

ചെന്നൈ: 'തലൈവർ 173'ൽ നിന്ന് സംവിധായകൻ സുന്ദർ സി പിന്‍മാറിയതിൽ പ്രതികരണവുമായി സിനിമയുടെ നിർമാതാവ് കമൽ ഹാസൻ. സുന്ദർ സി തന്റെ നിലപാട് പ്രസ്താവനയിലൂടെ അറിയിച്ചു കഴിഞ്ഞെന്നു ഒരു നിർമാതാവ് എന്ന നിലയിൽ രജനികാന്തിന് ചേരുന്ന ഒരു തിരക്കഥയ്ക്കായിരിക്കും താന്‍ പരിഗണന നൽകുക എന്നും കമൽ വ്യക്തമാക്കി. അടുത്തിടെയാണ് കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ രജനികാന്ത് നായക വേഷത്തിലെത്തുന്ന സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്‍പേ ശിവം, അരുണാചലം എന്നീ സിനിമകൾ എടുത്ത സുന്ദർ സി ആണ് സംവിധായകൻ എന്ന് കൂടി അറിയിച്ചതോടെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ സിനിമയിൽ നിന്ന് സുന്ദർ സി പിന്മാറി.
"സുന്ദർ സി തന്റെ നിലപാട് പ്രസ്താവനയിലൂടെ അറിയിച്ചു കഴിഞ്ഞു. ഞാൻ ഒരു നിർമാതാവാണ്. എന്റെ താരത്തെ (രജനികാന്ത്) തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ എടുക്കുകയാണ് എന്നതാണ് എന്റെ കടമ. അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതുവരെ ഞങ്ങൾ തിരക്കഥകൾ കേട്ടുകൊണ്ടിരിക്കും. അഭിനേതാക്കളായി ഞങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായി മറ്റൊരു കഥ തിരയുകയാണ്," കമൽ ഹാസൻ.
അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണമാണ് പ്രൊജക്ടിൽ നിന്ന് പിന്മാറുന്നത് എന്നാണ് സുന്ദർ സിയുടെ ഔദ്യോഗിക വിശദീകരണം. ആരാധകരെ നിരാശരാക്കിയതിൽ സംവിധായകൻ ക്ഷമയും ചോദിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് 'തലൈവർ 173' യില്‍ നിന്ന് പിന്‍മാറുന്നതായി സുന്ദർ സി അറിയിച്ചത്. സംവിധായകന്റെ പിന്മാറ്റത്തിൽ ഞെട്ടലിലാണ് ആരാധകർ. 'അരുണാചല'ത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യു രജനികാന്ത് ചിത്രത്തില്‍ ആരാധകർ ഏറെ പ്രതീക്ഷ വച്ചിരുന്നു. ബജറ്റ് പ്രശ്നവും കഥയുമായ ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുമാണ് സംവിധായകന്റെ പിന്‍മാറ്റത്തിന് കാരണം എന്നാണ് ഒരു വിഭാഗം പറയുന്നത്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാകാം പിന്മാറ്റമെന്നും അഭ്യൂഹങ്ങളുണ്ട്.