
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ - മണിരത്‌നം കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് അവരുടെ മാജിക്കുമായി എത്തുകയാണ്. ഇരുവരും ഒന്നിക്കുന്ന 'തഗ് ലൈഫ്' എന്ന ചിത്രം ജൂണ്‍ അഞ്ചിന് തിയേറ്ററിലെത്തും. 1987ല്‍ പുറത്തിറങ്ങിയ 'നായകന്‍' എന്ന ചിത്രത്തിലാണ് കമല്‍ ഹാസനും മണിരത്‌നവും അവസാനമായി ഒന്നിച്ചത്. അതിന് ശേഷം എന്തുകൊണ്ട് അവര്‍ വീണ്ടും ഒന്നിക്കാന്‍ ഇത്രയും വര്‍ഷമെടുത്തു എന്നത് ആരാധകര്‍ ചോദിച്ച ചോദ്യമായിരുന്നു. അതിന് കമല്‍ ഹാസന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
"ഞങ്ങള്‍ക്ക് ഇതിന് മാപ്പ് പറയാന്‍ മാത്രമെ സാധിക്കുകയുള്ളൂ. ഈ സിനിമയിലൂടെ ഞങ്ങള്‍ അതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കാരണം തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. തീര്‍ച്ചയായും ഞങ്ങള്‍ക്കത് ചെയ്യാമായിരുന്നു. ഇത് ഞങ്ങളുടെ തെറ്റാണ്. സിനിമ ചെയ്യാമെന്ന് ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരുന്നു. അത് മാപ്പ് പറയാനുള്ള ഒരു കാരണമല്ല", എന്നാണ് കമല്‍ ഹാസന്‍ പ്രേക്ഷകരോട് 'തഗ് ലൈഫിന്റെ' ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്.
അവര്‍ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത് സിനിമയെ കുറിച്ചാണെന്നും അതിന്റെ 25 ശതമാനം മാത്രമെ ഇതുവരെ ചെയ്തിട്ടുള്ളൂ എന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. അതിലൊന്ന് 'നായകനും' ഒന്ന് 'തഗ് ലൈഫുമാണ്' എന്നും അദ്ദേഹം പറഞ്ഞു.
മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും 25 ശതമാനത്തിന്റെ പകുതിയായ 'നായകന്‍' തമിഴ് സിനിമയിലെ തന്നെ ക്ലാസിക്കുകളില്‍ ഒന്നാണ്. 'തഗ് ലൈഫും' അത്തരത്തില്‍ ഒരു ക്ലാസിക് ആകുമോ എന്ന പ്രതീക്ഷയിലും ആകാംഷയിലുമാണിപ്പോള്‍ ആരാധകര്‍. അതിനായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമെ ബാക്കിയുള്ളൂ.
എന്തുകൊണ്ടാണ് കമല്‍ ഹാസന്‍ - മണിരത്‌നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ഇത്രയേറെ കാത്തിരിക്കുന്നത്?
അതിന് കാരണം ആ ക്ലാസിക് തന്നെയാണ്. വേലു നായ്കര്‍ എന്ന ഡോണിന്റെ കഥ പറഞ്ഞ 'നായകന്‍' തന്നെയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗും ഡയലോഗുകളും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. അതിനെല്ലാം പരസ്പരം ഒരു ബാലന്‍സ് ഉണ്ടായിരുന്നു. ഒന്നും മുഴച്ചു നില്‍ക്കാതെ മണിരത്‌നം അതിനെയെല്ലാം സമന്വയിപ്പിക്കുകയായിരുന്നു. ഇളയരാജയുടെ സംഗീതവും പി.സി ശ്രീറാമിന്റെ ക്യാമറയും കമല്‍ ഹാസനൊപ്പം അണിനിരന്ന നാസര്‍, ഡല്‍ഹി ഗണേശ് അടക്കമുള്ള താരങ്ങളുമെല്ലാം ആ ക്ലാസിക്കിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ചു. നായകന് ശേഷമാണ് മണിരത്‌നം തമിഴ് സിനിമയുടെ 'മണി സര്‍' ആയി മാറുന്നത്.
തമിഴ് സിനിമയെ തലയെടുപ്പോടെ നിര്‍ത്തിയ നിരവധി സിനിമകള്‍ സമ്മാനിച്ചവരാണ് കമല്‍ ഹാസനും മണിരത്‌നവും. സംവിധായകന്‍, നടന്‍ എന്നതിനെല്ലാം അപ്പുറത്തേക്ക് അവര്‍ക്ക് സിനിമ എന്ന കലയോടുള്ള സ്‌നേഹവും പ്രതിബദ്ധതയും തന്നെയാണ് അവരെ ലെജന്റുകളാക്കുന്നത്. തമിഴ് സിനിമയുടെ രണ്ട് ഇതിഹാസങ്ങള്‍ ആദ്യമായി ഒന്നിച്ചപ്പോള്‍ സ്‌ക്രീനില്‍ പിറന്നത് മാജിക് ആയിരുന്നു. ആ മാജിക് തന്നെയാണ് ആരാധകര്‍ ഇപ്പോഴും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
'തഗ് ലൈഫിന്റെ' പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഓരോ അപ്‌ഡേറ്റിനായും ആവേശത്തോടെ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്. പ്രതീക്ഷകള്‍ ഒരുപാടുണ്ട്, കാരണം 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മാജിക് വീണ്ടും കാണാന്‍ ആകുമെന്ന ആഗ്രഹത്തിലാണ് ഓരോ മണിരത്‌നം - കമല്‍ ഹാസന്‍ ആരാധകരും.
എന്നാല്‍ അത് അങ്ങനെ സംഭവിക്കുമോ?
കഴിഞ്ഞ ദിവസം 'തഗ് ലൈഫിന്റെ' ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിലര്‍ക്ക് ട്രെയ്‌ലര്‍ പൂര്‍ണമായും ഇഷ്ടമായപ്പോള്‍ മറ്റു ചിലര്‍ മോശം അഭിപ്രായമാണ് പങ്കുവെച്ചത്. അതിന് കാരണം അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ട്രെയ്‌ലര്‍ ഉയര്‍ന്നില്ല എന്നതായിരുന്നു. മണിരത്‌നത്തിന്റെ തന്നെ 'ചെക്ക ചെവന്ത വാനം' എന്ന ചിത്രത്തിന്റെ 2.0 വേര്‍ഷനാണ് 'തഗ് ലൈഫ്' എന്ന തരത്തിലും റെഡ്ഡിറ്റ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
അമിത പ്രതീക്ഷ തീര്‍ച്ചയായും 'തഗ് ലൈഫിന്' ഒരു വലിയ വെല്ലുവിളിയാണ്. കാരണം ആരാധകര്‍ ഒരിക്കലും ഒരു ആവറേജ് സിനിമ അനുഭവമല്ല മണിരത്‌നം - കമല്‍ ഹാസന്‍ കോമ്പോയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ട്രെയ്‌ലര്‍ റിലീസിന് ശേഷം തന്നെ അത് വ്യക്തമായതാണ്. അവര്‍ ആഗ്രഹിക്കുന്നത് 'എക്‌സട്രോഡിനറി' സിനിമാ അനുഭവം തന്നെയാണ്. അത് നല്‍കാന്‍ ഇരുവര്‍ക്കും ആകുമോ എന്ന് അറിയാന്‍ ഇനി ജൂണ്‍ അഞ്ച് വരെ കാത്തിരുന്നാല്‍ മതിയാകും.