

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൊലീസ് വേഷത്തിൽ ജയസൂര്യയെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ഴോണറിലാണ് കഥ പറയുന്നതെന്നാണ് സൂചന. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മായൻ: ചാപ്റ്റർ 1'. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ചിത്രങ്ങൾ നിർമിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കറുത്തച്ചനൂട്ടുമായി ചിത്രത്തിന്റെ പ്രമേയം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിങ്- പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രോഹിത് ആർ. നായർ, കല സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് - അമൽ ചന്ദൻ. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വി ബോസ്, പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എബി ബെന്നി, പ്രൊഡക്ഷൻ- കിരൺ കാന്ത്, കൺട്രോളർ- ദീപക് പരമേശ്വരൻ. പിആർഒ -വാഴൂർ ജോസ്.