തലവന്റെ തുടക്കത്തില്‍ തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നു : ജിസ് ജോയ് അഭിമുഖം

തലവന്‍ റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ എന്നെ വിളിച്ചത് പൊലീസുകാരായിരുന്നു. എല്ലാ റാങ്കിലും ഉള്ള പൊലീസുകാര്‍ വിളിച്ചിരുന്നു
ജിസ് ജോയ്
ജിസ് ജോയ്
Published on

ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് തലവന്‍. തലവന്റെ സക്‌സസ് സെലിബ്രേഷനില്‍ വെച്ച് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തലവന്‍ 2 പ്രഖ്യാപിച്ചിരിക്കുകയാണ്. തലവന്‍ അവസാനിക്കുന്നതും രണ്ടാം ഭാഗമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു. ചിത്രത്തിന്റെ സ്‌ക്രീന്‍ പ്ലേ എഴുതിയപ്പോള്‍ മുതല്‍ തലവന്‍ 2 മനസിലുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ജിസ് ജോയ് ന്യൂസ് മലയാളത്തോട് പറഞ്ഞു. തലവന്‍ 2 വ്യത്യസ്തമായൊരു ത്രില്ലറായിരിക്കുമെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ രണ്ടാം ഭാഗം മനസിലുണ്ട്

തലവന്‍ ഇന്നലെ 66-ാമത്തെ ദിവസം ആഘോഷിച്ചു. ഇപ്പോഴത്തെ കാലത്ത് അതിനെ ദൈവാനുഗ്രഹമായിട്ട് വേണം കരുതാന്‍. കാരണം ഒരു സിനിമ ഓടാന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പറയുന്ന പത്ത് ക്രൈറ്റീരിയയുണ്ട്. അതില്‍ ഏഴെങ്കിലും ഒരു സിനിമ മീറ്റ് ചെയ്തിരിക്കണം. ആ ഏഴ് എണ്ണവും തെറ്റിച്ച് ഇറങ്ങിയ സിനിമയാണ് തലവനെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പറഞ്ഞത്. പിന്നെ അവാര്‍ഡ് വാങ്ങിക്കാന്‍ വന്ന തിയേറ്റര്‍ മാനേജറിലൊരാള്‍ പറഞ്ഞത് പയ്യന്നൂരിലെ സുമംഗലി എന്ന തിയേറ്ററില്‍ തലവന്‍ റിലീസ് ആയപ്പോള്‍ മുതല്‍ നാല് ഷോയാണ് ഉള്ളതെന്നാണ്. ഇപ്പോഴും അവിടെ സിനിമയ്ക്ക് നാല് ഷോയുണ്ട്. അത് ചെറിയൊരു കാര്യമല്ല. തലവന്‍ തമുക്ക് എല്ലാ രീതിയിലും വിജയമാണ്. തലവന്റെ സ്‌ക്രീന്‍ പ്ലേ കഴിഞ്ഞ് ഞാന്‍ അതിന്റെ സംഭാഷണങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നു. അതുകൊണ്ടാണ് നമ്മള്‍ ടെയില്‍ എന്‍ഡ് അങ്ങനെ വെച്ചിരിക്കുന്നത്.


റിലീസിന് ശേഷം പൊലീസുകാര്‍ വിളിച്ചിരുന്നു

ആസിഫ് അലിയുടെയും ബിജു മേനോന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ഈഗോ എന്ന് പറയുന്നത് അവര്‍ ഒന്നിക്കുന്നതിന് മുന്‍പുള്ള ഒരു ലെയര്‍ മാത്രമാണ്. പിന്നെ രണ്ടു പേരും ഒരുപോലത്തെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. അവര്‍ ഒരുമിച്ച് നിന്ന് ആ പ്രശ്‌നം പരിഹരിക്കുക എന്നതായിരുന്നു സിനിമയുടെ ബെയിസിക് ഐഡിയ. പിന്നെ തലവന്‍ റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ എന്നെ വിളിച്ചത് പൊലീസുകാരായിരുന്നു. എല്ലാ റാങ്കിലും ഉള്ള പൊലീസുകാര്‍ വിളിച്ചിരുന്നു. അവരെല്ലാം തന്നെ പറഞ്ഞത് സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചുവെന്നാണ്.

സ്‌ക്രീന്‍ പ്ലേ റെഡിയാകുന്നതിന് മുന്‍പ്, അതായത് കഥ പറയാന്‍ പറ്റുന്ന ഒരു അവസ്ഥ എത്തിയപ്പോള്‍ തീരുമാനിച്ചതാണ് ആസിഫ് അലിയെയും ബിജു മേനോനെയും. കഥ എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഞാന്‍ അവരെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ പൊതുവെ ചെയ്യാറ്. ഏതാണോ ആര്‍ട്ടിസ്റ്റ് അവരോട് വിളിച്ച് സമ്മതം വാങ്ങിയതിന് ശേഷമെ ഞാന്‍ കഥ എഴുതാറുള്ളൂ. പിന്നെ തലവനില്‍ സ്‌ക്രീന്‍ പ്ലേ എഴുതാന്‍ രണ്ട് റൈറ്റേഴ്‌സ് ഉണ്ടായിരുന്നു. ഞാന്‍ സംഭാഷണം മാത്രമാണ് എഴുതിയത്.

തലവന്‍2 2025 പകുതിയോടെ തുടങ്ങും

തലവന്‍ 2 ത്രില്ലര്‍ ആകണമെന്ന് മാത്രമെ എനിക്കുള്ളൂ. അത് അന്വേഷണം തന്നെയാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആളുകള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെ പോകണ്ട എന്നുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുള്ള ചില സീരീസ് ഉണ്ടല്ലോ അതുപോലെ മാത്രമായി പോകണ്ട എന്നുള്ളതുകൊണ്ടാണ്. കൃത്യമായൊരു ക്ലാരിറ്റി ഇപ്പോള്‍ ഇല്ലെങ്കിലും പുതിയൊരു പരിപാടിയായിരിക്കണം തലവന്‍ 2 എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

തലവന് മുന്‍പ് ബോബി സഞ്ജയ് മുഴുവനായി എഴുതുന്നൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് കുറച്ച് അധികം താരങ്ങള്‍ ഉള്ളൊരു സിനിമയാണത്. അത് കഴിഞ്ഞിട്ടായിരിക്കും മിക്കവാറും തലവന്‍ 2. തലവന്‍ 2 2025ന്റെ പകുതിയോടെ തുടങ്ങണം എന്നാണ് തീരുമാനം. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com