'മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍'; ടൊവിനോയെ പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്

ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം
'മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍'; ടൊവിനോയെ പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്
Published on


അജയന്റെ രണ്ടാം മോഷണത്തിലെ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്‌ലാണ് ടൊവിനോയെന്നും സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാഠപുസ്തകമാണ് ടൊവിനോ എന്നും ജൂഡ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ജൂഡിന്റെ പ്രതികരണം.

'ഒരു നടന്‍ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍.
മലയാളത്തിന്റെ Christian Bale എന്ന് വേണമെങ്കില്‍ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. The Most Hard Working Actor we have . ??
2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാര്‍ത്ഥതയുമാണ്. ഇന്നലെ ARM കണ്ടപ്പോഴും ഞാന്‍ ആ passionate ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. Congratulations team ARM',
എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം ടൊവിനോയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഏറെ നാളുകള്‍ക്ക് ശേഷം മലയാളികള്‍ക്ക് ലഭിച്ച 3ഡി ചിത്രം കൂടിയായിരുന്നു ഇത്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 2ഡി, 3ഡി ഫോര്‍മാറ്റുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ 'കനാ' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com