

മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിൻ്റെയും കഥ പറയുന്ന 'വിലായത്ത് ബുദ്ധ'യിലെ ആദ്യ ഗാനം പുറത്തുവിട്ടു. നായക കഥാപാത്രമായ ഡബിൾ മോഹനനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിലായിരുന്നു ആദ്യ ഗാനം റിലീസ് ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ റൊമാന്റിക് മെലഡിയാണ് കാട്ടു റാസാ... എന്ന് തുടങ്ങുന്ന ഗാനം. പൃഥ്വിരാജും, പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗത്തിലുള്ളത്.
മലയാളം, തമിഴ് വരികള്‍ ചേര്‍ന്നുള്ള ഗാനം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മലയാളം വരികൾ വിനായക് ശശികുമാറും തമിഴ് വരികൾ മണി അമുദവാൻ, രവി വർമ്മ എന്നിവരും ചേർന്നാണ് എഴുതിയിരിക്കുന്നത്. വിജയ് യേശുദാസും പാർവതി മീനാക്ഷിയുമാണ് ഗായകര്‍.
മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി.ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സച്ചിയുടെ സഹ സംവിധായകനായിരുന്ന ജയൻ നമ്പ്യാരാണ് സംവിധാനം. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടി.ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
വലിയ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഘര്‍ഷവും ഉദ്വേഗവും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമൊക്കെ ചിത്രത്തിലുണ്ടാകും. മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദ് കശ്യപ്, രണദിവെ എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. പിആര്‍ഒ വാഴൂര്‍ ജോസ്.