
ആസിഫ് അലി-രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജിസ് ജോയ്. ആസിഫ് അലി വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് രമേശ് നാരായണിനെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നുവെന്നാണ് ജിസ് ജോയ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. മനോരഥങ്ങള്‍ എന്ന എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ആ സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും ആസിഫിന്റെ പുഞ്ചിരിയില്‍ എല്ലാമുണ്ടായിരുന്നുവെന്നും ജിസ് ജോയ് പറഞ്ഞു.
ജിസ് ജോയ് പറയുന്നു :
രമേശ് നാരായണന്റെ വിഷയത്തില്‍ ആസിഫ് പറഞ്ഞതാണ് ശരിയായ കാര്യം. ഞാന്‍ ആ ഇവന്റിന് ഉണ്ടായിരുന്ന വ്യക്തിയാണ്. എംടി സാറിന് റൂമിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെയും കൊണ്ട് റൂമിലേക്ക് പോയ മൂന്ന് പേരില്‍ ഒരാള്‍ ഞാനായിരുന്നു. ഞാന്‍ പോയി തിരിച്ചുവന്നപ്പോഴേക്കും ഇതെല്ലാം കഴിഞ്ഞു. പിന്നീട് ആസിഫിനെ കണ്ടപ്പോഴൊന്നും അതിനെ കുറിച്ച് സംസാരിച്ചിട്ടില്ലായിരുന്നു. ആസിഫ് പറഞ്ഞത് തന്നെയാണ് അതിന്റെ ശരി. അയാള്‍ അത്തരം കാര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. ഒഴിവാക്കലും മാറ്റി നിര്‍ത്തലുമെല്ലാം പൊതുവെ നടക്കുന്ന കാര്യമായാണ് ആസിഫിന് തോന്നിയത്. എനിക്കും അങ്ങനെ തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഈ ഒഴിവാക്കുമ്പോഴും മാറ്റി നിര്‍ത്തുമ്പോഴുമെല്ലാം നമ്മള്‍ എപ്പോഴൊക്കെയോ ഇതുമായി പൊരുത്തപ്പെട്ടു പോകും. അത് നമ്മള്‍ വിഷയമാക്കിയാല്‍ പിന്നെ നമ്മുടെ ദിവസം പോകും. അതുകൊണ്ട് തന്നെ ആസിഫിന്റെ പുഞ്ചിരിയില്‍ തന്നെ അതെല്ലാം ഉണ്ടായിരുന്നു. ഇതൊന്നും അയാള്‍ക്കൊരു വിഷയമെയല്ല. അന്ന് രാത്രി ഞങ്ങള്‍ സംസാരിച്ചു. അന്ന് രാത്രി നേരെ ആസിഫ് രഞ്ജിത്ത് ഏട്ടനെ കണ്ടു. അപ്പോഴൊന്നും ആരോടും ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയെ ചെയ്തിട്ടില്ല. പിറ്റേ ദിവസം 11 മണി ആയപ്പോള്‍ എനിക്ക് മെസേജുകള്‍ വരാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ ആസിഫിനെ വിളിച്ച് ഫോണ്‍ ഓഫ് ചെയ്‌തോളാന്‍ പറഞ്ഞത്. അപ്പോഴാണ് ആസിഫും ശരിക്കും ഇത് ഇത്രയും കുഴപ്പമായി എന്ന കാര്യം അറിയുന്നത്.
സിനിമയില്‍ എപ്പോഴും പറയില്ലെ, ഒറ്റ ദിവസം മതി ഒരാളുടെ ജീവിതം മാറാനെന്ന്. സമൂഹമാധ്യമത്തിന്റെ ഏറ്റവും വലിയ ഗുണവും ദോഷവും അതാണ്. ഒറ്റ ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറി മറിയും. ചിലരൊക്കെ വലിയ പ്രശ്‌നങ്ങളും വലിയ പരിപാടികളും ഒപ്പിച്ചാണ് അങ്ങനെ മാറി മറിയാറുള്ളത്. പക്ഷെ ആസിഫിനെ സംബന്ധിച്ചെടുത്തോളം വെറുതെയൊരു പുഞ്ചിരിയില്‍ അതു സംഭവിച്ചു. അതിനുശേഷം വി.ഡി സതീശന്‍ സാറൊക്കെ സംസാരിച്ചപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹമെല്ലാം വളരെ ഇമോഷണലായിട്ടാണ് സംസാരിച്ചത്. പല പ്രശ്‌നങ്ങളെയും അങ്ങനെയും നേരിടാം എന്നത് ഞങ്ങള്‍ക്കും പുതിയൊരു അനുഭവമായിരുന്നു എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.
അത് മാത്രമല്ല, എന്തൊരു ബോള്‍ഡ് ഹാര്‍ട്ടഡ് പരിപാടിയാണ്, രമേശ് നാരായണനെ അങ്ങോട്ട് വിളിച്ച് ഞാന്‍ സാറിനുണ്ടായ ബുദ്ധിമുട്ടില്‍ അങ്ങോട്ട് മാപ്പുപറയാം എന്ന് പറയുന്നത്. അപ്പോഴും ഞാന്‍ കൂടെയുണ്ട്. ആ സമയത്ത് രമേശ് നാരായണ്‍ പറയുന്നത് ആസിഫിനെ നേരിട്ട് കാണണം എന്നാണ്. അതിനായി എറണാകുളത്തേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആസിഫ് അതിനും കൂടെ സാറിനെ ബുദ്ധിമുട്ടിക്കാന്‍ വയ്യ, ഞാന്‍ തിരുവനന്തപുരത്തേക്ക് വന്ന് കണ്ടോളാം എന്ന് പറയുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ആസിഫിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞു. എന്നാല്‍ ആസിഫ് പറഞ്ഞത്, ഇത്രയും വലിയൊരു ആള്‍ എന്നോട് ക്ഷമ ചോദിക്കരുത്, തിരിച്ച് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ സാറിനോട് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ആസിഫിന്റെ മറുപടി. അത് കേട്ടപ്പോള്‍ രമേശ് നാരായണ്‍ ആകെ ഇടറി പോയി. അതിന് ശേഷമാണ് നേരെ ആസിഫ് വാര്‍ത്താ സമ്മേളനത്തിന് കയറുന്നത്.
ആ വാര്‍ത്താ സമ്മേളനത്തിന് പോകുന്ന സമയത്ത് ആസിഫ് എന്നോട് ഒരു കാര്യം പറഞ്ഞു, ഞാന്‍ ഇത്തരത്തിലൊരു സംഭവം അനുഭവിച്ചതാണ്. അതുകൊണ്ട് എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് എന്താണെന്നത്. ചില സമയത്ത് ഒരാളുടെ കമന്റ് പോലും നമ്മളെ അലോസരപ്പെടുത്താറുണ്ട്. അപ്പോള്‍ ഒരു സംസ്ഥാനം മുഴുവന്‍ ഒരാള്‍ക്ക് എതിരെ നില്‍ക്കുക എന്ന് പറഞ്ഞാല്‍ അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഭീകരമല്ലേ.
ആസിഫ് ഒട്ടും താരപരിവേഷമില്ലാത്ത ആളാണ്. ആ താരപരിവേഷം ആസിഫ് ഉണ്ടാക്കാത്തതുകൊണ്ടാണ് ഈ ഒഴിവാക്കലുകള്‍ ആസിഫ് നേരിടുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. നമ്മള്‍ എത്ര മൗനമായിട്ട് ഇരുന്നാലും നമുക്ക് ഉള്ളിലുള്ള ഒരു നന്മ എന്നെങ്കിലും കാലം തിരിച്ചറിയും. അത് ചില ആളുകള്‍ക്ക് ഒരുപാട് വൈകീട്ടായിരിക്കും. പക്ഷെ ആസിഫിന് അത്രയും വൈകേണ്ടി വന്നില്ല.