
തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ അഭിനയത്തെ കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടാകും. പക്ഷെ വിജയ്‌യുടെ ഡാന്‍സിന് തമിഴില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള നടന്മാര്‍ ഉൾപ്പെടെയുള്ളവർ ആരാധകരാണ്. മികച്ച ഒരു എന്‍റര്‍ടൈനര്‍ എന്ന നിലയില്‍ വിജയ് സിനിമകള്‍ക്ക് ഭാഷാഭേദമില്ലാതെ നിരവധി പ്രേക്ഷകരെയും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയ്‌യിലെ ഡാന്‍സറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍. പുതിയ സിനിമയായ ദേവരയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി ചെന്നൈയിലെത്തിയപ്പോഴായിരുന്നു നടന്‍റെ പ്രതികരണം.
വിജയ്‌യെ പോലെ അനായാസം ചെയ്യാന്‍ കഴിയുന്നതാവണം നൃത്തം. നൃത്തം ഒരിക്കലും സംഘട്ടനമോ ജിംനാസ്റ്റിക്കോ പോലെ തോന്നരുതെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
"വിജയ് സാർ ചെയ്യുന്നതുപോലെ അനായാസമാവണം നൃത്തം. ആസ്വദിച്ചു വേണം ഡാൻസ് ചെയ്യാൻ. അദ്ദേഹം ഡാൻസ് ചെയ്യുമ്പോൾ ഒരിക്കലും അത് കഷ്ടപ്പെട്ട് പഠിച്ചു ചെയ്യുന്നതുപോലെ തോന്നാറില്ല. വളരെ കൂളായി ഭംഗിയിലാണ് അദ്ദേഹം കളിക്കുക. അദ്ദേഹത്തിന്റെ ഡാൻസിന്റെ വലിയ ഫാൻ ആണ് ഞാൻ." ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകൾ.
നേരത്തെ ആര്‍ആര്‍ആറിന്‍റെ പ്രചാരണത്തിന് എത്തിയപ്പോഴും വിജയ്‌യെ കുറിച്ച് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞിരുന്നു. ഇത്രവലിയ താരമായിരുന്നിട്ടും ആ സ്റ്റാര്‍ഡം ഒരിക്കലും അദ്ദേഹത്തില്‍ പ്രതിഫലിക്കാറില്ലെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 ന്‍റെ അനൗണ്‍സ്‌മെന്‍റ് പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ എന്‍റര്‍ടൈനര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് സിനിമ 400 കോടി കളക്ഷനുമായി മികച്ച പ്രതികരണമാണ് തമിഴ് നാട്ടില്‍ നേടിയത്.
കൊരട്ടാല ശിവയും ജൂനിയര്‍ എന്‍ടിആറും ജനത ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര. ജാന്‍വി കപൂറും സെയ്ഫ് അലിഖാനുമാണ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി , മലയാളം ഭാഷകളിലുമെത്തും.
യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.