സ്വന്തം മുഖം പോലും തിരിച്ചറിയാനാകാത്ത നായകൻ! ജിത്തു മാധവൻ 'സീൻ' മാറ്റുമോ? ഫാൻ തിയറികളിൽ നിറഞ്ഞ് 'പ്രോസോപഗ്നോസിയ'

സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' നവംബർ ആറിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്
സ്വന്തം മുഖം പോലും തിരിച്ചറിയാനാകാത്ത നായകൻ! ജിത്തു മാധവൻ 'സീൻ' മാറ്റുമോ? ഫാൻ തിയറികളിൽ നിറഞ്ഞ് 'പ്രോസോപഗ്നോസിയ'
Published on: 
Updated on: 

സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. നവംബർ ആറിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകളിലേക്ക് എത്താൻ വെറും രണ്ടാഴ്ച മാത്രം ശേഷിക്കെ ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി പലതരം ഫാൻ തിയറികളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സൂര്യ വ്യത്യസ്തനായ ഒരു പൊലീസുകാരനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടൈറ്റൽ അനൗൺസ്മെന്റ് ടീസറിൽ നിന്ന് വ്യക്തമാണ്. ഈ വ്യത്യസ്തയിലാണ് പല അഭിപ്രായങ്ങൾ ഉയരുന്നത്. നടൻ അവതരിപ്പിക്കുന്ന 'ഡിഎസ്പി ഇൻപരാജ് ' എന്ന കഥാപാത്രം കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണെന്നാണ് ഒരു ഫാൻ തിയറി. ടൈറ്റിൽ ടീസറിൽ ഈ കഥാപാത്രം കൂടെയുള്ളവരുടെ തോളിൽ കയ്യിട്ട് നടക്കുന്നതും കണ്ണുകൾ ചിമ്മാത്തതും ചെവിവട്ടം പിടിച്ച് ഷൂട്ട് ചെയ്യുന്നതും വച്ചാണ് പലരും ഈ നിഗമനത്തിൽ എത്തിയത്. എന്നാൽ, സൂര്യയുടെ കഥാപാത്രം അന്ധനല്ലെന്ന് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ച ദ്രാവിഡ് സെൽവം വ്യക്തമാക്കി. സിനിമയുടെ ടീസറോ മറ്റ് അപ്ഡേറ്റുകളോ പുറത്തുവരും മുൻപ് തന്നെ ഇങ്ങനെയൊരു അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഇതോടെ, മറ്റൊരു തിയറി പൊന്തിവന്നിരിക്കുകയാണ്.

സ്വന്തം മുഖം പോലും തിരിച്ചറിയാനാകാത്ത നായകൻ! ജിത്തു മാധവൻ 'സീൻ' മാറ്റുമോ? ഫാൻ തിയറികളിൽ നിറഞ്ഞ് 'പ്രോസോപഗ്നോസിയ'
ടൈഗറിന്റെ രണ്ടാം വരവിൽ മാസ് കുറഞ്ഞു, ചിരി കൂടി; 'ജയിലർ 2' റിവ്യൂ | JAILER 2 REVIEW

'പ്രോസോപഗ്നോസിയ' എന്ന അവസ്ഥയുമായാണ് സൂര്യ കഥാപാത്രത്തെ ആരാധകർ ഇപ്പോൾ ചേർത്തുവച്ചിരിക്കുന്നത്. മുഖങ്ങൾ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്ന ഒരു അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് പ്രോസോപഗ്നോസിയ, അല്ലെങ്കിൽ 'മുഖാന്ധത' (Face Blindness). കാഴ്ചശക്തിക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും, സ്വന്തം കുടുംബാംഗങ്ങളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ, ചിലപ്പോൾ കണ്ണാടിയിൽ സ്വന്തം മുഖം പോലും തിരിച്ചറിയാൻ ഈ അവസ്ഥയുള്ളവർക്ക് സാധിക്കാതെ വരുന്നു. ഇത്തരത്തിൽ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് സൂര്യയുടെ ഡിഎസ്പി ഇൻപരാജ് എന്നാണ് പുതിയ കണ്ടെത്തൽ.

ഇത് മാത്രമല്ല, ചിത്രത്തിൽ നസ്‌‍ലൻ അവതരിപ്പിക്കുന്ന കഥാപാത്രം (വില്ലൻ വേഷമാണെന്ന് അനുമാനിക്കാം) സൂര്യയുടെ ആൾട്ടർ ഈഗോ ആണെന്ന് പറയുന്നവരുമുണ്ട്. ഇവർ 'ഫൈറ്റ് ക്ലബ്' ആരാധാകരാകാനാണ് സാധ്യത!

അടുത്തിടെ, വികടന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ പ്രമേയ പരിസരത്തെപ്പറ്റി ജിത്തു മാധവൻ ഒരു സൂചന നൽകിയിരുന്നു. ഈ സൂചനയിലേക്ക് തങ്ങളുടെ പ്രോസോപഗ്നോസിയ സിദ്ധാന്തത്തെ ഘടിപ്പിക്കുകയാണ് ആരാധകർ. ജിത്തു മാധവൻ പറഞ്ഞത് പ്രകാരം, ക്രൈം, കോമഡി, റൊമാന്റിക്, ത്രില്ലർ എന്നീ ഴോണറുകൾ ചേർന്ന ചിത്രമായിരിക്കും 'സീൻ'. സൂര്യ അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവും.

ഡിഎസ്പി ഇൻപരാജിന് സർവീസിൽ നിന്ന് വിരമിച്ച ശേഷം പഴയൊരു കേസ് അന്വേഷിക്കേണ്ടി വരുന്നു. എന്നാൽ, പൊലീസ് സേനയുടെ പിന്തുണ ലഭിക്കുന്നില്ല. അയാൾ സ്വന്തമായി ഒരു ടീം രൂപീകരിക്കുന്നു. വിചിത്രമായ ഒരു ടീം. ഈ ടീമിലെ അംഗങ്ങൾ ആരും സാധാരണക്കാരല്ല. അവരോടൊപ്പം ജീവിക്കുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവരോടൊപ്പം ചേർന്ന് അന്വേഷണം നടത്തുക എന്നത് അതിലും പ്രയാസമായി മാറുന്നു. അതേസമയം, എതിരാളി, വില്ലൻ, വളരെ കൃത്യതയോടെയാണ് കരുക്കൾ നീക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്ന സിനിമയുടെ കഥാപരിസരം ഇതാണെന്നാണ് സംവിധായകൻ പറയുന്നത്.

എന്തായാലും, ആദ്യ തമിഴ് ചിത്രത്തിൽ ചില പരീക്ഷണങ്ങൾക്ക് മുതിരുകയാണ് ജിത്തു മാധവൻ. അത് വിജയിക്കുമോ എന്നറിയാൻ അധികം കാത്തിരിക്കേണ്ട കാര്യമില്ല. ജീത്തു 'സീൻ' മാറ്റുമോ, ഇല്ലയോ എന്ന് നവംബർ ആറിന് അറിയാം.

News Malayalam 24x7
newsmalayalam.com