
ജെ.കെ റൗളിംഗിന്റെ ഹാരി പോട്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സീരീസില്‍ ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രമാകാന്‍ ഒരുങ്ങി മുതിര്‍ന്ന ഹോളിവുഡ് നടന്‍ ജോണ്‍ ലിത്‌ഗോ. ഇതിഹാസ ഹോഗ്വാര്‍ട്ട്സ് ഹെഡ്മാസ്റ്ററുടെ വേഷത്തിലേക്ക് ചുവടുവെക്കുന്നത് എളുപ്പമുള്ള തീരുമാനമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്‌ക്രീന്‍ റാന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇതെന്നെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മറ്റൊരു സിനിമയുമായി വന്നപ്പോഴാണ് എനിക്ക് ഫോണ്‍ കോള്‍ വരുന്നത്. ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. കാരണം എന്റെ ജീവിതത്തിലെ അവസാന അധ്യായമായി അടയാളപ്പെടുത്തും. അതില്‍ എനിക്ക് ഭയമുണ്ട്. പക്ഷെ ഞാന്‍ ആവേശത്തിലാണ്. ചില മനോഹരമായ ആളുകള്‍ അവരുടെ ശ്രദ്ധ വീണ്ടും ഹാരി പോട്ടറിലേക്ക് തിരിച്ചിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ഇത് എന്റെ ബുദ്ധിമുട്ടുള്ള തീരുമാനമായി മാറിയത്. ഇതിന്റെ റാപ്പ് പാര്‍ട്ടിയില്‍ എനിക്ക് 87 വയസായിരിക്കും. പക്ഷെ ഞാന്‍ യെസ് പറയുകയായിരുന്നു', എന്നാണ് ജോണ്‍ ലിത്‌ഗോ പറഞ്ഞത്.
ഈ വേനല്‍ക്കാലത്ത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഹാരി പോട്ടര്‍ പരമ്പരയെ 'കൂടുതല്‍ ആഴത്തിലുള്ള' ഒരു ചലച്ചിത്രാവിഷ്‌കാരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഹാരി പോട്ടര്‍ എന്ന അനാഥ ബാലന്‍ താന്‍ ഒരു മാന്ത്രികനാണെന്ന് കണ്ടെത്തി ഹോഗ്വാര്‍ട്ട്‌സ് സ്‌കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാര്‍ഡ്രിയില്‍ പഠിക്കാന്‍ എത്തുന്നു. അവിടെ വെച്ചാണ് അവന്‍ തന്റെ മാന്ത്രിക കഴിവുകള്‍ നിയന്ത്രിക്കാന്‍ പഠിക്കുകയും ദുഷ്ടനായ വോള്‍ഡ്മോര്‍ട്ടിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ ഡംബിള്‍ഡോറിനെ അവതരിപ്പിച്ച മറ്റ് അഭിനേതാക്കളുടെ പാത പിന്തുടര്‍ന്നാണ് ലിത്‌ഗോയും ഇതില്‍ എത്തുന്നത്. ആദ്യ രണ്ട് സിനിമകളിലും ആ കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ് ഹാരിസ്, 2002 ല്‍ ഹാരിസിന്റെ മരണശേഷം ആ വേഷം ഏറ്റെടുത്ത മൈക്കല്‍ ഗാംബണ്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. ലിത്‌ഗോയുടെ കാസ്റ്റിംഗിനെക്കുറിച്ചും വരാനിരിക്കുന്ന എല്ലാ കാസ്റ്റിംഗുകളെക്കുറിച്ചും ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.