കൊച്ചി: ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' സിനിമയുടെ റിലീസ് മാറ്റി. ജൂൺ 12ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് മാറ്റിയെന്നും പുതിയ തീയതിയുമായി ഉടൻ എത്തുമെന്നുമാണ് 'വരവ്' ടീം അറിയിച്ചിരിക്കുന്നത്.
നിർമാതാക്കൾ പങ്കുവച്ച കുറിപ്പ്
ഷാജി കൈലാസ് സംവിധാനം ചെയ്ത‌്, ജോജു ജോർജ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ജൂൺ 12ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന 'വരവ്', എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ്, ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. മികച്ച ഒരു സിനിമാനുഭവം നിങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുവരെ നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.'വരവ്' പുതിയ റിലീസ് തീയതിയുമായി ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തുന്നതായിരിക്കും.
ജോജു അഭിനയിക്കുന്ന ആദ്യ ഷാജി കൈലാസ് ചിത്രമാണ് 'വരവ്'. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമാണം. ജോമി ജോസഫ്, രാഹുൽ റെജി തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഷാജി കൈലാസിന്റെ 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വൻ ബജറ്റില്‍ പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എട്ട് ഫൈറ്റ് മാസ്റ്റേഴ്സാണ് ഒന്നിക്കുന്നത്. സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിവരാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി 72 ദിവസങ്ങൾ കൊണ്ടാണ് 'വരവി'ന്റെ ചിത്രീകരണം പൂർത്തിയായത്.
ജോജുവിനൊപ്പം വാണി വിശ്വനാഥും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നടി സുകന്യയും ചിത്രത്തിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, അഭിമന്യൂ തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശർമ, ചാലി പാലാ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണൻ, സംഗീതം- സാം സി.എസ്, എഡിറ്റർ - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ - റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേഴ്സ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.