്‍കുട്ടിയും പഞ്ചാബി ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രം പറയുന്നത്. പരം എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. സുന്ദരി ദാമോദരന്‍ പിള്ളയായി ജാന്‍വിയും എത്തുന്നു.

സാംസ്‌കാരിക വൈരുദ്ധ്യങ്ങളെ കാണിച്ചുകൊണ്ട് രസകരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഷാരൂഖ് ഖാന്‍ - രജനികാന്ത് റെഫറന്‍സുകള്‍, മനോഹരമായ ലൊക്കേഷനുകള്‍, കോമഡി ഡയലോഗുകള്‍, പ്രണയ ഗാനങ്ങള്‍ എന്നിവയും ചിത്രത്തിലുണ്ട്. പ്രണയം, ആക്ഷന്‍, കോമഡി തുടങ്ങി രസകരമായൊരു സിനിമാറ്റിക് യാത്രയാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് സച്ചിന്‍-ജിഗര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ പര്‍ദേസിയ, ഭീഗി സാരി എന്നീ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

"സുന്ദരി എനിക്ക് വളരെ അടുത്ത് നില്‍ക്കുന്ന ഒരു വ്യക്തിയാണ്. അവരുടെ എല്ലാ കാര്യങ്ങളും ദക്ഷിണേന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഇത്രയും മനോരഹരമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ചപ്പോള്‍ എനിക്ക് അവളുടെ വൈകാരിക ലോകവുമായുള്ള ബന്ധം അനുഭവപ്പെട്ടു. അത് പ്രേക്ഷകര്‍ക്കും അനുഭവപ്പെടുമന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", എന്നാണ് ജാന്‍വി തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.

"ഞാന്‍ സ്‌നേഹിച്ച് വളര്‍ന്ന പ്രണയത്തിന്റെ പുനരാവിഷ്‌കാരമാണ് പരം സുന്ദരിയിലൂടെ എനിക്ക് കാണാനായത്. ഞങ്ങള്‍ക്ക് ആ ചിത്രം മനോഹരമാക്കണമായിരുന്നു. കേരളത്തിന്റെ മനോഹാരിത അത് സാധ്യമാക്കി. സിനിമ നിര്‍മിക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച ഊഷ്മളതയും സന്തോഷവും പ്രേക്ഷകര്‍ക്കും അനുഭവപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു", എന്ന് സിദ്ധാര്‍ഥ് മല്‍ഹോത്രയും പറഞ്ഞു.

തുഷാര്‍ ജലോട്ടയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാഡോക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com