ബോക്സ് ഓഫീസിനെ കുലുക്കി കല്‍ക്കി; ഫാന്‍റസി-ഫിക്ഷന്‍ ചിത്രം ആദ്യ ദിനം നേടിയത്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്
ബോക്സ് ഓഫീസിനെ കുലുക്കി കല്‍ക്കി; ഫാന്‍റസി-ഫിക്ഷന്‍ ചിത്രം ആദ്യ ദിനം നേടിയത്
Published on

ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ തുടക്കമിട്ട് കല്‍ക്കി 2898 എഡി. പ്രഭാസ് നായകനായെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രഭാസിന്‍റെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് കളക്ഷനാണ് കല്‍ക്കി നേടിയിരിക്കുന്നത്. സാക്നിക് ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 95 കോടിയാണ് കല്‍ക്കിയുടെ ആദ്യ ദിന കളക്ഷന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്. തെലുങ്കിൽ നിന്ന് 64.5 കോടിയും തമിഴിൽ നിന്ന് 4 കോടിയും ഹിന്ദിയിൽ നിന്ന് 24 കോടിയും മലയാളത്തിൽ നിന്ന് 2.2 കോടിയും ചിത്രം നേടി.

മഹാനടിയ്ക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി മിത്തും ഫിക്ഷനും ഫാന്‍റസിയും ചേര്‍ന്നൊരു ബ്രഹ്മാണ്ഡ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. 600 കോടി ബജറ്റില്‍ വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍‌മിച്ചിരക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ശോഭന, പശുപതി, ദിഷാ പടാനി, അന്നാ ബെന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാഭാരത കഥയില്‍ നിന്ന് ആരംഭിച്ച് എഡി 2898 ലേക്ക് വളരുന്ന കഥാപശ്ചാത്തലമാണ് കല്‍ക്കിയുടെത്. മികവുറ്റ വിഎഫ്എക്സ് രംഗങ്ങളും സന്തോഷ് നാരായണന്‍റെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, രാജമൗലി, മൃണാള്‍ താക്കൂര്‍, രാംഗോപാല്‍ വര്‍മ എന്നിവരും അതിഥി വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആദ്യ ദിന കളക്ഷനിലെ കുതിപ്പ് വാരാന്ത്യത്തിലും തുടരാന്‍ കഴിയുമെന്നാണ് ഫിലിം ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട്. ആഗോള കളക്ഷനില്‍ ചിത്രം 180 കോടി നേടിയെന്നും അനൗദ്യോഗിക കണക്കുകള്‍ പുറത്തുവരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com