മോഹന്‍ലാലിന്റെയും കല്യാണി പ്രിയദര്‍ശന്റെയും സിനിമകള്‍ നാളെ (ഓഗസ്റ്റ് 28) തിയേറ്ററിലെത്തുകയാണ്. ഹൃദയപൂര്‍വം, ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. റിലീസിനോട് അനുബന്ധിച്ച് കല്യാണി പ്രിയദര്‍ശന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
"ഇത്തവണ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചില്ല. പക്ഷെ തൊട്ടടുത്ത സ്‌ക്രീനുകളില്‍ നിന്ന് ഞങ്ങള്‍ പരസ്പരം ആഹ്‌ളാദിക്കും. തിയേറ്ററുകളില്‍ സിനിമകള്‍ക്കൊപ്പം ആഘോഷിക്കാം ഈ ഓണം", എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കല്യാണി കുറിച്ചത്.
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ലോക. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ലോക രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. മലയാളത്തിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ആയാണ് ചിത്രത്തില്‍ കല്യാണിയെ അവതരിപ്പിക്കുന്നത്.
അതേസമയം മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂര്‍വം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. പൂനയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.