"ആ കല പഠിക്കണമെന്ന് തോന്നി"; റാംബോയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കമല്‍ ഹാസന്‍

അക്കാഡമി ജേതാവായ മൈക്കിള്‍ വെസ്റ്റ്‌മോര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കീഴിലാണ് കമല്‍ ഹാസന്‍ പ്രൊസ്‌തെറ്റിക് മേക്കപ്പിന്റെ ട്രെയിനിംഗ് നടത്തിയത്. അങ്ങനെയാണ് അദ്ദേഹം 'റാംബോ 3'യില്‍ സില്‍വര്‍സ്‌റ്റെര്‍ സ്റ്റാലോണിനെ മേക്കപ്പ് ചെയ്തത്
"ആ കല പഠിക്കണമെന്ന് തോന്നി"; റാംബോയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കമല്‍ ഹാസന്‍
Published on


ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് കമല്‍ ഹാസന്‍. കമല്‍ ഹാസന്റെ സിനിമാ ജീവിതം വെറും അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഡാന്‍സ് കോറിയോഗ്രഫര്‍ എന്നിങ്ങനെ നീളുന്നു കമല്‍ ഹാസന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ കമല്‍ ഹാസന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതും പ്രൊസ്‌തെറ്റിക് മേക്കപ്പ് ആര്‍ടിസ്റ്റ്. ഇപ്പോള്‍ കമല്‍ ഹാസന്‍ തന്നെ ഹോളിവുഡ് സിനിമയായ 'റാംബോ 3'യില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

സെറ്റില്‍ വെറും സെലിബ്രിറ്റി ഗസ്റ്റായി മാത്രമല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. അക്കാഡമി ജേതാവായ മൈക്കിള്‍ വെസ്റ്റ്‌മോര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കീഴിലാണ് കമല്‍ ഹാസന്‍ പ്രൊസ്‌തെറ്റിക് മേക്കപ്പിന്റെ ട്രെയിനിംഗ് നടത്തിയത്. അങ്ങനെയാണ് അദ്ദേഹം 'റാംബോ 3'യില്‍ സില്‍വര്‍സ്‌റ്റെര്‍ സ്റ്റാലോണിനെ മേക്കപ്പ് ചെയ്തത്.

"ഞാന്‍ സ്റ്റുഡിയോയുടെ പുറത്ത് ജോലി ചെയ്യുകയായിരുന്നു. സ്റ്റാലോണിന്റെ മുഖത്തെ എല്ലാ കുരുക്കളും ഉണ്ടാക്കിയത് ഞാനാണ്. അന്ന് ഞാന്‍ മേക്കപ്പ് പഠിക്കുകയായിരുന്നു. ഒന്നര മാസത്തോളം ഞാന്‍ അവടെ പ്രൊസ്‌തെറ്റിക് മേക്കപ്പ് പഠിച്ചു. അന്ന് അത് ആരും പഠിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ കല പഠിക്കണമെന്ന് തോന്നി. ആരും എന്നെ തിരിച്ചറിയാത്തതിനാല്‍ ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. ഞാന്‍ തെരുവുകളിലൂടെ സ്വതന്ത്രമായി നടന്നിരുന്നു", എന്നാണ് തന്റെ അനുഭവത്തെ കുറിച്ച് കമല്‍ ഹാസന്‍ ദ കപില്‍ ഷര്‍മ ഷോയില്‍ പറഞ്ഞത്.

ലൈംലൈറ്റിന് വേണ്ടിയല്ല കമല്‍ ഹാസന്‍ ആ കല പഠിക്കാന്‍ പോയത്. ആ കല പഠിക്കാന്‍ വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവം പിന്നീട് ഇന്ത്യന്‍ സിനിമയിലും കമല്‍ ഹാസന്‍ ഉപയോഗിച്ചു. ഇന്ത്യന്‍, അവ്വൈ ഷണ്‍മുഗി, ദശാവതാരം എന്നീ സിനിമകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ കഴിവ് ഉപയോഗിച്ചത്.

മൈക്കിള്‍ വെസ്റ്റ്‌മോറിനൊപ്പം 'സ്റ്റാര്‍ ട്രെക് : ഫസ്റ്റ് കോണ്‍ട്രാക്റ്റി'ലും കമല്‍ ഹാസന്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന് മികച്ച മേക്കപ്പിനുള്ള അക്കാദമി പുരസ്‌കാരത്തിന് നോമിനേഷനും ലഭിച്ചിരുന്നു. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കമല്‍ ഹാസന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടായി. കാരണം സിനിമകളില്‍ തന്റെ രൂപം മാറ്റുന്നതില്‍ അദ്ദേഹം പ്രശസ്തനായി മാറി. പലപ്പോഴും ഒന്നിലധികം കഥാപാത്രങ്ങളായി മാറാന്‍ അദ്ദേഹം പ്രൊസ്‌തെറ്റിക് മേക്കപ്പ് ഉപയോഗിച്ചു. ഹോളിവുഡില്‍ നിന്നും അദ്ദേഹം പഠിച്ച കാര്യങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സിനിമയില്‍ സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് മേക്കപ്പിന്റെ വിപ്ലവകരമായ ഉപയോഗം പ്രധാനമായും ഉണ്ടായി വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com