

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവലിൻ്റെ ട്രെയ്‌ലർ പുറത്ത്. സസ്പെൻസ് നിറഞ്ഞ ക്രൈം ത്രില്ലറെന്ന ഉറച്ച സൂചന നൽകുന്നതാണ് ട്രെയ്‌ലർ. 1 മിനിറ്റും 55 സെക്കൻ്റുമുള്ള ട്രെയ്‌ലറിലുടനീളം വിനായകൻ നിറഞ്ഞാടുമ്പോൾ ഒരേ ഒരു ഷോട്ടിലെ ഒരൊറ്റ ഡയലോഗിനാൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്ന് ഉറപ്പിക്കുകയാണ് ട്രെയ്‌ലർ.
വേഷപ്പകർച്ച കൊണ്ട് വിനായകനും പ്രേക്ഷകരെ അമ്പരിപ്പിക്കുമെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്. ഇത് വല്ലാത്തൊരു കഥയുടെ അവതാരകൻ ബാബു രാമചന്ദ്രൻ്റെ നരേഷനും ട്രെയ്‌ലറിൻ്റെ ഹൈലൈറ്റാണ്.
നവാഗതനായ ജിതിൻ.കെ .ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം വേഫെറർ ഫിലിംസ് ആണ്. ജിതിൻ .കെ.ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'നിലാ കായും' എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. നവംബർ 27നാണ് ചിത്രം തീയറ്ററുകളിലെത്തുക.