
ബോളിവുഡ് താരം കജോള്‍ നിലവില്‍ പുതിയ ചിത്രമായ 'മാ'യുടെ പ്രോമോഷന്‍ പരിപാടികളിലാണ്. പ്രോമോഷന്റെ ഭാഗമായി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അഭിമുഖത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫിലിം സ്റ്റുഡിയോ റാമോജി ഫിലിം സിറ്റിയെ 'പ്രേതബാധയുള്ള' സ്ഥലമെന്നാണ് കജോള്‍ വിശേഷിപ്പിച്ചത്. ഇത് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
"റാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണത്തിനിടെ എനിക്ക് ഭയപ്പെടുത്തുന്ന അനുഭൂതിയുണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഷൂട്ടിംഗ് സമയത്ത് ഞാന്‍ ഭയപ്പെട്ടിട്ടുണ്ട്. റാമോജി ഫിലിം സിറ്റി അത്തരത്തിലൊരു സ്ഥലമാണ്. അവിടെ നിന്ന് ഓടിപോകാന്‍ തോന്നും. ശരിക്കും ഞാന്‍ ഒന്നും കണ്ടിട്ടില്ല. ദൈവം എന്നെ രക്ഷിച്ചു", എന്നാണ് കജോള്‍ പറഞ്ഞത്.
ഇതു സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനം നേരിടുകയാണ്. തന്റെ പുതിയ ഹൊറര്‍ സിനിമ പ്രോമോട്ട് ചെയ്യാന്‍ കജോള്‍ ശ്രമിക്കുന്നതാണിത് എന്നാണ് ഒരു അഭിപ്രായം. സിനിമ പ്രോമോട്ട് ചെയ്യാന്‍ റാമോജി ഫിലിം സിറ്റിയെ കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തുകയാണ് കജോള്‍ എന്നാണ് മറ്റൊരു കമന്റ്.
അതേസമയം ജൂണ്‍ 27നാണ് 'മാ' തിയേറ്ററിലെത്തുന്നത്. വിശാല്‍ ഫ്യൂര്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2024ലെ 'ഷെയ്താന്‍' എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫാണിത്. അജയ് ദേവ്ഗണ്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.