
കമൽ ഹാസന്റെ കന്നഡ ഭാഷാ വിവാദത്തിനിടയില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച കളക്ഷന്‍ സ്വന്തമാക്കാനാകാതെ മണിരത്നം ചിത്രം തഗ് ലൈഫ്. 17 കോടി രൂപ മാത്രമാണ് ആദ്യ ദിനം ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ഓണ്‍ലൈന്‍ ട്രാക്കർമാരായ സാക്നിൽക്ക് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം, ചിത്രം നേടിയ 17 കോടിയില്‍ 15.4 കോടിയും തമിഴ് പതിപ്പാണ് കളക്ട് ചെയ്തത്. തെലുങ്ക് പതിപ്പ് 1.5 കോടിയും ഹിന്ദി പതിപ്പ് 10 ലക്ഷവുമാണ് കളക്ട് ചെയ്തിരിക്കുന്നത്. കന്നഡ ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് ചിത്രം കർണാടകയില്‍ റിലീസ് ചെയ്തിരുന്നില്ല. ഇത് വലിയ തോതില്‍ സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്നായിരുന്നു കമലിന്റെ പരാമർശം. കമല്‍ മാപ്പ് പറയാതെ തഗ് ലൈഫ് കർണാടകയില്‍ പ്രദർശിപ്പിക്കില്ലെന്നാണ് കർണാടക ഫിലിം ചേംബറിന്റെ നിലപാട്. സംഭവം കളക്ഷനെ ബാധിക്കുമെന്ന് ഉറപ്പായിട്ടും കമല്‍ മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. കമലിന്റെ നിലപാട് സിനിമയ്ക്ക് വരുത്തിയ നഷ്ടം ഏകദേശം 40 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ട്.
ലോകത്താകമാനം 2,220 തിയേറ്ററുകളിലാണ് ജൂണ്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്തത്. തമിഴ് ഭാഷയിൽ 52.06 ശതമാനം ഒക്യുപെൻസിയും ഹിന്ദിയിൽ 5.79 ശതമാനം ഒക്യുപെൻസിയുമാണ് തഗ് ലൈഫ് നേടിയത്. ഐമാക്സ് 2ഡി പതിപ്പിന് തമിഴിൽ 34.63 ശതമാനം ഒക്യുപെൻസിയാണ് രേഖപ്പെടുത്തിയത്.
ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കമല്‍ ചിത്രം 'വിക്രം' ഓപ്പണിങ് ദിനം കളക്ട് ചെയ്തത് 66 കോടി രൂപയായിരുന്നു. കമല്‍ ഹാസന്റെ ഇതിനു മുന്‍പ് ഇറങ്ങിയ ശങ്കർ ചിത്രം 'ഇന്ത്യന്‍ 2', 50 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തത്. ഒരു പരാജയ ചിത്രമായിരുന്നിട്ടും ഇത്രയും വലിയ ഒരു കളക്ഷന്‍ നേടാന്‍ സാധിച്ചിടത്താണ് മണി രത്നം ചിത്രം 17 കോടിയില്‍ ഒതുങ്ങിയത്.
കമൽ ഹാസനൊപ്പം തൃഷ കൃഷ്ണൻ, ടി.ആർ. സിലംബരശൻ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, ജോജു ജോർജ്, നാസർ, അലി ഫസൽ, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് തഗ് ലൈഫിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.