
നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം കല്‍ക്കി 2898 എഡി മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ 27ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 900 കോടി കളക്ഷന്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടി കഴിഞ്ഞു. മിത്തും ഫാന്‍റസിയും ഫിക്ഷനും കൂടി ചേര്‍ന്ന ചിത്രത്തെ റിലീസിന് പിന്നാലെ ചില ഹോളിവുഡ് സിനിമകളുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്തിരുന്നു. സിനിമയ്ക്ക് ഹാരിപോട്ടര്‍ ഫ്രഞ്ചൈസിയുമായുള്ള സാമ്യതയാണ് ഒരു വിഭാഗം ചര്‍ച്ചയാക്കിയത്.
എന്നാല്‍ ഹാരിപോട്ടര്‍ സിനിമയ്ക്ക് പ്രചോദനമായില്ലെന്നും മറ്റ് രണ്ട് ഹോളിവുഡ് സിനിമകള്‍ കല്‍ക്കി ഒരുക്കുന്നതില്‍ ഇന്‍സ്‌പൈയര്‍ ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ സൂമിന് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
“മാർവൽ സിനിമകൾ കണ്ടാണ് നമ്മള്‍ വളർന്നത്. പ്രഭാസിന്‍റെ കഥാപാത്രത്തെ സംബന്ധിച്ച് ഗാർഡിയൻസ് ഓഫ് ദി ഗാലക്സി എന്ന ചിത്രത്തിലെ ക്യാരക്ടറുമായാണ് സാമ്യം. അയൺ മാനെക്കാള്‍ കൂടുതൽ സ്വാധീനം ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയിലെ ക്യാരക്ടര്‍ ചെലുത്തിയിട്ടുണ്ട്. തീർച്ചയായും സ്റ്റാർ വാർസ് ഒരു വലിയ സ്വാധീനമാണ്. എനിക്ക് സ്റ്റാർ വാർസ് ഇഷ്ടമാണ്, അതിനാൽ അത് ഉപബോധത്തില്‍ ഞാന്‍ ഉണ്ടാക്കുന്ന ചിത്രത്തിന്‍റെ സൗന്ദര്യാത്മകതയുടെ ഭാഗമാണ് അത് " - നാഗ് പറഞ്ഞു.
ഹർഷിത് റെഡ്ഡിയുടെ ലൂക്ക് എന്ന കഥാപാത്രം സ്റ്റാർ വാർസിലെ ജനപ്രിയ കഥാപാത്രമായ ലൂക്ക് സ്കൈവാക്കറിൽ നിന്ന് എടുത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹാരി പോര്‍ട്ടറിലെ ലോർഡ് വോൾഡർമോർട്ടിനെ മാതൃകയാക്കിയാണ് കമൽ ഹാസൻ്റെ സുപ്രീം യാസ്കിൻ്റെ രൂപം ഒരുക്കിയതെന്ന വാദം നാഗ് അശ്വിന്‍ നിഷേധിച്ചു.
" ഞങ്ങളുടെ റഫറന്‍സ് ഈ പഴയ ടിബറ്റൻ സന്യാസിമാരായിരുന്നു, അവർക്ക് 120-130 വയസ്സ് പ്രായമുണ്ട്. കമൽ ഹാസൻ സാര്‍ എപ്പോഴും ഓസ്‌കാർ വൈൽഡിന്‍റെ 1890-ലെ ദാർശനിക നോവലായ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേയിൽ നിന്നുള്ള ഡോറിയന്‍റെ ഛായാചിത്രം പരാമർശിക്കാറുണ്ടായിരുന്നു.” എന്നാണ് നാഗ് അശ്വിൻ പറഞ്ഞത്.
600 കോടി ബജറ്റില്‍ വൈജയന്തി മൂവീസ് നിർമിച്ച കൽക്കി 2898 എഡിയിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, പ്രഭാസ്, ശാശ്വത ചാറ്റർജി, ശോഭന, അന്ന ബെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.