
തലവന്‍ സിനിമയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. തലവന്‍ ടീമിനെ രാജ്കമല്‍ ഫിലിംസിന്റെ ചെന്നൈ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് കമല്‍ ഹാസന്‍ അഭിനന്ദനം അറിയിച്ചത്. ബുധനാഴ്ച കമല്‍ഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവന്‍ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്. ഷൂട്ടിങ് തിരക്കുകള്‍ മൂലം ബിജു മേനോന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, തന്റെ നിറഞ്ഞ സന്തോഷം ബിജുവിനെ അറിയിക്കണമെന്ന് കമല്‍ ഹാസന്‍ തലവന്‍ ടീമിനെ ഓര്‍മ്മിപ്പിച്ചു.
ഉലകനായകനോടൊപ്പം ഒരു മേശക്ക് ചുറ്റുമിരുന്നു സന്തോഷം പങ്ക് വെക്കുന്ന ആസിഫ് അലിയുടേയും തലവന്‍ ടീമിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്യൂച്ചര്‍ റണ്‍ അപ് ഫിലിംസിന്റെ അനുപ് കുമാര്‍ വഴിയാണ് തലവന്‍ ടീം കമല്‍ഹാസനെ നേരിട്ട് കണ്ടത്. മെയ് 24നാണ് ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ തിയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നിലവില്‍ ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
ബിജു മേനോന്‍ ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.