
തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ദേവരയുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10ന് റിലീസ് ചെയ്യാനിരുന്ന ചിത്രം നേരത്തെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രം സെപ്റ്റംബര്‍ 27നാണ് തിയേറ്ററിലെത്തുന്നത്. കൊരട്‌ല ശിവയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രമാണ്. ജാന്‍വി കപൂറിന്റെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണ് ദേവര എന്ന പ്രത്യേകത കൂടിയുണ്ട്.
ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗം തീരദേശത്തെ കഥയാണ് പറയുന്നത്. രമ്യ കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വിഎഫ്എക്‌സിന് മാത്രം 140 കോടിയോളം ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദേവര ജൂനിയര്‍ എന്‍ടിആറിന്റെ 30-ാമത്തെ ചിത്രമാണ്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എന്‍ടിആര്‍ എത്തുന്നതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ദേവരയുടെ സംഗീത സംവിധാനം. ആര്‍ രത്‌നവേലുവാണ് ഛായാഗ്രാഹകന്‍.