'എന്റെ ജീവിതമെവിടെ, ഞാന്‍ ആരാണ് എന്ന അവസ്ഥയിലായിരുന്നു'; ഗര്‍ഭകാലത്തെ കുറിച്ച് കല്‍ക്കി കോച്ച്‌ലിന്‍

2020ലാണ് കല്‍ക്കി തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നത്
'എന്റെ ജീവിതമെവിടെ, ഞാന്‍ ആരാണ് എന്ന അവസ്ഥയിലായിരുന്നു'; ഗര്‍ഭകാലത്തെ കുറിച്ച് കല്‍ക്കി കോച്ച്‌ലിന്‍
Published on


ബോളിവുഡ് താരം കല്‍ക്കി കോച്ച്‌ലിന്‍ തന്റെ ഗര്‍ഭകാലത്തെ കുറിച്ചും പിന്നീട് പ്രസവത്തിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. ഒരു സ്ത്രീ ഗര്‍ഭകാലത്തും അതിന് ശേഷവും കടന്ന് പോകുന്ന ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളെ കുറിച്ചാണ് കല്‍ക്കി തുറന്ന് സംസാരിച്ചത്. ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ അധികം തുറന്ന് സംസാരിക്കാറില്ല എന്നതാണ് വാസ്തവം.

'എന്നെ സംബന്ധിച്ച് ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ ആദ്യമായി പ്രസവിക്കുമ്പോഴും പിന്നീട് പ്രസവ ശേഷമുള്ള സമയത്തും എല്ലാം നിങ്ങളിലും ശരീരത്തിലും വല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ മറ്റൊരു ആളുടെ അടിമയെ പോലെയാകും. നിങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള ഒരു ഇന്‍ക്യുബേഷന്‍ സിസ്റ്റം മാത്രമായി മാറും. കുഞ്ഞ് നിങ്ങളുടെ പോഷകങ്ങളും ശക്തിയും എല്ലാം എടുക്കും', കല്‍ക്കി പറഞ്ഞു.

'പ്രസവ ശേഷമുള്ള ആദ്യത്തെ ആറ് മാസം വലിയ കഷ്ടം തന്നെയായിരുന്നു. കാരണം രാത്രി മുഴുവന്‍ നിങ്ങള്‍ ഉണര്‍ന്നിരിക്കേണ്ടി വരും. കുഞ്ഞിന് പാലു കൊടുക്കാനായി. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കില്ല. നിങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കില്ല കാരണം മുലയൂട്ടുന്നതുകൊണ്ട് അതെല്ലാം കുഞ്ഞിലേക്ക് പോകും. എന്റെ ജീവിതമെവിടെ, ഞാന്‍ ആരാണ് എന്നീ അവസ്ഥയിലായിപ്പോകും നമ്മള്‍. എന്തോ നഷ്ടപ്പെട്ടത് പോലെ തോന്നിയിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ആ ഭാഗം വളരെ കഷ്ടത നിറഞ്ഞതായിരുന്നു. പിന്നെ ആളുകള്‍ ആ ഭാഗം എത്ര കഷ്ടപ്പാടാണെന്ന കാര്യത്തെ കുറിച്ച് സംസാരിക്കുകയെ ഇല്ല', എന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു.

2020ലാണ് കല്‍ക്കി തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്മ എന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ അവര്‍ മകള്‍ സാപ്പോയുമായി സന്തുഷ്ടയാണ്. 'എന്റെ മകള്‍ ഒരുപാട് സംസാരിക്കുന്നുണ്ട് ഇപ്പോള്‍. ഞങ്ങള്‍ രഹസ്യങ്ങള്‍ പങ്കുവെക്കും. എന്റെ പ്രശ്‌നങ്ങളെ കുറിച്ചും ഞാന്‍ അവളോട് സംസാരിക്കും. എനിക്കൊരു പുതിയ സുഹൃത്തിനെ ലഭിച്ചതുപോലെയാണ്. അവള്‍ എന്നെ മനസിലാക്കുകയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും', കല്‍ക്കി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com