
അന്തരിച്ച മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരില്‍ ഒരാളായിരുന്നു കവിയൂര്‍ പൊന്നമ്മ. ആ അഭിനയ മികവ് കൊണ്ടാണ് തങ്ങള്‍ക്ക് ആ കലാകാരിയെ തമിഴ് സിനിമയിലേക്കും കൊണ്ടുവരാന്‍ സാധിച്ചതെന്നാണ് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചത്.
'മലയാളത്തിന്റെ മികച്ച സ്വഭാവനടിയായ കവിയൂര്‍ പൊന്നമ്മയെ 'എല്ലാ അഭിനേതാക്കളുടെയും അമ്മ' എന്നാണ് വിളിച്ചിരുന്നത്. അഭിനയ മികവ് കാരണം ഞങ്ങള്‍ അവരെ തമിഴ് സ്‌ക്രീനിലേക്കും കൊണ്ടുവന്നു (സത്യ). കവിയൂര്‍ പൊന്നമ്മയുടെ മരണവാര്‍ത്ത ദു:ഖകരമാണ്. കുടുംബത്തിന് എന്റെ അനുശോചനം. അമ്മയ്ക്ക് ആദരാഞ്ജലികള്‍,' എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്. കമല്‍ഹാസന്‍ നായകനായ സത്യ എന്ന തമിഴ് ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയവെ എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ കവിയൂര്‍ പൊന്നമ്മ 700ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്.
അവസാന നാളുകളില്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു കവിയൂര്‍ പൊന്നമ്മ താമസിച്ചിരുന്നത്. സിനിമ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.