
ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാന്‍റെ അരങ്ങേറ്റ ചിത്രം മഹാരാജിന് മികച്ച പ്രതികരണം. സിനിമ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി സിനിമയുടെ റിലീസ് സ്റ്റേ ചെയ്തിരുന്നു. നിര്‍മാതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചിത്രം കണ്ട കോടതി സിനിമ ഒരു രീതിയിലും മതവികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കി റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച മുതല്‍ മഹാരാജ് നെറ്റ്ഫ്‌ളിക്സില്‍ സ്ട്രീമിങ് ആരംഭിച്ചു.
സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ പങ്കുവെച്ച അഭിനന്ദനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ജുനൈദ് ഖാന്‍ നന്ദി പറഞ്ഞു."എനിക്ക് ഇപ്പോള്‍ തോന്നുന്ന വികാരം വാക്കുകളാല്‍ വിശദീകരിക്കാന്‍ കഴിയില്ല.മഹാരാജ് എനിക്ക് ദീര്‍ഘവും വന്യവുമായ ഒരു യാത്രയാണ് നല്‍കിയത്. പക്ഷെ എല്ലാം നന്നായി പര്യവസാനിച്ചിരിക്കുന്നു. മഹാരാജ് ഒരുപാട് സ്നേഹത്തോടും ബഹുമാനത്തോടും അഭിനിവേശത്തോടും കൂടിയാണ് ഈ സിനിമയുടെ ഭാഗമായത്, സിനിമയും എൻ്റെ പ്രകടനവും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ സന്തോഷമുണ്ട്" ജുനൈദ് ഖാന്‍ പറഞ്ഞു.
ഭാവി സിനിമ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളും ജുനൈദ് പങ്കുവെച്ചു. , "ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും എനിക്കറിയാം. എന്നെ എല്ലാവിധത്തിലും പിന്തുണക്കുന്ന ഒരു കാസ്റ്റ് ആന്‍ഡ് ക്രൂവിനെ തുടര്‍ന്നുള്ള സിനിമകളിലും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"-ജുനൈദ് കൂട്ടിച്ചേര്‍ത്തു.
സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ കോടതിക്ക് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താക്കളിലൊരാളായ കർസൻദാസ് മുൽജിയെ ആഘോഷിക്കുന്ന മഹാരാജ് എന്ന സിനിമയുടെ റിലീസ് അനുവദിച്ചതിന് ജുഡീഷ്യറിയോട് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് യഷ് രാജ് ഫിലിംസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ കഥകളെയും സംസ്കാരത്തെയും പൈതൃകത്തെയും കഴിഞ്ഞ 50 വര്‍ഷകാലമായി ഉയര്‍ത്തിക്കൊണ്ടു വന്നതിന്‍റെ പാരമ്പര്യമുണ്ട് യഷ് രാജ് ഫിലിംസിന്. ഇന്ത്യയുടെയും ഇന്ത്യക്കാരന്‍റെയും പേരിന് കളങ്കമുണ്ടാക്കുന്ന ഒരു സിനിമയും ഇതുവരെ തങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്ത മഹാരാജ് 1862-ല്‍ നടന്ന മഹാരാജ ലൈബല്‍ കേസിന്‍റെ നാള്‍വഴികളിലേക്കാണ് പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നത്. ജുനൈദ് ഖാനൊപ്പം ജയ്ദീപ് അഹ്ലാവത്ത്, ശാലിനി പാണ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.